കണ്ണൂർ∙ തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ച് മാറ്റേണ്ടി വന്ന 17കാരൻ തലശ്ശേരി ചേറ്റംകുന്ന് ‘നസ’ ക്വാർട്ടേഴ്സിൽ സുൽത്താൻ ബിൻ സിദ്ദീഖിനു നീതി ലഭിക്കുന്നില്ലെന്നു കുടുംബം. മുഖ്യമന്ത്രി, സ്പീക്കർ, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, കലക്ടർ, ഡിഎംഒ എന്നിവർക്ക് പരാതി നൽകി ഒന്നര മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നു കുട്ടിയുടെ പിതാവ് അബൂബക്കർ സിദ്ദീഖും ബന്ധുക്കളായ സാജിദ് കോമത്ത്, എ.പി.അജ്മൽ എന്നിവരും പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 30നു ഫുട്ബോൾ കളിക്കിടെ വീണാണ് സുൽത്താൻ ബിൻ സിദ്ദിഖിന്റെ കൈക്ക് പരുക്ക് പറ്റിയത്. തുടർന്ന് തലശ്ശേരി ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അസ്ഥിരോഗ വിഭാഗം ഡോക്ടർ ബിജു മോൻ ആണ് ചികിത്സ നൽകിയത്. പിറ്റേ ദിവസം കുട്ടിയുടെ കയ്യിൽ ശസ്ത്രക്രിയ ചെയ്തു. 12 ദിവസം കുട്ടിയെ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകി. വേദന കൂടിയതോടെ നവംബർ 12ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി നടത്തിയ പരിശോധനയിൽ പഴുപ്പ് ബാധിച്ചതിനാൽ കൈ മുട്ടിനു താഴെ മുറിച്ച് മാറ്റണമെന്ന് നിർദേശിച്ചു.
തുടർന്ന് കോഴിക്കോട്– കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനയിലും കൈ മുറിച്ച് മാറ്റണമെന്ന് നിർദേശിച്ചു. ഇതേ തുടർന്ന് 14ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കൈ മുറിച്ച് നീക്കി. കൈ മുറിച്ച് നീക്കാനായി ഒന്നര ലക്ഷത്തോളം രൂപ ചെലവായി. കുട്ടിക്ക് നീതി കിട്ടണമെന്നും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അബൂബക്കർ സിദ്ദിഖ് ആവശ്യപ്പെട്ടു.