ADVERTISEMENT

കണ്ണൂർ ∙ കേന്ദ്ര ബജറ്റിൽ ജില്ലയ്ക്ക് പ്രതീക്ഷ വയ്ക്കാവുന്ന പ്രഖ്യാപനങ്ങളും. കൃത്യമായ പദ്ധതികൾ സമർപ്പിച്ചാൽ പ്രയോജനപ്പെടുത്താവുന്ന ഒട്ടേറെ കാര്യങ്ങൾ ഇന്നലെ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലുണ്ട്.

∙ പരമ്പരാഗത മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച പിഎം വിശ്വകർമ കൗശൽ സമ്മാൻ (പിഎം വികാസ്) പദ്ധതി ജില്ലയ്ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. കൈത്തറി, ഖാദി, കരകൗശലം, വെങ്കല ശിൽപ നിർമാണം, മൺപാത്ര നിർമാണം, പായ നിർമാണം, മുളകൊണ്ടുള്ള ഉൽപന്നങ്ങൾ തുടങ്ങി ജില്ലയിൽ പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് പദ്ധതി ഗുണകരമാകും. ചെറുകിട സംരംഭകർക്കായി പ്രഖ്യാപിച്ച ക്രെഡിറ്റ് ഗ്രാൻഡ് ഉൾപ്പെടെയുള്ള സഹായ പദ്ധതികളും പ്രയോജനപ്പെടുത്താൻ സാധിക്കും.

∙ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള പ്രഖ്യാപനങ്ങളും ജില്ലയ്ക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. രാജ്യത്ത് 50 ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള പട്ടികയിലും ദേഖോ അപ്നാ ദേശ്, സ്വദേശി ദർശൻ തുടങ്ങിയ പദ്ധതികളിലും ഇടം ലഭിച്ചാൽ വലിയ നേട്ടമാകും. സ്വദേശി ദർശനിൽ മുൻപ് ജില്ലയ്ക്ക് ലഭിച്ച റിവർ ക്രൂസ് പദ്ധതി പൂർത്തീകരണത്തോടടുക്കുകയാണ്.

∙ കൃഷി മേഖലയിൽ ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കാനായി പ്രഖ്യാപിച്ച ശ്രീഅന്ന, സഹകാർ സേ സമൃദ്ധി, കൃഷി അടിസ്ഥാന വികസന പദ്ധതികൾ എന്നിവയും പ്രയോജനപ്പെടുത്താം.

∙ മത്സ്യമേഖലയ്ക്ക് അനുവദിച്ചത് 6,000 കോടി രൂപയാണ്. അടിസ്ഥാന സൗകര്യ വികസനത്തിനും വിപണനശൃംഖല മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഈ തുകയിൽ നിന്നുള്ള വിഹിതം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

∙ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ദീൻദയാൽ അന്ത്യോദയ യോജന നാഷനൽ റൂറൽ ലൈവ്‌‌ലിഹുഡ് മിഷൻ വനിതാ സംരംഭകർക്ക് പ്രയോജനകരമാകും. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് തീരത്ത് കണ്ടലുകൾ നട്ടുവളർത്താനായി പ്രഖ്യാപിച്ച പദ്ധതിയും നേട്ടമാക്കാം.

∙ തീരദേശ കപ്പൽ ഗതാഗതം പ്രോത്സാഹിപ്പിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി അഴീക്കൽ തുറമുഖത്തിനും പ്രയോജനപ്പെടുത്താൻ സാധിക്കും.

കേന്ദ്രബജറ്റ് യുവജന വിരുദ്ധവും കേരളത്തെ അവഗണിക്കുന്നതുമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം. ചിത്രം: മനോരമ
കേന്ദ്രബജറ്റ് യുവജന വിരുദ്ധവും കേരളത്തെ അവഗണിക്കുന്നതുമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം. ചിത്രം: മനോരമ

കേന്ദ്രബജറ്റ്: ഡിവൈഎ‌ഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ∙ കേന്ദ്രബജറ്റിൽ യുവജനങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് ‌ഡിവൈഎഫ്ഐ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി‍ഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. പി.അഖിൽ, എം.വി.ഷിമ, എ.പി.അൻവീർ എന്നിവർ പ്രസംഗിച്ചു. കാൽടെക്സിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻ‍ഡിൽ സമാപിച്ചു.

പദ്ധതികൾ നേടിയെടുക്കാൻ ഇടപെടൽ വേണം: ചേംബർ

കണ്ണൂർ ∙ നമ്മുടെ നാടിന്റെ സർവതോമുഖമായ വികസനത്തിന് പ്രാധാന്യം നൽകുന്ന കേന്ദ്ര ബജറ്റ് പ്രതീക്ഷ പകരുന്നതാണെന്നു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്. റെയിൽവേ, നഗര വികസനം, ഗതാഗതമേഖല, കൃഷി തുടങ്ങിയ മേഖലയിൽ കൂടുതൽ തുക നീക്കിവച്ചത് ഗുണകരമാകുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രഖ്യാപനങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാ മേഖലയിലുമുള്ള ആനുകൂല്യങ്ങളുടെയും പങ്ക് നേടിയെടുക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്ന് ഇടപെടലുണ്ടാകണമെന്നും‌ ചേംബർ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഓരോ വ്യക്തിയുടെയും വരുമാന സ്രോതസ്സുകൾ ഡിജിറ്റലായി അറിയാൻ കഴിയുന്ന പശ്ചാത്തലത്തിൽ ആളുകൾ സ്വമേധയാ നികുതി അടയ്ക്കാൻ തയാറാകുന്ന സാഹചര്യത്തിൽ 10 ലക്ഷം വരെ നികുതി ഇളവ് അനുവദിക്കാമായിരുന്നു. സംരംഭങ്ങൾ വികസിപ്പിക്കാൻ സർക്കാർ പദ്ധതികൾ, തൊഴിൽദാതാക്കളായ ഉടമകൾക്ക് തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് സബ്‌സിഡി തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിച്ചിരുന്നുവെന്നും ചേംബർ ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com