കണ്ണൂർ∙ അണ്ടർ 17 ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം ക്യാംപിലേക്ക് കണ്ണൂർ സ്‌പോർട്‌സ് സ്കൂളിലെ 4 പേർ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ എസ്ആർഎംസി ക്യാംപസിലാണു ക്യാംപ്.യുവേഫ അണ്ടർ 17 ചാംപ്യൻഷിപ്പിലേക്ക് എഎഫ്സിയുടെ ഏഷ്യൻ യോഗ്യതാ മത്സരത്തിലേക്കുള്ള ക്യാംപിലേക്കാണു തിരഞ്ഞടുത്ത്.
കായിക വകുപ്പിന് കീഴിൽ കഴിഞ്ഞ വർഷം ആരംഭിച്ച വനിതാ ഫുട്‌ബോൾ അക്കാദമിയിലാണ് ഇവർ പരിശീലിക്കുന്നത്.പ്ലസ് വൺ വിദ്യാർഥി ആര്യ അനിൽകുമാർ, 10ാം ക്ലാസ് വിദ്യാർഥികളായ ഷിൽജി ഷാജി, ആർ.അഖില, 9ാം ക്ലാസ് വിദ്യാർഥി ബി.എൽ.അഖില, എന്നിവരാണ് ഈ മിടുക്കികൾ.

പ്രിയയ്ക്ക് ഏറെ പ്രിയങ്കരം ഈ നേട്ടം
കണ്ണൂർ∙ അണ്ടർ 17 ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകയാകുന്ന ആദ്യ മലയാളി വനിതയാണ് പി.വി.പ്രിയ. യുവേഫ അണ്ടർ 17 ചാംപ്യൻഷിപ്പിലേക്കുള്ള എഎഫ്സിയുടെ ഏഷ്യൻ യോഗ്യതാ മത്സരത്തിലേക്കുള്ള ഇന്ത്യൻ ടീമിനെയാണ് ഈ പഴയങ്ങാടി സ്വദേശി പരിശീലിപ്പിക്കുക.
കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന ഏഷ്യൻ കപ്പിൽ ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിന്റെ സഹ പരിശീലകയായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം ഗോകുലം എഫ്സിയിലൂടെ കേരളത്തിൽ എത്തിച്ച പരിശീലക കൂടിയാണ്. 2010 മുതൽ 2016 വരെ
അണ്ടർ 14 ടീമിനെ പരിശീലിപ്പിച്ചു. 2015ൽ ജൂനിയർ ടീമിന്റെ മുഖ്യ പരിശീലകയായി. 2012ലും 13ലും ഇന്ത്യയെ എഎഫ്സിയുടെ സൗത്ത് സെൻട്രൽ ചാംപ്യൻമാരാക്കി. കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളുടേയും കേരള സീനിയർ ടീമിന്റേയും പരിശീലക കൂടിയായിരുന്നു ഈ മുൻ കേരള ടീം നായിക.