ഇരിട്ടി∙ വ്യാജ പെർമിറ്റിൽ കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ മിനി ലോറി കൂട്ടുപുഴയിൽ മോട്ടർ വാഹന വകുപ്പ് അധികൃതർ പിടികൂടി. ഡ്രൈവർ പ്രതാപനെ കസ്റ്റഡിയിൽ എടുത്തു. പ്രാഥമികാന്വേഷണത്തിൽ കൈവശം ഉള്ളതു വ്യാജരേഖയാണെന്ന് കണ്ടെത്തിയതിനെ തുടർന്നു ഇരിട്ടി പൊലീസിന് കൈമാറി.
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതാപനെ റിമാൻഡ് ചെയ്തു. ഇതേ സമയം ഹുൻസൂരിലെ ഒരു ഓൺലൈൻ സേവന സ്ഥാപനത്തിൽ പണവും അപേക്ഷയും നൽകിയതനുസരിച്ചു അവർ നൽകിയതാണ് പെർമിറ്റ് രേഖ എന്നും ഇവർ കബളിപ്പിച്ചതാണെന്നും ഡ്രൈവർ നൽകിയ മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്. ലോറി ഉടമ ഹുൻസൂർ പൊലീസിൽ പ്രസ്തുത സ്ഥാപനത്തിനു എതിരെ പരാതി നൽകുമെന്നും ഇരിട്ടി പൊലീസിനെ അറിയിച്ചു.
കൂട്ടുപുഴ അതിർത്തിയിലെ മോട്ടർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ പതിവു വാഹന പരിശോധനയ്ക്കിടെയാണ് ലോറി പിടിയിലാകുന്നത്. അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് ചരക്ക് കൊണ്ടു വരുമ്പോൾ നികുതിയും അനുബന്ധ ഫീസുകളും ആയി 1440 രൂപ ഓൺലൈനായി മോട്ടർ വാഹന വകുപ്പിൽ അടയ്ക്കണം.
ഈ ‘പെർമിറ്റ്’ പച്ചക്കറിയുമായി എത്തിയ ലോറി ഡ്രൈവറുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിലും ഓൺലൈൻ സൈറ്റിൽ പരിശോധിച്ചപ്പോൾ വ്യാജമാണെന്നു കണ്ടെത്തി. കഴിഞ്ഞ 31 ന് എടുത്ത പെർമിറ്റ് തീയതി മാത്രം തിരുത്തി ഉപയോഗിക്കുകയുമായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ കേസ് പൊലീസിന് കൈമാറുകയായിരുന്നു.
പെർമിറ്റ് തയാറാക്കി തരുന്ന ഹുൻസൂരിലെ ഓൺലൈൻ സ്ഥാപനത്തിൽ 1440 രൂപ വേണ്ടിടത്തു അവരുടെ ചാർജ് കൂടി ചേർത്ത് 2600 രൂപ നൽകിയതായാണു ലോറി ഡ്രൈവറും ഉടമയും അറിയിച്ചത്. ഈ വാദം ശരിയാണെങ്കിൽ ഓൺലൈൻ സ്ഥാപനം വ്യാജ പെർമിറ്റ് നൽകി പറ്റിച്ചതാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഇത്തരം സംഭവങ്ങൾ കൂടുതലായി നടക്കുന്നുണ്ടോ എന്നറിയാൻ മോട്ടർ വാഹന വകുപ്പ് പരിശോധന ശക്തമാക്കും.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സനീഷ് പുതിയവീട്ടിൽ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺകുമാർ, അനൂപ് എന്നിവർ ഉണ്ടായിരുന്നു. ഇരിട്ടി എസ്എച്ച്ഒ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.