ചെറുപുഴ ∙ ഷോക്കേറ്റു ഗുരുതരമായി പരുക്കേറ്റ വെള്ളിമൂങ്ങയ്ക്കു പാൽ സൊസൈറ്റി ജീവനക്കാരൻ രക്ഷകനായി. കഴിഞ്ഞ ദിവസം രാവിലെ പാൽ വാങ്ങാൻ എത്തിയ ആൾ ആണ് ചെറുപുഴ ടൗണിനു സമീപം ഷോക്കേറ്റു നിലത്തുവീണ വെള്ളിമൂങ്ങയെ തെരുവുനായ്ക്കൾ ആക്രമിക്കുന്നതു കണ്ടത്. തുടർന്നു ഇയാൾ വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി പാൽ സൊസൈറ്റി ജീവനക്കാരനായ കോലുവള്ളിയിലെ വി.വി.പുരുഷോത്തമനു കൈമാറി.
അവശനിലയിലായിരുന്ന വെള്ളിമൂങ്ങയെ പുരുഷോത്തമൻ ഉടൻ തന്നെ ചെറുപുഴ മൃഗാശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ചിറക് ഒടിയുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേൽക്കുകയും ചെയ്തതിനാൽ വെള്ളിമൂങ്ങയ്ക്കു പറന്നു പോകാൻ ബുദ്ധിമുട്ടാണെന്നു വെറ്റനറി സർജൻ ജീവൻ ചെറിയാൻ പറഞ്ഞു.
തുടർന്നു പുരുഷോത്താൻ വിവരം അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളിമൂങ്ങയെ കൊണ്ടുപോയി. പരുക്ക് ഭേദമായാൽ ഉടൻ വെള്ളിമൂങ്ങയെ വിട്ടയ്ക്കുമെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു.