ADVERTISEMENT

ചെറുപുഴ∙ മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം പടർന്നു പിടിക്കുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരാതിയുയർന്നു. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലാണു ചർമമുഴ രോഗം പടർന്നു പിടിക്കുന്നത്.കാലിതീറ്റയുടെയും മറ്റും വില വർധന മൂലം ദുരിതത്തിലായ ക്ഷീര കർഷകർക്ക് രോഗം പടർന്നു പിടിക്കാൻ തുടങ്ങിയത് ഇരുട്ടടിയായി മാറി.

മീന്തുള്ളിയിലെ കല്ലറക്കൽ ജേക്കബ്, വളയത്ത് പ്രസാദ്, പട്ടത്തുവയലിലെ ഗിരീഷ് പി.നായർ എന്നിവരുടെ പശുക്കൾക്കാണു രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ കല്ലറക്കൽ ജേക്കബിന്റെ 17 മാസം വരുന്ന പശുക്കിടാവ് കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്നു ചാകുകയും  ചെയ്തു. ഗിരീഷിന്റെ കറവപശു  ഗുരുതരാവസ്ഥയിലുമാണ്.

എന്നിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തു നിന്നു കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു ക്ഷീരകർഷകർ പറയുന്നത്. പശുക്കളുടെ ശരീരം മുഴുവൻ മുഴ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ഇവ വ്രണമായി മാറുകയുമാണു ചെയ്യുന്നത്.വ്രണം രൂപപ്പെട്ടു കഴിഞ്ഞാൽ ഡെറ്റോൾ ഉപയോഗിച്ചു വൃത്തിയാക്കി ഹോമിയോ മരുന്ന് നൽകുകയാണു കർഷകർ ചെയ്യുന്നത്.

ഹോമിയോ മരുന്ന് നൽകിയാൽ രോഗം ഭേദമാകുന്നുണ്ടെന്നു ക്ഷീരകർഷകർ പറയുന്നു. മൃഗസംരക്ഷണവകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവയ്പുമൂലം പശുക്കളിൽ രോഗം പടരുന്നത് തടയാൻ സാധിക്കുന്നുണ്ട്. എന്നാൽ രോഗം പിടിപ്പെട്ടു കഴിഞ്ഞാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്.

തൊഴുത്തിലെ ഒരു പശുവിനു രോഗം ബാധിച്ചാൽ മറ്റു പശുക്കളിലക്കും രോഗം പടരും. വായുവിലൂടെയാണു രോഗ ബാധയുണ്ടാകുന്നത്ഇക്കാര്യം ഒട്ടുമിക്ക ക്ഷീര കർഷകർക്ക് അറിയില്ല. കർഷകരെ ബോധവൽക്കരിക്കാനോ പ്രതിരോധ കുത്തിവയ്പ് നടത്താനോ അധികൃതർ തയാറാകാത്തതും രോഗം വ്യാപിക്കാൻ കാരണമാകുന്നു.

രോഗം പിടിപ്പെടുന്നതോടെ പശുക്കൾ തീറ്റ എടുക്കാതെയാകും. ഇതോടെ പാൽ ഉൽപാദനം കുറയും. കണ്ണും മൂക്കും ചുവന്നിരിക്കും. ദിവസങ്ങൾക്കുള്ളിൽ പശുക്കൾ തീരെ അവശയായി മാറും. ഇത് പലരുടെയും ജീവിത മാർഗമാണ് ഇല്ലാതാക്കുന്നത്. കുത്തിവയ്പിനുള്ള മരുന്ന് കർഷകർ തന്നെ പണം നൽകി വാങ്ങണം.

എന്നാൽ മാത്രമേ കുത്തിവയ്പ് നടത്താനാകൂ. ഇതിനു പുറമെ ഡോക്ടർ വരുന്ന വാഹനത്തിന്റെ വാടകയും കർഷകർ തന്നെ നൽകണമെന്നു ക്ഷീരകർഷകനായ ഗിരീഷ് പി.നായർ പറയുന്നു. മരുന്ന് സ്റ്റോക്കില്ലാത്തതിനാലാണു വില കൊടുത്തു വാങ്ങേണ്ടിവരുന്നത്. 2വർഷം മുൻപ് ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ്, കോക്കടവ്, തിരുമേനി ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിരുന്നു.

അന്നും ആദ്യം നിസ്സംഗതയാണു അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.തുടർന്നു രോഗം പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്. തുടർന്നു പ്രദേശത്തെ മുഴുവൻ പശുക്കൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തിയാണു രോഗബാധ നിയന്ത്രിച്ചത്. പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തണമെന്നും രോഗബാധ മൂലം സാമ്പത്തിക നഷ്ടം ഉണ്ടായ കർഷകർക്ക് ധനസഹായം അനുവദിക്കണമെന്നുമാണു ക്ഷീരകർഷരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com