ADVERTISEMENT

മീശക്കവല∙ ആറളത്തും പരിസര പ്രദേശങ്ങളിലും കണ്ട കടുവയെ തന്നെയാണ് വയനാട്ടിൽ പിടി കൂടിയത് എന്ന മട്ടിലുള്ള ന്യായങ്ങൾ പറഞ്ഞ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കരുത് എന്ന് വനം വകുപ്പിന് മീശക്കവലയിലെ നാട്ടുകാരുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാവിലെ റബർ ടാപ്പിങ്ങിന് ഇടയിൽ പുലിയെ കണ്ടതിനെ തുടർന്നതായി വാർത്ത പരന്നതോടെ അന്വേഷണത്തിന് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ പുലിയുടെ സാന്നിധ്യത്തെ ചൊല്ലി തർക്കം ഉണ്ടായി. ഇതിനെ തുടർന്നാണ് നാട്ടുകാർ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

കേളകം പഞ്ചായത്തിൽ പൊയ്യമലയ്ക്ക് സമീപം മീശക്കവലയിലെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിന് ഇടയിലാണ് പ്രദേശവാസികളായ ചളുക്കാട്ട് തോമസും തോട്ടുപുറത്ത് സോമനും മരച്ചില്ലയിൽ ഇരിക്കുന്ന നിലയിൽ പുലിയെ കണ്ടത്. ടാപ്പിങ് ലൈറ്റിന്റെ വെളിച്ചത്തിൽ പുലിയെ കണ്ടതിനാൽ ഇരുവരും ഓടി രക്ഷപെട്ടു. ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തോട്ടങ്ങളിൽ തിരച്ചിൽ നടത്തി. എന്നാൽ പ്രദേശത്ത് പുലിയുടെയോ മറ്റ് വന്യമൃഗങ്ങളുടെയോ കാൽപ്പാടുകൾ കണ്ടെത്തിയില്ല.

പുലി സ്ഥലം വിട്ടിരിക്കാം എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരോട് പറഞ്ഞതാണ് തർക്കത്തിന് കാരണമായത്. മൂന്ന് ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ പ്രദേശത്ത് നിരീക്ഷണം നടത്താമെന്നും വന്യമൃഗങ്ങളെ തുരത്താൻ പടക്കം പൊട്ടിക്കാമെന്നും നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. മുക്കാൽ നൂറ്റാണ്ടിൽ അധികമായി ജനവാസമുള്ള പ്രദേശത്തെ ഇത് ആദ്യമായാണ് പുലിയെ കണ്ടെത്തുന്നത്. പുലിയെ ഭയന്ന് നേരം വെളുത്ത ശേഷമാണ് ജോലിക്കും മറ്റും നാട്ടുകാർ പുറത്തിറങ്ങിയത്.

കേളകം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പലപ്പോഴായി പുലിയെയും കടുവയെയും മുൻപും കണ്ടെത്തിയിട്ടുണ്ട് എങ്കിലും മലയോര ഹൈവേയുടെ പരിസരങ്ങളിലും ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിലും ഇവയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചിക്ക് സമീപം കടുവയുടേത് എന്ന് സംശയിക്കുന്ന മുരൾച്ച കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇപ്പോൾ പുലി, കടുവ,

ചെന്നായ തുടങ്ങിയ വന്യമൃഗങ്ങളെ കണ്ടെത്തുന്നത് പതിവായിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് കൊട്ടിയൂർ വെസ്റ്റ് വന വിഭാഗത്തിന് സമീപം കേളകം പഞ്ചായത്തിലെ മാങ്കുളത്തും കണ്ണവം വന വിഭാഗത്തിൽ ഉൾപ്പെടുന്ന നെടുംപൊയിൽ മാനന്തവാടി റോഡിന് സമീപവും പുലികളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കരിയംകാപ്പ്, രാമച്ചി, ശാന്തിഗിരി മേഖലകളിൽ കടുവയുടെ സാന്നിധ്യം പല തവണ കണ്ടെത്തിയിട്ടുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com