ADVERTISEMENT

പയ്യന്നൂർ ∙ മലയാളത്തിന്റെ കഥാകാരൻ ടി.പത്മനാഭനു മുന്നിൽ 93 മൺചെരാതുകളിൽ ദീപം തെളിയിച്ചു മലയാളനാട് പിറന്നാൾ ആശംസ നേർന്നു. മുന്നിലെത്തിയ വായനക്കാരെയും ആരാധകരെയും സാഹിത്യപ്രതിഭകളെയും നർമഭാഷണത്തിലൂടെ മധുരം നൽകി പത്മനാഭൻ നന്ദി അറിയിച്ചു. പതിവു പോലെ മലയോര ഗ്രാമത്തിലെ പോത്താങ്കണ്ടം ആനന്ദഭവനത്തിലാണ് ടി.പത്മനാഭന്റെ 93ാം ജന്മദിന ആഘോഷം നടന്നത്.

സ്വാമി കൃഷ്ണാനന്ദ ഭാരതി ആതിഥ്യമരുളിയ ആഘോഷപരിപാടിക്കെത്തിയ കഥാകാരനെ ഗജവീരന്റെ അകമ്പടിയോടെയാണു സ്വീകരിച്ചത്.ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച ചെണ്ടമേളവും ടി.എം.പ്രേംനാഥിന്റെ മയൂര നൃത്തവും കുറിച്ചി നടേശനും സംഘവും അവതരിപ്പിച്ച അർജുന നൃത്തവും വരവേൽപിനു മാറ്റു കൂട്ടി.

ജീവിച്ചിരിക്കുന്ന കാലത്തോളം സത്യസന്ധത പാലിക്കുമെന്നും ജന്മദിനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതിക്കും സമൂഹത്തിനും നൽകുന്ന ഉറപ്പാണിതെന്നും ടി.പത്മനാഭൻ പറഞ്ഞു.സത്യത്തിനു ചിറകുകൾ നൽകുന്ന കഥകളാണു ടി.പത്മനാഭന്റേതെന്നും മനുഷ്യനോടും പ്രകൃതിയോടുമുള്ള സ്നേഹത്തിന്റെ അന്തർധാരയാണ് അദ്ദേഹത്തിന്റെ എല്ലാ കഥകളുമന്നും ചീഫ് സെക്രട്ടറി വി.പി.ജോയ് പറഞ്ഞു.

അദ്ദേഹത്തിന്റെ ഓരോ വാക്കിലുമുള്ള പ്രസക്തി പത്മനാഭന്റെ കഥകളെ നോവലിനേക്കാൾ മാധുര്യമുള്ളതാക്കുന്നുവെന്ന് സംവിധായകൻ ഷാജി എൻ.കരുൺ പറഞ്ഞു. ടി.പത്മനാഭൻ തന്റെ തിരുത്തൽഗുരു ആണെന്നു മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.സാംസ്കാരിക സമ്മേളനത്തിൽ ചീഫ് സെക്രട്ടറി വി.പി.ജോയ്, സംവിധായകൻ ഷാജി എൻ.കരുൺ, കുമ്മനം രാജശേഖരൻ, നാരായണൻ കാവുമ്പായി, ബി.ചന്ദ്രബാബു, സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

നടൻ കമൽഹാസൻ വിഡിയോയിലൂടെ പിറന്നാൾ ആശംസയറിയിച്ചു. ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ദൂതൻ വഴി പിറന്നാൾ കേക്ക് സമ്മാനിച്ചു. ഷഷ്ഠിപൂർത്തിയിലെത്തിയ പോത്താങ്കണ്ടത്തെ കെ.യശോദയെ ചടങ്ങിൽ ആദരിച്ചു. ടി.പത്മനാഭന്റെ വിഖ്യാതമായ കഥ ‘ഗൗരി’ എം.ആർ.പയ്യട്ടം കഥാപ്രസംഗമാക്കി അവതരിപ്പിച്ചു. നളചരിതം രണ്ടാം ദിവസം കഥകളിയും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com