തളിപ്പറമ്പ്∙ മെഡിക്കൽ ഓഫിസറുടെ സീലും വ്യാജ ഒപ്പും ഉണ്ടാക്കി വായ്പ എടുത്ത കേസിലെ പ്രതിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോടതിയിൽ കീഴടങ്ങി. കുറുമാത്തൂർ പിഎച്ച്സിയിലെ ജെഎച്ച്ഐ ആയിരുന്ന കുറുമാത്തൂർ സ്വദേശി നിഖിൽ ഫൽഗുനനാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്.
മെഡിക്കൽ ഓഫിസർ ഡോ. എം.സീനയുടെ പരാതിയിൽ ഇയാൾക്കെതിരെ 2 മാസം മുൻപ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ സ്വന്തം ശമ്പള സർട്ടിഫിക്കറ്റിലും മറ്റും ഡോ.സിനിയുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് ഇയാൾ പട്ടികജാതി വർഗ വികസന കോർപറേഷനിൽ നിന്ന് 2 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
പിന്നീട് സെപ്റ്റംബറിൽ ഇയാൾ കണ്ണപുരം പിഎച്ച്സിയിലേക്ക് മാറി. എന്നാൽ എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് പട്ടികജാതി വർഗ വികസന കോർപറേഷൻ അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് തന്റെ ഒപ്പും സീലും ഉപയോഗിച്ച് നിഖിൽ വായ്പ എടുത്ത വിവരം ഡോ.സിനിയും അറിഞ്ഞത്.
ഇതേ തുടർന്നാണ് 2 മാസം മുൻപ് പൊലീസിൽ പരാതി നൽകിയത്. ഇതിന് ശേഷം നിഖിൽ ഒളിവിലായിരുന്നു. കഴിഞ്ഞ നവംബർ 28ന് ഡിഎംഒ നിഖിലിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ കീഴടങ്ങിയ നിഖിലിനെ റിമാൻഡ് ചെയ്തു.