ADVERTISEMENT

മട്ടന്നൂർ ∙ 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2023ലെ ഹജ് തീർഥാടനത്തിന് കണ്ണൂരിൽ നിന്നു വിമാനം പുറപ്പെടും. ഹജ് എംബാർക്കേഷൻ(ഹജ് പുറപ്പെടൽ) പോയിന്റായി കണ്ണൂർ വിമാനത്താവളത്തെയും പരിഗണിച്ചു. കണ്ണൂരിനു പുറമേ കൊച്ചിയും കോഴിക്കോടും എംബാർക്കേഷൻ കേന്ദ്രങ്ങളാണ്.ഇത്തവണ 25 ഹജ് പുറപ്പെടൽ കേന്ദ്രങ്ങളാണു രാജ്യത്ത് ഉണ്ടാകുക.തീർഥാടകർ അപേക്ഷ നൽകുമ്പോൾ, പുറപ്പെടാൻ ആഗ്രഹിക്കുന്ന വിമാനത്താവളം തിരഞ്ഞെടുക്കാം. 2 ഓപ്ഷൻ മാർക്ക് ചെയ്യാം.

ലഭ്യതയ്ക്ക് അനുസരിച്ച് ഏതു വിമാനത്താവളത്തിൽ നിന്നാണു യാത്ര പുറപ്പെടാൻ കഴിയുക എന്നതു സംബന്ധിച്ചു യാത്രക്കാർക്കു വിവരം ലഭിക്കും.  കേന്ദ്ര ഹജ് കമ്മിറ്റിയും വ്യോമയാന മന്ത്രാലയവും ചേർന്നു കഴിഞ്ഞ മാസം പുറത്തിറക്കിയ കരട് പട്ടികയിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളവും ഉൾപ്പെട്ടപ്പോൾ തന്നെ വലിയ പ്രതീക്ഷയിലായിരുന്നു തീർഥാടകർ. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹജ് എംബാർക്കേഷൻ പോയിന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബറിൽ വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു. 

തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യം കണ്ണൂരിൽ ഉണ്ടെന്നു പഠന റിപ്പോർട്ടിലുണ്ട്. വലിയ വിമാനം ഇറങ്ങുന്നതിനുള്ള സൗകര്യവുമുണ്ട്. മുൻപ് കോവിഡ് വലിയ വിമാനം യാത്രക്കാരുമായി കണ്ണൂരിൽ എത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടകരിൽ ഭൂരിഭാഗവും മലബാറിൽ നിന്നുള്ളവരാണ്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് ഇതുവരെ ഹജ് യാത്രികർ പുറപ്പെട്ടിരുന്നത്. ഇനി ഉത്തരമലബാറുകാർക്ക് കണ്ണൂരിൽ നിന്നു പുറപ്പെടാം. 

നവംബറിൽ ജിദ്ദയിലേക്ക് സർവീസ് തുടങ്ങിയ ആദ്യ ദിവസം യാത്ര ചെയ്ത 171 ൽ 120 പേരും ഉംറ തീർഥാടകരായിരുന്നു. ഉംറ തീർഥാടകർക്കു വേണ്ടി പ്രത്യേകം ചെക്ക്–ഇൻ കൗണ്ടറുകൾ, പ്രാർഥനാ മുറി, വിശ്രമ മുറി, വസ്ത്രം മാറുന്നതിനുള്ള സൗകര്യം തുടങ്ങിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എംബാർക്കേഷൻ പട്ടികയിൽപ്പെട്ടതോടെ കൂടുതൽ സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഏർപ്പെടുത്തുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. 

വിമാനത്താവളത്തിനും നേട്ടം

മലബാറിൽ നിന്നുള്ള ഹജ് തീർ‌ഥാടകർക്കു മാത്രമല്ല, കണ്ണൂർ വിമാനത്താവളത്തിനും പുതിയ തീരുമാനം ഗുണം ചെയ്യും. കോവിഡ് കാലത്ത് യാത്രക്കാരെ എത്തിക്കുന്നതിനായി കണ്ണൂരിൽ വൈ‍ഡ് ബോഡി വിമാന സർവീസ് നടത്തിയതല്ലാതെ പിന്നീട് കണ്ണൂരിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തിയിട്ടില്ല. തീർഥാടന മാസം കഴിയുന്നതു വരെ തുടർച്ചയായി വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ കണ്ണൂർ വിമാനത്താവളം പൂർണ തോതിൽ വലിയ വിമാന സർവീസ് തുടങ്ങുന്നതിനു സജ്ജമാകും. 

തുടർച്ചയായി വലിയ വിമാന സർവീസ് നടന്നാൽ കണ്ണൂരിനും പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനു സഹായകരമാകും. ഇതുവരെ വിദേശ വിമാന കമ്പനികൾക്കു കണ്ണൂരിൽ നിന്ന് സർവീസ് തുടങ്ങാൻ കേന്ദ്രം അനുമതി നൽകിയിരുന്നില്ല. ഗൾഫ് എയർ, ഒമാൻ എയർ, എയർ ‍അറേബ്യ, സിൽക്ക് എയർ, ഫ്ലൈ ദുബായ്, ശ്രീലങ്കൻ എയർലൈൻ, മലിൻഡോ എയർ തുടങ്ങിയ കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് തുടങ്ങാൻ തുടക്കം മുതൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. 

പ്രതിദിന എയർ ക്രാഫ്റ്റ് മൂവ്മെന്റിലും വർധനയുണ്ടാകും. ഹജ് വിമാന സർവീസ് ആരംഭിക്കുന്നതോടെ നിലവിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കു പുറമേ ഹജ് സർവീസും(അറൈവൽ, ഡിപ്പാർച്ചർ) നടക്കും. ഇതോടെ പ്രതിദിന സർവീസുകളും കൂടും. ഇതുവഴി വിമാനങ്ങളുടെ ലാൻഡിങ്, പാർക്കിങ് വഴി കിയാലിന് വരുമാനവും ലഭിക്കും. യൂസർ ഡവലപ്മെന്റ് ഫീസും ലഭിക്കും. കൂടാതെ അനുബന്ധ ബിസിനസുകളും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com