ADVERTISEMENT

പയ്യന്നൂർ ∙ പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു നാടു മുഴുവൻ കൈമെയ് മറന്ന് അധ്വാനിച്ചും കണ്ണിലിമ ചിമ്മാതെ കാത്തിരുന്നും നോറ്റിരുന്നും വേണ്ടും വസ്തുക്കൾ ഒരുക്കിയും കർമങ്ങൾ മുറപോലെ പാലിച്ചും അവരുടെ ഭഗവതിയെ, മുച്ചിലോട്ടു ഭഗവതിയെ, കൺനിറയെ കണ്ടു മനം കുളിർക്കെ കേട്ടു തിരുമുടി തൊട്ടു വണങ്ങി.

കൊടിയില തോറ്റത്തോടെ പള്ളി വിരിപ്പിൽ പോയ ഭഗവതിയുടെ കോമരം ഉച്ചയ്ക്ക് പളളിയറ വിട്ട് പുറത്തിറങ്ങി മേലേരി കയ്യേറ്റതോടെ തിരുമുടി നിവരാനുള്ള ഒരുക്കങ്ങളായി. തുടർന്ന് മറ്റ് കോമരങ്ങളും അന്തിത്തിരിയനും വാല്യക്കാരും അഗ്നിശുദ്ധി വരുത്തി ദീപ്തക്കോലുകളുമായി കൈലാസക്കല്ലിലേക്ക് പുറപ്പെട്ടു.

അവിടെ ജന്മ ദേവജ്ഞൻ കുറിച്ച മുഹൂർത്തത്തിൽ തിരുമുടിയണിയാനും ദീപ്തക്കോൽ കയ്യേൽക്കാനും തയാറായി കനലാടിയുണ്ടായിരുന്നു. അവ സ്വീകരിച്ച് അന്തിത്തിരിയനും കോമരങ്ങളും കാരണവൻമാരും ഊരാളരും കോയ്മയും ചാർത്തിയ അരി സ്വീകരിച്ച് കൈലാസക്കല്ല് ചുറ്റി ദേവി നർത്തനം ആരംഭിച്ചു. മൂലകെട്ടി, നടുകെട്ടി, ഭൂവണങ്ങി, മണിക്കിണറിൽ ഒളിവളർന്ന് ആദ്യഭാഗ നർത്തനം കഴിച്ചു.

തുടർന്ന് തിരുമുറ്റത്തെത്തി പൊൻമുറം കൈപ്പറ്റി പൂവിടുന്ന കലാശവുമാടി. ശേഷം കുളികുറി തേവാരം കഴിഞ്ഞ് തന്റെ തിരുമംഗലത്തിനെത്തിയവർക്ക് കായക്കഞ്ഞി കൊടുക്കുന്നതും ഉറപ്പു വരുത്തി.തെക്കനാട്ടവും കാളീനടനവും കഴിഞ്ഞ് മുൻപ്സ്ഥാനം ചൊല്ലി എല്ലാവരേയും കനകപ്പൊടി നൽകി അനുഗ്രഹിച്ചാണ് തിരുമുറ്റം ഒഴിഞ്ഞത്.

രാത്രി പതിനൊന്നു മണിയോടെ ആറാടിക്കലാരംഭിച്ചു. കലവറയിൽ കൂടിയ വാല്യക്കാരെ ഓരോരുത്തരെയും ഭഗവതി അനുഗ്രഹിച്ചു. ഊരാളൻമാരുടെ ആർപ്പും അലങ്കാരത്തോടും കൂടെ പള്ളിറയ്ക്ക് മൂന്ന് വലത്തുവച്ച് ആറാടിക്കൽ നടന്നു.തുടർന്ന് ഭഗവതി പീഠമേറി നാട്ടിനും തറയ്ക്കും ഭാഗ്യത്തെ ചൊല്ലി കെട്ടി, പീഠത്തിൽ അമർന്നു. രാത്രി 12 മണിയോടെ വെറ്റിലാചാരവും നടത്തി മറ്റൊരു പെരുങ്കളിയാട്ട കാത്തിരിപ്പിനായി പിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com