പയ്യന്നൂർ ∙ മുച്ചിലോട്ടു ഭഗവതിയെ ദർശിക്കാനും ഭഗവതി പ്രസാദമായ കായക്കഞ്ഞി കഴിക്കാനും ഇന്നലെ പതിനായിരങ്ങളാണ് കോറോം മുച്ചിലോട്ട് കാവ് തിരുമുറ്റത്തെത്തിയത്. തിക്കിത്തിരക്കി എത്തിയവരുടെ കണ്ണിൽ ദർശന സായൂജ്യവും ഇനിയുമൊരു വ്യാഴവട്ടം കാത്തിരിക്കാനുള്ള തുടിപ്പും കാണാമായിരുന്നു.
കോവിഡ് കാലത്ത് നടക്കാതെ പോയ പെരുങ്കളിയാട്ടങ്ങളിൽ ആദ്യ പെരുങ്കളിയാട്ടമാണ് കോറോം മുച്ചിലോട്ട് കാവിൽ നടന്നത്. കോവിഡ് കാലത്ത് അഞ്ചിലധികം ക്ഷേത്രങ്ങളിലെ പെരുങ്കളിയാട്ടങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ഈയൊരവസ്ഥയിലാണ് കോറോത്ത് ആദ്യ പെരുങ്കളിയാട്ടമെത്തിയത്. അതു കൊണ്ട് ജനപങ്കാളിത്തം വളരെ വലുതായിരുന്നു. 4 ദിവസങ്ങളിൽ 6 ലക്ഷത്തിലധികം പേർ ക്ഷേത്ര മുറ്റത്ത് എത്തിയെന്നാണ് കണക്ക്. 2 വർഷം പെരുങ്കളിയാട്ടം നടക്കാത്തത് കൊണ്ടു തന്നെ മംഗല കുഞ്ഞുങ്ങളുടെ എണ്ണവും വലിയ തോതിൽ വർധിച്ചിരുന്നു.