കണ്ണൂർ∙ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ഒരു വർഷം പൂർത്തിയാവുന്നു. കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഫെബ്രുവരി 12ന് ആരംഭിച്ച യാത്ര 170 ട്രിപ്പുകൾ നടത്തി 1.25 കോടി രൂപ വരുമാനം നേടി. ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുതിയ ടൂർ പാക്കേജുകൾക്ക് രൂപം കൊടുക്കുന്നുണ്ടെന്ന് ജില്ലാ കോ–ഓർഡിനേറ്റർ കെ.ജെ.റോയി, ഡിപ്പോ കോ–ഓർഡിനേറ്റർ കെ.ആർ.തൻസീർ എന്നിവർ പറഞ്ഞു.
ഫെബ്രുവരിയിൽ നടത്തുന്ന ടൂർ പാക്കേജ് തയാറായി. വാഗമൺ-കുമരകം: ഒന്നാമത്തെ ദിവസം വാഗമണ്ണിലും രണ്ടാമത്തെ ദിവസം കുമരകത്തും ചെലവഴിക്കുന്ന പാക്കേജിന് താമസവും ഭക്ഷണവുമുൾപ്പെടെ ഒരാൾക്ക് 3900 രൂപയാണ്. ഫെബ്രുവരി മൂന്ന്, 10, 17 തീയതികളിൽ വൈകിട്ട് 7ന് യാത്ര പുറപ്പെടും.
മൂന്നാർ: ഒന്നാമത്തെ ദിവസം അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മൂന്നാറിൽ താമസിച്ച് രണ്ടാമത്തെ ദിവസം മൂന്നാറിൽ ഏഴോളം സ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണവും പ്രവേശന ഫീസും ഒഴികെ ഒരാൾക്ക് 2150 രൂപ. ഫെബ്രുവരി 11നും 25നും രാവിലെ 6നു യാത്ര പുറപ്പെടും. നെഫെർറ്റിറ്റി: ആഡംബരക്കപ്പൽ യാത്രയ്ക്ക് ഒരാൾക്ക് 3850 രൂപ.
ഫെബ്രുവരി 22ന് രാവിലെ 5നു പുറപ്പെടും. എല്ലാ ഞായറാഴ്ചകളിലും വയനാട്ടിലെ എൻ ഊര്, ബാണാസുര സാഗർ ഡാം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ്, ചങ്ങലമരം, ടീപ്ലാന്റേഷൻ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. 4 നേരത്തെ ഭക്ഷണവും പ്രവേശന ഫീസുമുൾപ്പെടെ 1180 രൂപ. 9496131288.