ADVERTISEMENT

വെണ്ടേക്കുംചാൽ ∙ പ്രദേശത്തു പുലിയെ കണ്ടതായി നാട്ടുകാർ പറയുമ്പോഴും പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ വനംവകുപ്പ്. കേളകം പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉൾപ്പെട്ട വെണ്ടേക്കുംചാലിൽ ഞായറാഴ്ച രാത്രി കണ്ട വന്യമൃഗത്തെച്ചൊല്ലി നാട്ടുകാരും വനംവകുപ്പും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്.

അനു ജോബിൻ എന്ന വീട്ടമ്മയാണ് വീട്ടുമുറ്റത്തോടു ചേർന്ന റോഡിൽ പുലിയെ കണ്ടതായി അവകാശപ്പെട്ടത്. നായ്ക്കൾക്കു ഭക്ഷണം കൊടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ശരീരത്തിൽ പുള്ളികളുള്ള വലിയ വന്യമൃഗത്തെ കണ്ടത്. നായ്ക്കൾ നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. തിണ്ണയിൽ നിന്നിരുന്ന കുട്ടികളും ജീവിയെ കണ്ടു. വിവരമറിഞ്ഞ് തിരച്ചിൽ നടത്തിയ നാട്ടുകാരും തൊട്ടടുത്ത് തോട്ടത്തിൽ പുലിയെ നേരിൽകണ്ടു. പുലി അതിവേഗം ഓടിപ്പോയതു കണ്ടതായും നാട്ടുകാർ പറയുന്നു. സ്ഥലത്തെത്തിയ വനപാലകർ നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകി. മൈക്ക് അനൗൺസ്മെന്റും നടത്തി.

ഇന്നലെ പ്രദേശത്തെ വിദ്യാർഥികൾ സ്കൂളിൽ പോയിട്ടില്ല. റബർ തോട്ടങ്ങളിൽ ടാപ്പിങ്ങും നടന്നില്ല. വനപാലകർ രാത്രിയിലും ഇന്നലെ പകലും തിരച്ചിൽ തുടർന്നെങ്കിലും പുലിയെ കണ്ടെത്തിയില്ല. പുലി തന്നെയാണ് പ്രദേശത്തുള്ളതെന്നുറപ്പിക്കാൻ സമീപത്തുള്ള നീർച്ചാലിനോട് ചേർന്ന് ക്യാമറ സ്ഥാപിച്ചു.

8 ദിവസം മുൻപ് ഈ സ്ഥലത്തിന് സമീപമുള്ള മീശക്കവലയിലെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്തിയിരുന്ന കർഷകരും തൊഴിലാളികളും മരച്ചില്ലയിൽ ഇരിക്കുന്ന പുലിയെ കണ്ടിരുന്നു. എന്നാൽ, വനപാലകർ സ്ഥലത്ത് പരിശോധന നടത്തി മടങ്ങിയതല്ലാതെ ആശങ്കയകറ്റാൻ നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വരുമ്പോൾ ക്യാമറ സ്ഥാപിക്കുക മാത്രമാണ് ഇപ്പോൾ വകുപ്പിന്റെ ഭാഗത്തുണ്ടാകുന്ന നടപടി.

 

ജോർജ് പടയിക്കണ്ടത്തിൽ (കർഷകൻ): പുലിയെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് നാട്ടുകാർ സംഘമായി തിരച്ചിൽ നടത്തി. സമീപത്ത് പുൽക്കൃഷി നടത്തിയ സ്ഥലത്ത് വച്ച് ടോർച്ചിന്റെ വെളിച്ചത്തിൽ പുലിയെ കണ്ടു. മുന്നോട്ട് ചെന്നപ്പോൾ റബർ തോട്ടത്തിലേക്ക് മറഞ്ഞു. പുലിയെ പേടിച്ച് റബർ ടാപ്പിങ്ങിന് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.

∙ജോസഫ് കവളക്കാട്ട് ( കർഷകൻ): മുതിർന്ന ഒരാളുടെ മുട്ടിനു മുകളിൽ വരെ ഉയരവും നീണ്ട ശരീരവുമുള്ള പുള്ളിയുള്ള ജീവിയെയാണു കണ്ടത്. തിരച്ചിൽ നടത്തിയവർ സ്ഥലത്തെത്തിയപ്പോൾ റബർ തോട്ടത്തിലെ പ്ലാറ്റ്ഫോമിലൂടെ താഴേക്ക് ചാടി മറഞ്ഞു. ഭയം മൂലം കൃഷിയിടത്തിൽ പോലും ഇറങ്ങുന്നില്ല.

∙ ജോയ് വേളുപുഴ (കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി): പുലിയെയും കടുവയെയും കണ്ടതായി ജനങ്ങൾ അറിയിക്കുമ്പോൾ പ്രശ്നത്തെ നിസ്സാരവൽക്കരിക്കുന്ന നിലപാടാണ് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. നാട്ടിലിറങ്ങിയ പുലിയെ പിടിച്ച് ഡിഎഫ്ഒയുടെ വീട്ടുമുറ്റത്ത് വിട്ട ശേഷം കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട അവസ്ഥയാണുള്ളത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com