പാലുകാച്ചി ∙ കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ പുരയിടത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി കടിച്ചു കൊന്നു. കിടാവിന്റെ പകുതിയോളം ഭാഗം തിന്നുകയും ചെയ്തു. പാലുകാച്ചിയിൽ നടാങ്കണ്ടത്തിൽ ഉലഹന്നാന്റെ കിടാവിനെയാണ് പുലി പിടിച്ചത്. ഇന്നലെ രാത്രിയാണ് ഇതിനെ വീടിനു സമീപത്തെ കൃഷിയിടത്തിൽ കെട്ടിയത്. വെച്ചൂർ ഇനത്തിൽ പെട്ടതാണ് കിടാവ്. മൂന്നു കിടാങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണത്തെ കെട്ടിയിരുന്നില്ല.
തീറ്റ കൊടുക്കാനും വെള്ളം കൊടുക്കാനുമായി ഇന്നലെ രാവിലെ നോക്കിയപ്പോഴാണ് കിടാവിനെ വന്യമൃഗം കൊന്നു ഭാഗികമായി തിന്ന നിലയിൽ കണ്ടെത്തിയത്. വിവരം കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിലും വനം വകുപ്പ് ഓഫിസിലും അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ.മഹേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പശു കിടാവിനെ കൊന്നത് പുലി തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.