ADVERTISEMENT

ഇരിട്ടി∙ കോളിക്കടവ് കൂവക്കുന്നിൽ വിമുക്ത ഭടൻ കൂടിയായ കർഷകൻ പൂമരത്തിൽ സെബാസ്റ്റ്യൻ പായ് തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചതിന്റെ നടുക്കം വിട്ടുമാറാതെ നാട്. വേദനയും ചികിത്സയും ആയി  48 മണിക്കൂറോളം കഴിഞ്ഞ ശേഷം ആണു ഞായറാഴ്ച രാവിലെ 9 ഓടെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ സെബാസ്റ്റ്യൻ മരിച്ചത്.

സെബാസ്റ്റ്യൻ ഉൾപ്പെടെ 6 പേർക്കാണു വെള്ളിയാഴ്ച 9 ന് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്.  തോട്ടത്തിൽ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകി അവിടെ ഉള്ള 2 പേരെ ഈച്ചകൾ ആക്രമിച്ചു. ഇവർ 2 ഇടത്തേക്ക് ഓടിരക്ഷപ്പെട്ടു. ഇതിൽ ഒരാൾ ഓടിരക്ഷപ്പെട്ടുപോയ വഴിയിലൂടെ പിന്തുടർന്ന തേനീച്ച കൂട്ടം സെബാസ്റ്റ്യനെ ആക്രമിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് നിന്നു 200 മീറ്ററോളം മാറിയുള്ള തന്റെ കൃഷി തോട്ടത്തിൽ ജോലിയിൽ ഉണ്ടായിരുന്നവരെ സഹായിക്കാനായി പോയ സെബാസ്റ്റ്യനെ തേനീച്ച കുത്തിയത് ആരും അറിഞ്ഞുമില്ല. പ്രദേശത്ത് 2 പേർക്കു തേനീച്ചകളുടെ ആക്രമണത്തിൽ പരുക്കേറ്റ വിവരം അറിഞ്ഞ ഭാര്യ മേരി മറ്റൊരാളോട് ഭർത്താവും പറമ്പിൽ പോയിട്ടുണ്ട്

ഒന്നു നോക്കണേ എന്നു പറഞ്ഞതിനെ തുടർന്നു അന്വേഷിച്ച് എത്തിയപ്പോഴാണു വിവരം അറിയുന്നത്. ഈ സമയം വീണു കിടന്ന സെബാസ്റ്റ്യനെ ഈച്ചകൾ വട്ടമിട്ടു പറന്നു കുത്തുകയായിരുന്നു. സ്ഥലത്ത് എത്തിയവർക്ക് അടുത്തേക്ക് എത്താൻ കഴിയുമായിരുന്നില്ല.അടുത്തു വരണ്ട ഈച്ച കുത്തും എന്നു പറഞ്ഞു അവശനായിരിക്കുമ്പോഴും സെബാസ്റ്റ്യനും വിലക്കി. അഗ്നിരക്ഷാ സേന എത്തി സെബാസ്റ്റ്യനെ ആംബുലൻസിലേക്കു കൊണ്ടുവരുമ്പോഴും ഈച്ചകൾ ആക്രമിക്കുന്നുണ്ടായിരുന്നു. സുരക്ഷാ വസ്ത്രം അണിഞ്ഞിട്ടും അഗ്നിരക്ഷാ സേനാംഗങ്ങൾക്കും കുത്തേറ്റു.

2 വർഷത്തോളം ആയി മാടത്തിൽ – കീഴ്പ്പള്ളി റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ പേടി സ്വപ്നം ആണു കോളിക്കടവ് പാലത്തിലെ പായ്തേനീച്ച കൂട്ടം. പകൽ മുഴുവൻ പാലത്തിൽ പാറി നടക്കുന്ന തേനീച്ചകളുടെ കുത്ത് എൽക്കുന്നത് നൂറുകണക്കിനു യാത്രക്കാർക്കാണ്. ഗ്ലാസ് ഉയർത്തി യാത്ര ചെയ്യുന്ന വാഹനങ്ങളിലുള്ളവർ സുരക്ഷിതരാണങ്കിലും മറ്റുള്ളവർക്ക് പാലം കടക്കൽ അഗ്നിപരീക്ഷയാണ്.

കൂടുതൽ ദുരിതം അനുഭവിക്കുന്നതു ഇരുചക്ര വാഹന യാത്രക്കാരാണ്. ദേഹത്തും ഹെൽമറ്റിനുള്ളിൽ പോലും കയറിയുള്ള ഇവയുടെ ആക്രമണത്തിൽ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടു അപകടത്തിൽ പെടുന്നതും സ്ഥിരം ആണ്. പാലത്തിന്റെ ഇരുവശത്തും കൈവരികൾക്കു താഴെയായി നിരവധി പായ്തേനീച്ച കൂടുകൾ ഉണ്ട്.

പ്രദേശവാസികൾ പകൽ സമയം പാലത്തിലൂടെ നടന്നു പോകുന്നതു ഒഴിവാക്കി. ബസ് യാത്രക്കാർക്കും കുത്തു കിട്ടുന്നുണ്ട്. പരുന്ത് പോലുള്ള പക്ഷികൾ ഇളക്കുന്നതിന് പുറമേ വെയിൽ ആകുന്നതോടെയും ഇവ പാലത്തിൽ നിറയുകയാണ് എന്നു നാട്ടുകാർ പറഞ്ഞു. സംഭവം അറിയാതെ കടന്നു പോകുന്ന വാഹനങ്ങൾ ഇവയെ തട്ടുന്നതിനാൽ ഈച്ചകൾ കൂട്ടമായി കുത്തും.

