ADVERTISEMENT

കണ്ണൂർ ∙ വിമാനത്താവള നഗരത്തിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന പ്രഖ്യാപനത്തോടെ നടത്തിയ തറക്കല്ലിടലിന് രണ്ടു വയസ്സു പൂർത്തിയാകാൻ ഇനി രണ്ടാഴ്ച മാത്രം. തറക്കല്ലുപോലും കാണാനില്ലാത്ത തരത്തിൽ സംസ്ഥാന സർക്കാരും വ്യവസായ വകുപ്പും മറന്നുകഴിഞ്ഞു ആ സ്വപ്ന പദ്ധതിയെ. വ്യവസായ വകുപ്പിനു കീഴിലെ കേരള ഓട്ടമൊബീൽസ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ തുടങ്ങുമെന്നു പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റാണ് ഇന്നും തറക്കല്ലിൽ തുടരുന്നത്. തുടർച്ചയായ വർഷങ്ങളിൽ ബജറ്റിൽ ഇടംപിടിച്ചിരുന്ന ഇലക്ട്രിക് വാഹന ഉൽപാദനമെന്ന വാഗ്ദാനം ഇത്തവണ ധനമന്ത്രി ആവർത്തിച്ചുമില്ല.

ഒന്നാം പിണറായി സർക്കാരിൽ ഇ.പി.ജയരാജൻ വ്യവസായമന്ത്രിയായിരിക്കെ 2018ലാണ് മട്ടന്നൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര വ്യവസായ പാർക്കിൽ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റ് തുടങ്ങുമെന്ന് ആദ്യം പ്രഖ്യാപിക്കുന്നത്. 2019ൽ പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ നേതൃത്വത്തിൽ സാധ്യതാ പഠനം നടത്തി. വെള്ളിയാംപറമ്പിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത ഭൂമിയിൽ 10 ഏക്കർ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റിനായി നീക്കിവയ്ക്കുമെന്ന പ്രഖ്യാപനവും പിന്നാലെയെത്തി. 2021 ഫെബ്രുവരി 21ന് ചാലോട് ടൗണിനു സമീപം വേദിയൊരുക്കി ഇ.പി.ജയരാജൻ തന്നെ ശിലാസ്ഥാപനവും നടത്തി.

kannur-news

കേരള ഓട്ടമൊബൈൽസ് ലിമിറ്റഡും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് കീഴല്ലൂർ പഞ്ചായത്തിൽ വ്യവസായ സംരംഭം തുടങ്ങുന്നു എന്നായിരുന്നു ഉദ്ഘാടന ചടങ്ങിലെ പ്രഖ്യാപനം. ചെലവ് 11.94 കോടി രൂപ ! കമ്പനിയിൽ കേരള ഓട്ടമൊബീൽസ് ലിമിറ്റഡിന് 26 ശതമാനവും ലോർഡ്‌സിന് 74 ശതമാനം ഓഹരി പങ്കാളിത്തം. ചാലോട‌് പനയത്താംപറമ്പിൽ നിർമാണ യൂണിറ്റ് ആരംഭിച്ചുവെന്നും വെള്ളിയാംപറമ്പിലെ കിൻഫ്ര വ്യവസായപാർക്കിൽ കെട്ടിടം സജ്ജമാകുന്നതോടെ അവിടേക്ക‌് മാറ്റുമെന്നും പ്രഖ്യാപിച്ചു. 71 പേർക്ക് നേരിട്ടും അൻപതിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും വാഗ്ദാനം.

മൂന്നു മോഡലുകളിലുള്ള സ്‌കൂട്ടറുകളാണ് ആദ്യഘട്ടത്തിൽ കമ്പനി നിർമിക്കുകയെന്നും 46000, 52000, 58000 രൂപയ്ക്ക് വിപണിയിൽ എത്തിക്കുമെന്നും ഉദ്ഘാടന സമ്മേളനത്തിൽ തന്നെ ഉറപ്പിച്ചു പറഞ്ഞു. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 50 പൈസ മാത്രമായിരിക്കും ചെലവ് ! നേപ്പാളിലെ നിരത്തുകളിൽ ഉൾപ്പെടെ പ്രിയങ്കരമായി മാറിയ കെഎഎലിന്റെ ഓട്ടോറിക്ഷ ഇവിടെ നിന്നു നിർമിച്ചു കയറ്റുമതി ചെയ്യും. – പ്രസംഗം കേൾക്കാത്തവർക്കായി വ്യവസായമന്ത്രിയുടെയും കെഎഎലിന്റെയും ഫെയ്സ്ബുക് പേജിലും പ്രഖ്യാപനങ്ങൾ തുടർന്നു.

ഉദ്ഘാടനത്തിനായി ഒരുക്കിയ താൽക്കാലിക വേദി അഴിച്ചുമാറ്റിയ ശേഷം തറക്കല്ലുപോലും കണ്ടിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു. കെട്ടിട നിർമാണമോ, താൽക്കാലിക സൗകര്യമൊരുക്കി വാഹന നിർമാണമോ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് കേരള ഓട്ടമൊബീൽസ് പ്രതിനിധി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം വ്യവസായ വകുപ്പിനു കീഴിലുള്ള ഈ സ്ഥാപനത്തിന്റെ അക്കൗണ്ട് പോലും മരവിപ്പിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com