ADVERTISEMENT

ഇരിട്ടി ∙ മാക്കൂട്ടം ചുരം പാതയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക വനംവകുപ്പ്. ഒരാഴ്ചയ്ക്കകം 6 കേസുകളിലായി 2 ലോറി, ഒരു മിനി ലോറി, 2 പിക്കപ് ജീപ്പ്, ഒരു കാർ എന്നിവ പിടികൂടി. 2 ലോറി ജീവനക്കാർ 7 ദിവസമായി മടിക്കേരി ജയിലിലാണ്. 5 വാഹന ജീവനക്കാരിൽ നിന്നായി 38,000 രൂപ പിഴയും ഈടാക്കി. 

കർണാടകയുടെ അധീനതയിൽ വരുന്നതാണ് മാക്കൂട്ടം ചുരം പാത. കൂട്ടുപുഴ പാലം കഴിഞ്ഞാൽ പെരുമ്പാടി ചെക്ക് പോസ്റ്റ് വരെ 20 കിലോമീറ്റർ ദൂരം റോഡിന് താഴെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതവും റോഡിന് മുകൾ വശം മാക്കൂട്ടം റിസർവ് വനവും ആണ്.ഈ റൂട്ടിൽ മാലിന്യം തള്ളുന്നതും മദ്യപാനത്തിനു ശേഷം കുപ്പി ഉൾപ്പെടെ  വലിച്ചെറിയുന്നതും തുടർകഥയായതോടെയാണു കർണാടകയുടെ വനംവകുപ്പും മാക്കൂട്ടം ടെറിട്ടോറിയൽ വിഭാഗവും വന്യജീവി സങ്കേതം അധികൃതരും കർശന നടപടിയുമായി രംഗത്ത് എത്തിയത്. 

പിടിയിലാകുന്നത് വാഹന ജീവനക്കാർ

കേരളത്തിൽ ലോഡ് ഇറക്കി മടങ്ങുന്ന ഇതരസംസ്ഥാന ലോറി, ടാക്സി ജീവനക്കാരാണ് പ്രധാനമായും മാലിന്യ മാഫിയ സംഘങ്ങളുടെ ചൂഷണത്തിൽ മാക്കൂട്ടത്ത് പിടിയിലാകുന്നത്. ചെറിയ തുക മാത്രം നൽകി വാഹനങ്ങളിൽ മാലിന്യ ചാക്കുകളും നൽകിയാണ് ഇവരെ വിടുക. 100 രൂപ വാങ്ങി കൂത്തുപറമ്പിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യവുമായി കഴിഞ്ഞ 31ന് എത്തിയ ആന്ധ്രപ്രദേശ് റജിസ്ട്രേഷൻ ലോറി ജീവനക്കാരാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്. ഇവരുടെ കൈവശം പിഴ അടയ്ക്കാനുള്ള പണം പോലും ഇല്ലായിരുന്നു. 

വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസ്

ആദ്യദിവസം വനം വകുപ്പ് നേരിട്ട് കേസ് എടുത്ത് ജയിലിൽ അടച്ചെങ്കിലും പിന്നീട് വാഹനങ്ങൾ ബേട്ടോളി പഞ്ചായത്തിന് കൈമാറി പിഴ ഈടാക്കി വിടുകയാണ് ചെയ്യുന്നത്. ലോറി – 10000, പിക്കപ് ജീപ്പ് – 8000, കാർ – 5000 എന്നിങ്ങനെയാണ് പിഴ.

എന്നാൽ, ഇനിയും മാലിന്യം നിക്ഷേപിക്കുന്നതു തുടർന്നാൽ വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസ് എടുക്കുമെന്നു മാക്കൂട്ടം വനപാലകർ അറിയിച്ചു. രണ്ടര വർഷം തടവും പിഴയും ശിക്ഷ കിട്ടുന്ന വകുപ്പാണ്. 

ചുരത്തിൽ വാഹനം നിർത്തിയിടരുത്

മാക്കൂട്ടം ചുരത്തിൽ വാഹനം നിർത്തിയിട്ടു മദ്യപാനം നടത്തുന്നതു ഉൾപ്പെടെ ഉള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും കർണാടക വനം വകുപ്പ് നടപടി കർശനമാക്കിയിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടാൻ പ്രത്യേക മഫ്തി സംഘങ്ങളെ നിയോഗിച്ചു. വാഹനം നിർത്താതിരിക്കാൻ റോഡരികിൽ കല്ലും മറ്റുംവച്ചു തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com