കണ്ണൂർ ∙ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്നു വീണ്ടും പരാതി. ഇന്നലെ വൈകിട്ട് പഴയ ബസ് സ്റ്റാൻഡിൽ ബസ് കയറാനെത്തിയ വിദ്യാർഥികളെ ബസിൽ കയറ്റാൻ ജീവനക്കാർ തയാറായില്ലെന്നാണു വിദ്യാർഥികളുടെ പരാതി. ഇതേ തുടർന്ന് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് ടൗൺ പൊലീസ് എത്തി ബസ് ജീവനക്കാരെ താക്കീത് ചെയ്തു.
ബസിൽ കയറ്റുന്നതിനെ ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉടലെടുത്തതോടെ കഴിഞ്ഞ മാസം എസിപിയുടെ നേതൃത്വത്തിൽ അനുരജ്ഞന യോഗം ചേർന്നിരുന്നു. വിദ്യാർഥികളെ ബസിൽ കയറ്റാത്ത ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചതുമാണ്. ഇതിനിടെയാണ് ഇന്നലെ വീണ്ടും വിദ്യാർഥി– ബസ് ജീവനക്കാർ തമ്മിൽ തർക്കം നടന്നത്.