കണ്ണൂർ∙നഗരത്തിന് സമീപം പാറക്കണ്ടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീട് കത്തിനശിച്ച സംഭവത്തിലെ പ്രതി പാറക്കണ്ടി സ്വദേശി സതീഷ്(63) നെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാറക്കണ്ടി കൊയ്യാങ്കണ്ടി ശ്യാമളയുടെ വീടിന് തീ പിടിച്ചത്.
വീട് മുഴുവൻ കത്തി നശിച്ചിരുന്നു. ശ്യാമള വീട്ടുപറമ്പിൽ കാർഡ്ബോർഡ് അടക്കമുള്ള അവശിഷ്ടങ്ങൾ കൂട്ടിയിടുന്നതിൽ പ്രതിഷേധിച്ച് മാലിന്യത്തിന് തീയിട്ടതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു. വീട് കത്തി നശിച്ച സംഭവത്തിന് ശേഷം സമീപത്തെ സിസിടിവി ദൃശ്യത്തിൽ ചൂട്ടും കത്തിച്ച് നിൽക്കുന്ന ഒരാളുടെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.