കണ്ണൂർ ∙ കോർപറേഷൻ നേതൃത്വത്തിൽ നഗരത്തിൽ ഷീ ലോഡ്ജ് സജ്ജമായി. കാൽടെക്സ് ഗാന്ധി സർക്കിളിനടുത്ത് പെട്രോൾ പമ്പിനു പിറകിലാണ് ഷീ ലോഡ്ജ്. ഒരു വനിതയ്ക്ക് ബെഡിന് ഒരു മാസത്തേക്ക് 1000 രൂപയാണ് നിരക്ക്. സർക്കാർ– എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥിനികളിൽ നിന്ന് ഒരു ബെഡിന് 800 രൂപ പ്രകാരവും നിരക്കായിരിക്കും ഈടാക്കുന്നത്. പഠനത്തിനും ജോലിക്കും എത്തിയിട്ടുള്ള ഒട്ടേറെ പേർ ഹോസ്റ്റലുകളെ ആശ്രയിക്കുന്നുണ്ട്.
പലർക്കും കുറഞ്ഞ നിരക്കിൽ താമസസൗകര്യം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഷീ ലോഡ്ജ് തുറക്കുന്നതോടെ ഈ പ്രയാസം പരിഹരിക്കാനാകു മെന്നാണ് കോർപറേഷൻ കണക്കുകൂട്ടൽ. രാത്രി സമയത്തു നഗരത്തിൽ എത്തിപ്പെടുന്ന സ്ത്രീകൾക്കായി 5 ബെഡ് റിസർവ് ചെയ്യും. 72 ലക്ഷം രൂപ ചിലവിട്ട് നിർമിച്ച കെട്ടിടത്തിൽ 35 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഡോർമെട്രിയായാണ് ഉപയോഗിക്കാനാകുക.
2 നില കെട്ടിടത്തിലാണ് ഹോസ്റ്റൽ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. വനിതാ ഘടക പദ്ധതി പ്രകാരമാണ് ഷീ ലോഡ്ജ് സജ്ജമാക്കിയിട്ടുള്ളത്. സ്ഥാപന നടത്തിപ്പിനു ബൈലോ തയാറാക്കിയിട്ടുണ്ട്. നടത്തിപ്പിന് ആളെ നിയോഗിക്കുകയോ അല്ലെങ്കിൽ കോർപറേഷൻ നേരിട്ടു നടത്തുകയോ ചെയ്യും. ഇക്കാര്യത്തിലും ഉടൻ തീരുമാനമെടുക്കും. കെട്ടിടത്തിനു മുകളിൽ വനിതാ ഫിറ്റ്നസ് സെന്ററും ഉടൻ സജ്ജമാക്കുന്നുണ്ട്.