ADVERTISEMENT

ആറളം ഫാം ∙ ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെ ലോകത്തിലെ ഏറ്റവും ക്രൂരമായ നരഹത്യകളുടെ കേന്ദ്രമാക്കി മാറ്റിയതിനു പിന്നിൽ അധികൃതരുടെ കടുത്ത അനാസ്ഥയും നിസ്സംഗതയും. വന്യജീവി സങ്കേതത്തോടു ചേർന്നുള്ള ഭാഗം പുനരധിവാസ മേഖലയാക്കാനള്ള തീരുമാനം മുതലുണ്ട് അവഗണനയുടെ അധ്യായം. 7000 ഏക്കറോളം വിസ്തൃതമായ ഫാമിന്റെ ബാക്കി പകുതി പുനരധിവാസ മേഖലയിലുള്ളവർക്കു തൊഴിൽ നൽകാനായി നീക്കി വയ്ക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനങ്ങളിലൊന്ന്.

എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ കണ്ടത് ഈ ഭാഗം കൈതച്ചക്ക കൃഷിക്കായി പാട്ടത്തിനു നൽകുന്നതാണ്. കൈതച്ചക്കയുടെ മണത്തിൽ ആകൃഷ്ടരായെത്തിയ കാട്ടാനകൾ തോട്ടത്തിന്റെ സൗരവേലിയിൽ തട്ടി പ്രകോപിതരായി പുനരധിവാസ മേഖലയിലേക്കു കടക്കാൻ തുടങ്ങി. അങ്ങനെയൊരു രാത്രി, 2014 ഏപ്രിൽ 20ന് ബ്ലോക്ക് 13ൽ ചോമാനിയിൽ മാധവിയെ വീട് തകർത്ത് ആന കൊലപ്പെടുത്തി. പിന്നീട് തുടരെ കാട്ടാന ആക്രമണങ്ങളും പ്രതിഷേധങ്ങളും നടന്നപ്പോഴാണ് 2016ൽ ആനമതിൽ നിർമിക്കാൻ തീരുമാനമെടുത്തത്.

വളയംചാൽ മുതൽ കരിയംകാപ്പ് വരെ 9.25 കിലോമീറ്റർ ദൂരത്തിലാണു മതിൽ നിർമിച്ചത്. ഇതിന്റെ തുടർച്ചയായി കരിയംകാപ്പ് മുതൽ രാമച്ചി വരെ 2.13 കിലോമീറ്റർ ദൂരത്തിലും പിന്നീട് മതിൽ നിർമിച്ചു.  ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു നിർമാണം നടത്തിയത്. ഇതു ഫലപ്രദമായിരുന്നു. ഈ മേഖലയിലൂടെ ആനകൾ കടന്നുവരുന്നില്ലെന്നു മനസ്സിലാക്കിയതോടെ വനാതിർത്തി പൂർണമായി മതിൽ കെട്ടണമെന്ന് ആവശ്യമുയർന്നു.

കൊല്ലപ്പെട്ട രഘുവിന്റെ വീട് സന്ദർശിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയോട് പുനരധിവാസ മേഖലയിലെ താമസക്കാരിയായ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭ ദുരിത സാഹചര്യങ്ങൾ വിശദീകരിക്കുന്നു.
കൊല്ലപ്പെട്ട രഘുവിന്റെ വീട് സന്ദർശിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയോട് പുനരധിവാസ മേഖലയിലെ താമസക്കാരിയായ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭ ദുരിത സാഹചര്യങ്ങൾ വിശദീകരിക്കുന്നു.