എങ്ങിനെ നിയന്ത്രിക്കും എന്നറിയാതെ ജനം

പായ് തേനീച്ച ഉൾപ്പെടെ ഉപദ്രവകാരികളായ വിവിധ ഇനം തേനീച്ചകൾ ജനങ്ങളെ ഓടിച്ചിട്ടു കുത്തുമ്പോഴും മരണം സംഭവിക്കുമ്പോഴും എങ്ങനെ നിയന്ത്രിക്കാം എന്നറിയാതെ നാട്ടുകാരും ജനപ്രതിനിധികളും. തീ കത്തിച്ചും വിഷം തളിച്ചും ഇവയെ കൊല്ലുന്നതു നിയമ വിരുദ്ധമാണ്.

നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉള്ള ഉയർന്ന കെട്ടിടങ്ങൾ, പാലങ്ങൾ, വലിയ മരങ്ങൾ എന്നിവിടങ്ങളിൽ എല്ലാം പായ് തേനീച്ച കൂടുകൾ ഉണ്ട്. ഒറ്റ നോട്ടത്തിൽ കർഷകർക്കു കാണാനാകാത്ത ഉയരത്തിൽ കൂടു കൂട്ടിയിട്ടുള്ള ഇവ ഇളകി ആക്രമണം തുടങ്ങുമ്പോൾ മാത്രമാണ്

കൃഷിയിടങ്ങളിൽ ഇവയുടെ സാന്നിധ്യം തിരിച്ചറിയാനും കഴിയുക. വെയിലിന് കാഠിന്യം കൂടുമ്പോഴും പരുന്ത് പോലുള്ള പക്ഷികൾ ഇവയുടെ കൂട് ഇളക്കുമ്പോഴും ആണ് തേനീച്ചക്കൂട്ടം ആക്രമണകാരികൾ ആവുന്നത്. പേരാവൂർ, കേളകം മേഖലകളിലായി കഴിഞ്ഞ ദിവസം 13 പേർക്കു കുത്തേറ്റിരുന്നു.

‘തേനീച്ച കുത്ത് നിസ്സാരമായി കാണരുത്ഡോ. ടോം ജോസ് കാക്കനാട്ട്, നെഫ്രോളജിസ്റ്റ്

എല്ലായ്പ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ലങ്കിലും തേനീച്ച കുത്ത് നിസ്സാരമായി കാണാവുന്ന സംഭവം അല്ല. ചികിത്സ ലഭ്യമാക്കണം. ഒരു കുത്ത് കിട്ടിയ ആൾക്കും പ്രയാസങ്ങൾ ഉണ്ടാകാമെങ്കിലും കൂടുതൽ കൂത്ത് കിട്ടുന്ന കേസുകളാണു അപകടത്തിലേക്ക് എത്തുന്നത്. തേനീച്ച കുത്തുമ്പോൾ അതിന്റെ കൊമ്പ് ശരീരത്തിൽ തുളച്ചു കയറും.

ഇത് വിഷം ഉള്ളതു തന്നെയാണ്. മറ്റു വിഷം പോലെ അല്ലെന്നു മാത്രം. ‘അലർജി’യാണ് ഇതുമൂലം ഉണ്ടാവുക. ഈ അലർജി, ചെറുതാവാം, രൂക്ഷമാകാം. ചെറിയ അലർജി സാഹചര്യങ്ങളിൽ ആന്റി അലർജി മരുന്നുകൾ നൽകും. സുഖപ്പെടും. അലർജി രൂക്ഷമാകുന്ന കേസുകളിൽ ബിപി താഴാം;

മസിലുകൾ തകരാം. വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. ഈ സാഹചര്യങ്ങളിൽ എപ്പിനെഫ്രിൻ ഇൻജക്‌ഷൻ നൽകും. ബിപി നിയന്ത്രിക്കാനുള്ള മരുന്നുകൾ നൽകും. ഡയാലിസിസ് ചെയ്യും. ചില ഘട്ടങ്ങളിൽ ഇതെല്ലാം ചെയ്താലും ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയും സംഭവിക്കാം.

ഒരു ഈച്ച കുത്തിയാൽ പോലും 24 മണിക്കൂർ നിരീക്ഷിക്കണം. കൂടുതൽ ഈച്ച കുത്തിയാൽ ഐസിയു കരുതൽ വേണം. പ്രായം ഉള്ളവരിലും ഹൃദ്‌രോഗം ഉൾപ്പെടെ ഉള്ള രോഗങ്ങൾ ഉള്ളവരിലും തേനീച്ച കൂത്ത് കിട്ടിയാലുള്ള അപകടം കൂടുതലാണ്. സാധാരണ തേനീച്ചകൾ മുതൽ വലിയ ഇനങ്ങൾ വരെ അലർജി ഉണ്ടാക്കുന്ന ഘടകങ്ങളിലെ ഏറ്റകുറച്ചിൽ മാത്രമേ ഉള്ളൂ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com