കണ്ണൂർ∙ ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കർ പറഞ്ഞതു പോലെ രാജ്യത്തിന്റെ ചാലക ശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്കു കഴിയുന്നതായി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജാതിയിലും മതത്തിലും ദേശത്തിലും പെട്ട ആളുകൾ ഒന്നാണെന്ന സന്ദേശത്തിലൂടെയാണു രാജ്യം കടന്നു പോവുന്നത്. അതിനു വിരുദ്ധമായ സമീപനം സ്വീകരിച്ചാൽ രാജ്യത്തിന്റെ മതനിരപേക്ഷതയും സൗഹാർദവുമെല്ലാം നഷ്ടപ്പെടുമെന്ന തിരിച്ചറിവ് ഉണ്ടാകേണ്ട സമയമാണിത്. അല്ലെങ്കിൽ നമ്മുടെ രാജ്യം വലിയ അപകടത്തിലേക്കു പോകുമെന്നും മന്ത്രി പറഞ്ഞു. വിവിധ സേനാ വിഭാഗങ്ങൾ, വിദ്യാർഥി കെഡറ്റുകൾ എന്നിവരുടെ പരേഡ് മന്ത്രി പരിശോധിച്ചു.
വിശിഷ്ടാതിഥികളായി പങ്കെടുത്ത പത്മശ്രീ ജേതാക്കളായ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പയ്യന്നൂരിലെ വി.പി. അപ്പുക്കുട്ട പൊതുവാൾ, കളരിപ്പയറ്റ് ആചാര്യൻ കണ്ണൂർ ചിറക്കലിലെ എസ്.ആർ.ഡി.പ്രസാദ് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കും മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥർക്കും മന്ത്രി ഉപഹാരം നൽകി.
കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ പങ്കെടുത്തു.ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലത, സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
സെറിമോണിയൽ പരേഡിൽ ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കമാൻഡറായി.കെഎപി നാലാം ബറ്റാലിയൻ, സിറ്റി പൊലീസ്, റൂറൽ പൊലീസ്, വനിതാ പൊലീസ് പ്ലാറ്റൂണുകൾ, ജയിൽ, എക്സൈസ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ് ക്രോസ് ഉൾപ്പെടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.
കണ്ണൂർ ഡിഎസ്‌സി സെന്റർ ബാൻഡ് ട്രൂപ്പിനൊപ്പം സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ, കടമ്പൂർ എച്ച്എസ് എസ് വിദ്യാർഥികളും ക്യാപ്സ് സ്പെഷൽ സ്കൂൾ, മട്ടന്നൂർ കുടുംബശ്രീ ബഡ്‌സ് സ്കൂൾ ഭിന്നശേഷി വിദ്യാർഥികളും ബാൻഡ് മേളം അവതരിപ്പിച്ചു. നിശ്ചല ദൃശ്യങ്ങളും അവതരിപ്പിക്കപ്പെട്ടു.