ADVERTISEMENT

കണ്ണൂർ∙ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന അർബൻ നിധി കമ്പനി തട്ടിപ്പ് ലക്ഷ്യം വച്ചു മാത്രം തുടങ്ങിയതാണെന്ന സംശയത്തിൽ പൊലീസ്. രാജ്യത്തെ നിധി ലിമിറ്റഡ് സ്ഥാപനങ്ങൾ പലതും 12 % പലിശ നൽകുന്നുണ്ട്. എന്നാൽ ഇവയെല്ലാം 18 ശതമാനത്തിന് മുകളിൽ പലിശ ഈടാക്കുമെന്ന വ്യവസ്ഥയിൽ മറ്റുള്ളവർക്ക് ലോൺ നൽകിയാണ് ഇതിനുള്ള തുല്യത കണ്ടെത്തുന്നത്. 

എന്നാൽ അർബൻ നിധി ലോൺ നൽകിയത് നിക്ഷേപകരായ കുറച്ചു പേർക്കു മാത്രമാണ്. കൂടാതെ നിക്ഷേപം സ്വീകരിക്കാൻ മണി ചെയിൻ മാതൃകയിൽ സംവിധാനം ഒരുക്കിയതും എനി ടൈം മണി പോലെ സാങ്കേതിക സംരംഭം ഒരുക്കിയതും തട്ടിപ്പ് ലക്ഷ്യമിട്ടതിനു തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

പ്രതികൾ നിക്ഷേപ തുക ഏതൊക്കെ ആവശ്യത്തിനാണു വകമാറ്റിയെതന്ന പൂർണ വിവരം ഇപ്പോഴും ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളിലൊക്കെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിലവിലെ അന്വേഷണ സന്നാഹം മാത്രം മതിയാകില്ല.നിക്ഷേപ തട്ടിപ്പ് കേസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ഉയർന്ന തുകയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട 23 കേസുകളാണ് നിലവിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുള്ളത്. ക്രൈംബ്രാഞ്ചിനായി എസ്പി എം.പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ പി.മധുസൂദനൻ നായരാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർമാരായ ജി.ഗോപകുമാർ, എം.സജിത്ത് എന്നിവരും ടൗൺ, ചക്കരക്കൽ ഇൻസ്പെക്ടർമാരും അന്വേഷണ സംഘത്തിലുണ്ട്.

കേസിന്റെ വിവരങ്ങൾ ആധികാരികമാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ ടൗൺ പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ അർബൻ നിധിയുടെ സഹ സ്ഥാപനം എനി ടൈം മണിയുടെ ഡയറക്ടർ ആന്റണി സണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള        നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.

കേസ് പൂർണമായും ക്രൈംബ്രാഞ്ച്അന്വേഷിക്കണമെന്ന് ആവശ്യം

കണ്ണൂർ∙ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ് പൂർണമായും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന ആവശ്യവുമായി തട്ടിപ്പിനിരയായവർ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് നിവേദനം നൽകി. തട്ടിപ്പ് പുറത്തു വന്നതു മുതൽ കണ്ണൂർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പോരായ്മകളൊന്നും ഇല്ല.

എന്നാൽ പ്രതികൾക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ബന്ധങ്ങൾ, ഹവാല ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ ശക്തമായ അന്വേഷണ സംവിധാനം തന്നെ ആവശ്യമുണ്ട്. അടുത്ത ദിവസം തന്നെ നിക്ഷേപ തട്ടിപ്പിനിരയായവരുടെ യോഗം വിളിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com