ADVERTISEMENT

കൊട്ടിയൂർ∙വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നോക്കു കുത്തിയായി, പാലുകാച്ചിയിൽ കൊല്ലപ്പെട്ട പശുക്കിടാവിന്റെ അവശിഷ്ടവും വന്യമൃഗം കൊണ്ടുപോയി. ക്യാമറ  പരിശോധിച്ച  വനംവകുപ്പ് പറയുന്നത് ക്യാമറ രണ്ടും പ്രവർത്തിക്കുന്നില്ലെന്നും. വനം വകുപ്പിന്റെ വിശദീകരണത്തോട് വലിയ പ്രതിഷേധമാണ് പ്രദേശത്ത്.സമീപ പ്രദേശങ്ങളായ കേളകം, മുഴക്കുന്ന്, ആറളം, മട്ടന്നൂർ, തില്ലങ്കേരി എന്നിവിടങ്ങളിലും രണ്ട് മാസമായി കടുവ, പുലി തുടങ്ങിയ മൃഗങ്ങളെ കാണുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് ആ പ്രദേശങ്ങളിലും വനംവകുപ്പ്  ക്യാമറ  സ്ഥാപിച്ചിരുന്നു. എന്നാൽ  അവിടെയും യാതൊരു ദൃശ്യവും  പതിഞ്ഞിട്ടില്ല എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

വിശ്വാസ യോഗ്യമല്ല വിശദീകരണം

പാലുകാച്ചിയിലെ പുരയിടത്തിൽ കെട്ടിയിരുന്ന വെച്ചൂർ ഇനത്തിലുള്ള പശുക്കിടാവിനെ വെള്ളിയാഴ്ച രാത്രിയാണു വന്യമൃഗം കടിച്ചു കൊന്നത്. കിടാവിന്റെ പകുതിയോളം ശരീര ഭാഗം തിന്നു തീർത്ത നിലയിലായിരുന്നു. കിടാവിനെ കൊന്നത് പുലി ആണെന്ന് സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും അറിയിച്ചു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം അവശിഷ്ടം അതേ സ്ഥലത്ത് സൂക്ഷിക്കാനും തൊട്ടടുത്ത് ക്യാമറ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചു. 

പാലുകാച്ചിയിൽ വന്യമൃഗം പശു കിടാവിനെ കൊന്ന് തിന്നതിന്റെ ബാക്കി ഭാഗം ആദ്യ ദിവസം കണ്ടെത്തിയപ്പോൾ.
പാലുകാച്ചിയിൽ വന്യമൃഗം പശു കിടാവിനെ കൊന്ന് തിന്നതിന്റെ ബാക്കി ഭാഗം ആദ്യ ദിവസം കണ്ടെത്തിയപ്പോൾ.

ഇത് പ്രകാരം 2 ക്യാമറ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ രാവിലെ സ്ഥലത്ത് എത്തിയവർ പശുക്കിടാവിന്റെ അവശിഷ്ടവും വന്യമൃഗം കൊണ്ടുപോയതായി  കണ്ടെത്തി. തുടർന്നാണു വനംവകുപ്പ് അധികൃതരെത്തി  ക്യാമറ  കൊണ്ടുപോയി  പരിശോധിക്കുന്നത്. എന്നാൽ ക്യാമറയിൽ വന്യമൃഗത്തിന്റെ ദൃശ്യം പതിഞ്ഞിട്ടില്ല എന്ന വിശദീകരണമാണ് ലഭിച്ചത്. ഒരു ക്യാമറയുടെ സെൻസർ പ്രവർത്തിച്ചില്ല എന്നും രണ്ടാമത്തെ ക്യാമറയുടെ കാർഡ് എറർ കാണിച്ചു എന്നുമാണ് വിശദീകരണം

"വന്യമൃഗം വളർത്തു മൃഗത്തെ പിടിച്ച സംഭവത്തിൽ ക്യാമറ പ്രവർത്തന രഹിതമായി എന്ന വനം വകുപ്പിന്റെ നിലപാട് സംശയകരമാണ്. അതിന് അവർ പറയുന്ന ന്യായീകരണങ്ങൾ കൊച്ചു കുട്ടികൾ പോലും വിശ്വസിക്കില്ല. പൊറുതി മുട്ടുന്ന കർഷകർ പ്രതികരിച്ചാൽ അതിന്റെ ഉത്തരവാദിത്തം വനം വകുപ്പിനും സർക്കാരിനും മാത്രമായിരിക്കും." - റോയ് നമ്പുടാകം (കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്)

"മുക്കാൽ നൂറ്റാണ്ടിൽ അധികമായി ജനവാസ കേന്ദ്രങ്ങളായിരുന്ന പ്രദേശത്തെ വളരെ കുറച്ച് കാലമായി പൂർണ വളർച്ചയെത്തിയ വന്യമൃഗങ്ങൾ ഭീതി പരത്തി വിലസുകയാണ്. ഇതുവരെ ഈ മേഖലകളിൽ കണ്ടിട്ടില്ലാത്ത ഈ വന്യമൃഗങ്ങൾ എല്ലാം എവിടെ നിന്ന് ഇത്ര പെട്ടെന്ന് വന്നു എന്ന് വനം വകുപ്പ് പറയണം. നാട്ടിൽ ഇറങ്ങിയാൽ വന്യമൃഗത്തെയും വനം വകുപ്പ് നിലപാടുകളെയും കർഷകർ നേരിടുക തന്നെ ചെയ്യും." - സണ്ണി വേലിക്കകത്ത് (കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്)

പുലിയോ കടുവയോ ?

പശുക്കിടാവിനെ കൊന്നത് പുലി ആണ് എന്ന ആദ്യ ദിവസത്തെ അഭിപ്രായവും വനം വകുപ്പ് മാറ്റിയിട്ടുണ്ട്. പുലിയല്ല, കടുവയാകാം കിടാവിനെ കൊന്നത് എന്ന സംശയവും വനം വകുപ്പ് പ്രകടിപ്പിച്ചു. ഇത് പുതിയ ആരോപണങ്ങൾക്ക് വഴി തുറക്കുകയാണ്. രണ്ടാഴ്ച മുൻപ് പാലുകാച്ചിയുടെ മറുഭാഗത്ത് ശാന്തിഗിരിക്ക് സമീപം കടുവയുടെ സാന്നിധ്യം ഉള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ വനം വകുപ്പ് അത് നിഷേധിക്കുകയാണ് ചെയ്തത്. ആറളം മേഖലയിൽ കണ്ട കടുവയെ വയനാട്ടിൽ നിന്ന് പിടി കൂടി എന്ന പ്രചാരണവും ഉണ്ടായി. പാലുകാച്ചിയിൽ കിടാവിനെ പിടിച്ചത് കടുവ എങ്കിൽ അത് ഏത് കടുവ ആണെന്നും എവിടെ നിന്ന് വന്നു എന്നും വനം വകുപ്പ് വ്യക്തമാക്കേണ്ടതായി വരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com