ജോർജ് വടകര: നല്ല ഹൃദയങ്ങളുടെ അമരക്കാരൻ

  മദർ തെരേസ 1994ൽ കണ്ണൂരിൽ എത്തിയപ്പോൾ പരിപാടിയുടെ മുഖ്യസംഘാടകനായ ജോർജ് വടകര സമീപം. (ജോർജ് വടകരയുടെ ശേഖരത്തിലുള്ള ഫയൽ ഫോട്ടോ).
മദർ തെരേസ 1994ൽ കണ്ണൂരിൽ എത്തിയപ്പോൾ പരിപാടിയുടെ മുഖ്യസംഘാടകനായ ജോർജ് വടകര സമീപം. (ജോർജ് വടകരയുടെ ശേഖരത്തിലുള്ള ഫയൽ ഫോട്ടോ).
SHARE

തളിപ്പറമ്പ് ∙ നല്ല ഹൃദയങ്ങളുടെ കൂട്ടായ്മയുടെ അമരക്കാരൻ ഇനി ഓർമയിൽ. നല്ല ഹൃദയമുള്ളവരുടെ കൂട്ടായ്മ എന്നറിയപ്പെടുന്ന ഹാർട്ട് ലിങ്സിന്റെ ഇന്നലെ അന്തരിച്ച തലശ്ശേരി അതിരൂപതാ കോ ഓർഡിനേറ്ററായ ജോർജ് വടകര സഹായവും കാരുണ്യവും ആവശ്യമുള്ളവർക്കൊപ്പമായിരുന്നു എന്നും പ്രവർത്തിച്ചിരുന്നത്. കേരള കോൺഗ്രസിന്റെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന ചെമ്പൻതൊട്ടി സ്വദേശിയായിരുന്ന ജോർജ് വടകരയുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത് എല്ലാ മേഖലകളിലും നിറഞ്ഞു നിന്ന പൊതുപ്രവർത്തകനെയും മികച്ച വാഗ്മിയെയുമാണ്. 

3 വർഷമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നതിനൊപ്പമാണ് അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായത്. 1994 ജനുവരിയിൽ മദർ തെരേസ കണ്ണൂരിൽ വന്നപ്പോൾ കെസിവൈഎം നേതാവ് എന്ന നിലയിൽ പരിപാടിയുടെ മുഖ്യസംഘാടകനായി മദറിനൊപ്പമുള്ള ജോർജ് വടകരയുടെ സാന്നിധ്യത്തിലൂടെയാണ് ജില്ലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. തന്റെ കുടുംബപേരായ വടകര എന്ന പേരിൽ തന്നെ അറിയപ്പെട്ടിരുന്ന അദ്ദേഹം തളിപ്പറമ്പിലെ പൊതുപരിപാടികളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത സാന്നിധ്യവുമായിരുന്നു.

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ കീഴിലുള്ള ഹാർട്ട് ലിങ്സ് രൂപത കോ ഓർഡിനേറ്റർ എന്ന നിലയിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ പേർക്കാണു സഹായങ്ങൾ ലഭിച്ചത്. ഒരു വർഷത്തിനുള്ളിൽ 18 നഴ്സിങ് വിദ്യാർഥികൾക്ക് സ്പോൺസർമാരെ കണ്ടെത്തി 54 ലക്ഷം രൂപ വിദ്യാഭ്യാസത്തിനു നൽകാനും രോഗികൾക്കു ചികിത്സാച്ചെലവിനായി 15 ലക്ഷം രൂപയും 4 പേർക്കു വീടുകൾ നിർമിച്ച് നൽകാനായി 45 ലക്ഷം രൂപ നൽകാനും ജോർജ് വടകരയുടെ നേതൃത്വത്തിൽ സാധിച്ചിരുന്നു.

റിട്ട ജസ്റ്റിസ് കുര്യൻ ജോസഫിന്റെ സഹകരണത്തോടെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിനികേതൻ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കിയിരുന്നത്. 5 വർഷം കൊണ്ട് 1000 നിർധന വിദ്യാർഥികൾക്ക് സഹായം നൽകാനും 5000 അംഗങ്ങളുള്ള ഒരു കൂട്ടായ്മ രൂപീകരിച്ച് ആവശ്യമുള്ളവർക്കെല്ലാം സഹായം എത്തിക്കണമെന്നും ജോർജ് ആഗ്രഹിച്ചിരുന്നു. മരിക്കുന്നതിന് തലേ ദിവസവും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹപ്രവർത്തകരുമായി ചർച്ച നടത്തിയിരുന്നു.

തളിപ്പറമ്പിൽ യുഡിഎഫിന്റെ പ്രമുഖ നേതാവായ ജോർജ് വടകര താൻ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന റബ്മാർക്സിന്റെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിലുമായിരുന്നു. കണ്ണൂരിൽ കെ.എം.മാണിയുടെ വലംകൈയായി പ്രവർത്തിച്ചിരുന്ന ജോർജ് പിന്നീട് ജേക്കബ് വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ വച്ച് കുഴഞ്ഞ് വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS