ADVERTISEMENT

കണ്ണൂർ∙ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച പൂച്ച കുത്തിവയ്പിനുള്ള സൂചിയുമായെത്തിയെ ഡോക്ടർമാരെ കണ്ട് ഭയന്ന് കിണറ്റിൽ ചാടി. പൂച്ചയെ മൃഗസ്നേഹി സംഘടനാപ്രവർത്തകരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി.ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് ഒണ്ടേൻ റോഡിലുള്ള അബ്ദുല്ല ഹസൻ തന്റെ നാലുവയസ്സുകാരിയായ സുന്ദരിയെന്ന നാടൻ പൂച്ചയെയുംകൊണ്ട് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിയത്.

മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ പൂച്ചയ്ക്ക് ആവശ്യമായ ചികിത്സ നൽകാനായാണ് ആശുപത്രിയിലെത്തിച്ചത്. ആന്റിബയോട്ടിക് മരുന്നുകളടങ്ങിയ ചികിത്സ ആവശ്യമായതിനാൽ കുത്തിവയ്പെടുക്കാനായി ഡോക്ടർമാരെത്തി. എന്നാൽ സിറിഞ്ചുമായെത്തിയ ഡോക്ടർമാരെ കണ്ടതോടെ പൂച്ച ഭയന്നു. പുറത്തേക്കോടിയ പൂച്ച മൃഗസംരക്ഷണ കേന്ദ്രത്തിന്റെ തന്നെ കിണറ്റിലേക്കു ചാടി.

തൊട്ടിയും കയറുമൊക്കെ കിണറ്റിലേക്ക് ഇറക്കിക്കൊടുത്തെങ്കിലും സുന്ദരി കയറിവരാൻ തയാറായില്ല. തുടർന്നാണ് ആശുപത്രി അധികൃതർ മൃഗസ്നേഹികളുടെ സംഘടനയായ മാർക്കിനെ വിവരമറിയിച്ചത്. മൃഗസ്നേഹിയായ രഞ്ജിത്തിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പൂച്ചയെ കരയ്ക്കെത്തിച്ചു. വീഴ്ചയിലെ പരുക്കുകൾക്കൊപ്പം മൂന്നു മണിക്കൂർ തുടർച്ചയായി നീന്തേണ്ടിവന്നതും സുന്ദരിയെ അവശയാക്കിയിരുന്നു.

ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ജയമോഹൻ, സീനിയർ വെറ്ററിനറി സർജൻ ഡോ.പി.കെ.ജയമോഹൻ, ഡോ.ശീതൾ ഡൊമിനിക്, ഡോ.നിഥിന, ഡോ.ഷെറിൻ സാരംഗ് എന്നിവരുടെ സംഘം സുന്ദരിക്കു വിദഗ്ധ ചികിത്സ നൽകി. ആന്റിബയോട്ടിക് മരുന്നുകൾ നൽകിയതോടെ സുന്ദരി ഭക്ഷണവും കഴിച്ചു തുടങ്ങി. വീഴ്ചയിലെ ക്ഷതം മാറാൻ ദിവസങ്ങളോളം തുടർചികിത്സ വേണ്ടിവരുമെന്ന് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.അജിത് ബാബു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com