ADVERTISEMENT

വെണ്ടേക്കുംചാൽ ∙ നാട്ടിൽ ഇറങ്ങിയ പുലിയെ കണ്ടെത്തിയില്ല. വെണ്ടേക്കുംചാലിലെ നീരുറവയ്ക്കു സമീപം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ഇന്നു പരിശോധിക്കും. ഇന്നലെയും പ്രദേശത്ത് റബർ ടാപ്പിങ് മുടങ്ങി. ചില കർഷകർ നേരും വെളുത്ത ശേഷം മാത്രമാണ് കൃഷിയിടത്തിലേക്കു പണികൾക്കായി പോയത്. 

വിദ്യാർഥികൾ സ്കൂളിൽ പോയിത്തുടങ്ങി. ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്നതിനുള്ള സമയത്തിൽ മാറ്റം വരുത്തി. തിങ്കളാഴ്ച രാത്രി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു നിരീക്ഷണം നടത്തി. പുലിയെ ആകാം നാട്ടുകാർ കണ്ടത് എന്ന് ആദ്യ ദിവസം അംഗീകരിച്ച വനം വകുപ്പ്പിന്നീട് നിലപാട് മാറ്റി.

പുലിയുടെയോ മറ്റ് വന്യമൃഗങ്ങളുടെയോ കാൽപാടുകൾ സമീപ പ്രദേശങ്ങളിൽ കണ്ടെത്താൻ കഴിയാതെ വന്നതാണ് നിലപാട് മാറ്റത്തിനു കാരണമായത്. ക്യാമറയിൽ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ വന്യമൃഗം ഏതാണ് എന്ന് അറിയാം. ദൃശ്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എങ്കിൽ നാട്ടുകാർ കണ്ട വന്യമൃഗം സ്ഥലം വിട്ടു എന്ന നിഗമനത്തിൽ വനം വകുപ്പ് എത്തും.

ഇതാണു പതിവ്. നാട്ടുകാർ പുലിയെ കണ്ടതായി അറിയിച്ചാൽ വനം വകുപ്പ് അക്കാര്യം നിഷേധിക്കുകയാണു ചെയ്യാറുള്ളത്. സമീപകാലത്തായി വനം വകുപ്പിന്റെ ഈ നിലപാട് നാട്ടുകാരുമായുള്ള തർക്കത്തിനു കാരണമാകുന്നുണ്ട്. നാട്ടുകാർ കണ്ട വന്യമൃഗം കാട്ടുപൂച്ചയോ പട്ടിക്കടുവയോ ആണ് എന്നാണു വനം വകുപ്പ് പറയാറ്.

എന്നാൽ പല ഇടങ്ങളിലും പുലിയെ ചത്ത കിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പ് സമീപകാലത്തായി പുലി ഉണ്ടെന്നു സമ്മതിച്ചു തുടങ്ങിയത്. കർഷക സംഘടനകളും രാഷ്ട്രീയ കക്ഷികളും വനം ഉദ്യോഗസ്ഥരുടെ നിലപാടുകൾക്ക് എതിരെ കടുത്ത പ്രതികരണവുമായി വന്നിരുന്നു. 

വെണ്ടേക്കുംചാലിൽ പുലിയെ കണ്ടെത്തിയിട്ടും പിടികൂടാനുള്ള നടപടി സ്വീകരിക്കാത്തതിന് എതിരെ യൂത്ത് കോൺഗ്രസ് രംഗത്ത് വന്നു. ജനങ്ങളുടെ ജീവൻ അപകടത്തിൽ ആയിട്ടും പഞ്ചായത്ത് ഭരണനേതൃത്വം ജനത്തിന് ഒപ്പം നിൽക്കാതെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്തുതിപാഠകരായി എന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

പുലിയെ കണ്ടതായി അറിയിച്ച വീട്ടമ്മയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കുന്നതിനും അനന്തര നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നതിനും പകരം ഉദ്യോഗസ്ഥർ പറയുന്നതിന് അനുസരിച്ച് മാത്രം വിശദീകരണം നൽകാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത് എന്ന്

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോബിൻ പാണ്ടംചേരി, ജനറൽ സെക്രട്ടറി വിപിൻ മാറാട്ടുകുന്നേൽ, മണ്ഡലം പ്രസിഡന്റ് വിമൽ കൊച്ചുപുരയ്ക്കൽ എന്നിവർ ആരോപിച്ചു. നാട്ടിൽ ഇറങ്ങിയ വന്യമൃഗത്തെ കൂട് വച്ച് പിടിച്ച് കാട്ടിലേക്ക് കൊണ്ടുപോകണം എന്നും വീണ്ടും നാട്ടിലേക്ക് വരാതിരിക്കാൻ നടപടി സ്വീകരിക്കണം എന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com