ADVERTISEMENT

കണ്ണൂർ∙ ജില്ലയിലെ കൊലപാതക രാഷ്ട്രീയം, ശരീരത്തിൽ മുറിവേൽപിക്കാതെ തന്നെ ഒരാളെ കൊന്നു: കെ.ടി.ജയകൃഷ്ണൻ വധത്തിനു സാക്ഷിയാകേണ്ടി വന്ന പാനൂർ കൂരാറ ചെക്കൂട്ടിന്റവിട ഷെസിന (34) കഴിഞ്ഞദിവസം ജീവനൊടുക്കി. കൊലപാതകത്തിനു സാക്ഷിയാകേണ്ടി വന്നതിന്റെ പേടിപ്പെടുത്തുന്ന ഓർമകൾ വിട്ടുപോയിട്ടില്ലെന്നു വ്യക്തമാക്കുന്നു, ഷെസിനയുടെ ജീവിതം. 1999 ഡിസംബർ ഒന്നിനു മൊകേരി ഈസ്റ്റ് യുപി സ്കൂളിലെ ആറ് ബി ക്ലാസ് മുറിയിൽ കയറി അക്രമിസംഘം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ, ആദ്യ ബെഞ്ചിലിരിക്കുകയായിരുന്നു ഷെസിന. 

Also read: മൊബൈൽ യൂണിറ്റ് പാഞ്ഞെത്തി; ജൂലിക്ക് അദ്ഭുത രക്ഷപ്പെടൽ

ആ നാളുകളെ പറ്റി ബന്ധുക്കൾ പറയുന്നതിങ്ങനെ: ‘ഷെസിനയുടെ യൂണിഫോമിലും പുസ്തകത്തിലും ചോരത്തുള്ളികൾ തെറിച്ചു വീണിരുന്നു. നിലവിളിയുമായി അന്നു വീട്ടിലേക്ക് ഓടിക്കയറിയതാണവൾ. വീട്ടിൽ നിന്നു മാത്രമല്ല, പേടിപ്പെടുത്തുന്ന ഓർമകളിൽ നിന്നും പുറത്തിറങ്ങാൻ ഏറെക്കാലമെടുത്തു. പിന്നീട്, സ്കൂളിൽ പോയതേയില്ല. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തുവെങ്കിലും പഠനം തുടരാൻ സാധിച്ചില്ല.

ആൾക്കൂട്ടം കാണുമ്പോഴുള്ള ഭയമായിരുന്നു കാരണം. അപകട വാർത്തകളറിയേണ്ട. ആംബുലൻസിന്റെ ശബ്ദം സഹിക്കാനാവില്ല. ഉത്സവപ്പറമ്പുകളിലോ കല്യാണ വീട്ടിലോ പോയില്ല. തുടർച്ചയായ കൗൺസലിങ്ങിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ ശ്രമിച്ചു. പ്രൈവറ്റായാണ് എസ്എസ്എൽസി പാസായത്. ബിരുദത്തിനു ശേഷം കംപ്യൂട്ടർ പരിശീലനം നേടി. 3 വർഷമായി വില്ലേജ് ഓഫിസിൽ ഡേറ്റ എൻട്രി ഓപറേറ്ററായി ജോലി ചെയ്യുകയായിരുന്നു. വിവാഹത്തിനു നിർബന്ധിച്ചുവെങ്കിലും സമ്മതിച്ചില്ല. വാർഷികദിനത്തിൽ, കെ.ടി.ജയകൃഷ്ണന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഇടുന്നതിനെ ഷെസിന എതിർത്തിരുന്നു. മരിക്കണമെന്ന് ഇടയ്ക്കൊക്കെ പറഞ്ഞിരുന്നു. 

പ്രിയപ്പെട്ട അധ്യാപകന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് ഷെസിന ഒരിക്കലും മുക്തയായിരുന്നില്ല.’ കൊലപാതകത്തിനു സാക്ഷിയായതിനു ശേഷം ഷെസിനയ്ക്കു വിഷാദരോഗം ബാധിച്ചുവെന്നും 2021ൽ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകിയതായി പാനൂർ പൊലീസ് പറഞ്ഞു. ജീവിതം മടുത്തിട്ടാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തിനു മറ്റാരും ഉത്തരവാദികളല്ലെന്നുമാണു ഷെസിനയുടെ മരണമൊഴിയിലുള്ളതെന്നും പാനൂർ പൊലീസ് അറിയിച്ചു. 

കൊന്നത് കൊലപാതകക്കാഴ്ച 

ഷെസിനയുടെ ദുരിത ജീവിതത്തിനു ശാസ്ത്രീയമായ സാക്ഷ്യം നൽകുന്നു, പോസ്റ്റ്മോർട്ടം നിർവഹിച്ച കോഴിക്കോട് മെഡിക്കൽ കോളജ് സംഘത്തിലെ അംഗവും ഫൊറൻസിക് വിഭാഗം അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ടി.എം.പ്രജിത്തിന്റെ വാക്കുകൾ: ‘34 വയസുള്ള സ്ത്രീ ആത്മഹത്യ ചെയ്തുവെന്നറിഞ്ഞപ്പോൾ ഞങ്ങൾ കാരണം തിരക്കി.

കുട്ടിക്ക് മാനസിക പ്രശ്നമുണ്ടെന്ന് ആദ്യം ബന്ധുക്കൾ പറഞ്ഞു. എന്നാൽ മറ്റു ബന്ധുക്കൾക്കൊന്നും ഇത്തരം പ്രശ്നങ്ങളില്ല. അങ്ങനെയന്വേഷിച്ചപ്പോഴാണ് ക്ലാസ്മുറിയിലെ സംഭവത്തെക്കുറിച്ച് പറഞ്ഞത്. സംഭവം നടന്ന് 23 വർഷം കഴിഞ്ഞു. ഈ കാലം വരെയും കുട്ടി ആ സംഭവത്തിന്റെ ട്രോമയിൽ നിൽക്കുകയാണ്. സാധാരണ പോസ്റ്റ് ‘ട്രോമോറ്റിക് സ്ട്രെസ് ഡിസോഡർ’ ഉള്ളവർ ഇടയ്ക്ക് സാധാരണ മാനസിക നിലയിലേക്ക് വരാറുണ്ട്.

എന്നാൽ ഷെസിന ഒരു ദിവസം പോലും സാധാരണ മാനസികനിലയിലേക്ക് വന്നിട്ടില്ലത്രേ. ചെറിയൊരു കുട്ടിക്കു സംഭവിച്ച മാസസിക ആഘാതമാണിത്. ആ സംഭവത്തിൽ അന്നേദിവസം ക്ലാസിലുണ്ടായിരുന്ന പകുതി പേരും മാനസികമായി പ്രശ്നത്തിലാണെന്നാണ് അറിയുന്നത്. നാടുവിട്ടുപോയ കുട്ടികൾ പലയിടത്തും ജോലി ചെയ്യുന്നുണ്ട്. മറ്റു സഹപാഠികളും ദുരിതത്തിലാണ്. അത്രയും കുട്ടികളുടെ ജീവിതം തകർന്നുപോയി.’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com