ആനമതിലും സൗരോർജ തൂക്കുവേലിയും നിർമിക്കണം: കെ.സുധാകരൻ എംപി

ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ഭീഷണി പ്രതിരോധിക്കുന്നതിനുള്ള ശാശ്വത പരിഹാരം എന്ന നിലയിൽ ആനമതിലും താൽക്കാലിക സംവിധാനം എന്ന നിലയിൽ അടിയന്തരമായി സൗരോർജ തൂക്കുവേലിയും നിർമിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ വീട് സന്ദർശിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി പോലും ഇല്ലാത്ത രഘുവിന്റെ വീടിന്റെ കാലപ്പഴക്കവും സുരക്ഷിതത്വ കുറവും അന്വേഷിച്ച എംപി അറ്റകുറ്റപ്പണി കെപിസിസി ഏറ്റെടുത്തതായും പ്രഖ്യാപിച്ചു. അടുത്ത ആഴ്ച നവീകരണ പ്രവൃത്തി നടത്തും. ആറളം പുനരധിവാസ മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികൾ ഏറെ ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ല. ഇത് ഒഴിവാക്കാൻ സ്പെഷൽ റിക്രൂട്മെന്റ് സംവിധാനം ഏർപ്പെടുത്തണം. ആറളത്തു പുനരധിവാസത്തിനായി മുടക്കിയ കോടിക്കണക്കിനു രൂപയിൽ 5 ശതമാനം പോലും താമസക്കാർക്ക് ഫലപ്രാപ്തിയിൽ എത്തിയതായി കാണുന്നില്ല.

ഈ സാഹചര്യത്തിൽ വിദഗ്ധസമിതിയെ നിയോഗിച്ചു പഠനം നടത്തി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, ഡിസിസി സെക്രട്ടറി വി.ടി.തോമസ്, സാജു യോമസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭ, പി.സി.സോണി, വിബിൽസൺ, വിജയൻ, സമീർ പുന്നാട്, കെ.വി.റഷീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കൊല്ലപ്പെട്ട രഘുവിന്റെ വീട് സന്ദർശിച്ച സ്പീക്കർ എ.എൻ.ഷംസീർ രഘുവിന്റെ മക്കളായ രഹ്ന, രജ്ഞിനി, വിഷ്ണു എന്നിവരോട് സംസാരിക്കുന്നു.
കൊല്ലപ്പെട്ട രഘുവിന്റെ വീട് സന്ദർശിച്ച സ്പീക്കർ എ.എൻ.ഷംസീർ രഘുവിന്റെ മക്കളായ രഹ്ന, രജ്ഞിനി, വിഷ്ണു എന്നിവരോട് സംസാരിക്കുന്നു.

ഇനി ആരും അനാഥമാകാതിരിക്കാൻ ഇടപെടുമെന്ന് എ.എൻ.ഷംസീർ

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇനിയൊരു കുടുംബവും അനാഥമാകാതിരിക്കാൻ സർക്കാരിൽ ഇടപെടൽ നടത്തുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. മുഖ്യമന്ത്രിയെക്കണ്ട് ചർച്ച നടത്തും. ഇന്ന് നിയമസഭ സമ്മേളനത്തിന്റെ ഇടവേളയിൽ വനം, ധനം, പട്ടികവർഗ ക്ഷേമം വകുപ്പ് മന്ത്രിമാരെയും സ്ഥലം എംഎൽഎ സണ്ണി ജോസഫിനെയും ഉൾപ്പെടുത്തി യോഗം ചേർന്ന് അടിയന്തര തീരുമാനങ്ങൾ കൈക്കൊള്ളും. ആറളം ഫാമിന്റെ സുരക്ഷയ്ക്കു സർക്കാർ പ്രഖ്യാപിച്ച ആനമതിൽ നിർമാണം ആരംഭിക്കാനുള്ള സാഹചര്യമൊരുക്കുകയാണു ലക്ഷ്യം.

താൽക്കാലിക സംവിധാനമായി സൗരോർജ തൂക്കുവേലി വേണമെന്നും താമസക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രഘുവിന്റെ മക്കളുടെ സംരക്ഷണം സർക്കാർതലത്തിൽ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കൂട്ടണമെന്നും സ്ഥിരം ശല്യക്കാരായ മോഴയാനയെയും കല്ലേരിക്കൊമ്പനേയും ഫാമിൽ നിന്നു പിടികൂടി വനത്തിൽ വിടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടതും മന്ത്രിമാരുടെ ചർച്ചയിൽ ഉൾപ്പെടുത്തും.

സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശ്രീധരൻ, കെ. വി. സക്കീർ ഹുസൈൻ, എകെഎസ്‌ ജില്ലാ സെക്രട്ടറി കെ.മോഹനൻ, പി. കെ. സുരേഷ്‌ബാബു, ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി.രാജേഷ്‌, വാർഡ് അംഗം മിനി ദിനേശൻ, കെ. കെ. ജനാർദനൻ, കെ.ജി.ദിലീപ്‌, ഇ.എസ്.സത്യൻ, കെ. കെ. ജനാർദനൻ, പി.കെ.രാമചന്ദ്രൻ എന്നിവരും സ്പീക്കർക്കൊപ്പമുണ്ടായിരുന്നു.

ആനമതിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചത് 2019 ൽ

2018 ഒക്ടോബർ 30ന് ബ്ലോക്ക് 13ൽ ദേവു കരിയാത്തനെയും ഡിസംബർ 8ന് ബ്ലോക്ക് 10ൽ പുലിക്കരി ചപ്പിലി കൃഷ്ണനെയും കാട്ടാന ആക്രമിച്ചു കൊന്നു. 38 ദിവസത്തെ ഇടവേളയിൽ രണ്ടു മരണങ്ങൾ കണ്ട ഫാം നിവാസികൾ കടുത്ത പ്രതിഷേധം വീണ്ടും ഉയർത്തിയപ്പോഴാണ് 2019 ജനുവരി 6ന് അന്നത്തെ പട്ടികവിഭാഗ മന്ത്രി എ.കെ.ബാലൻ ഫാം സന്ദർശിച്ചത്.

വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ ബാക്കിയുള്ള 10.5 കിലോമീറ്റർ നീളത്തിൽ ആനമതിലും 3 കിലോമീറ്ററിൽ റെയിൽ വേലിയും നിർമിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ടിആർഡിഎം ഫണ്ടിൽ നിന്ന് 22 കോടി രൂപയും അനുവദിച്ചു. ഊരാളുങ്കൽ സൊസൈറ്റി തന്നെ തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു തുക കണക്കാക്കിയത്. എന്നാൽ ഉദ്യോഗസ്ഥരും വകുപ്പുകളും മത്സരിച്ചു പാര പണിയുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.

കാട്ടാനകൾ ആക്രമണം തുടർന്നപ്പോൾ 2022 ജനുവരിയിൽ ടെൻഡർ നൽകാനായി പിഡബ്യുഡി എസ്റ്റിമേറ്റ് പുതുക്കി. അപ്പോഴേക്കും 10.5 കിലോമീറ്ററിനു തുക 46.2 കോടിയായി ഉയർന്നിരുന്നു. ബാക്കി 3 കിലോമീറ്റർ റെയിൽ ഫെൻസിങ്ങിനു കോടികൾ വേറെയും വേണം. തീരുമാനമാകാതെ ഫയൽ തട്ടിക്കളി തുടർന്നപ്പോൾ ആദിവാസികൾ കോടതി കയറി. അവസാനം കോടതി തന്നെ മതിൽ നിർമിക്കണമെന്നു നിർദേശിച്ചെങ്കിലും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ഇതിനു പിന്നാലെ കോടതിയുടെ പരിഗണനയ്ക്കെത്തി.

റിപ്പോർട്ട് പരിഗണിച്ച കോടതി സോളർ തൂക്കുവേലി നിർമിക്കാനാണ് അവസാനം നിർദേശിച്ചത്. അതും നടപ്പാകാതിരുന്ന ദിവസങ്ങളിൽ കഴിഞ്ഞ സെപ്റ്റംബർ 27നു ഫാമിൽ അടുത്ത മരണം നടന്നു, വാസു കാളികയം –ഫാമിലെ പതിനൊന്നാമത്തെ രക്തസാക്ഷി! പതിവുപോലെ പ്രതിഷേധം കനത്തപ്പോൾ മുഖ്യമന്ത്രി നേരിട്ടു യോഗം വിളിച്ചു. ആനമതിൽ നിർമിക്കുമെന്ന് ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തു.

മതിൽ നിർമാണം തുടങ്ങിയില്ല. വനംമന്ത്രിയും ചീഫ് സെക്രട്ടറിയും കലക്ടറും വൈൽഡ് ലൈഫ് വാർഡനും എല്ലാം കയ്യടിച്ചു പാസാക്കിയ തീരുമാനമാണു പതിവുപോലെ പാഴ്‌വാക്കായത്. ആറു മാസം പിന്നിടുമ്പോൾ കാട്ടാന ഫാമിൽ പന്ത്രണ്ടാമത്തെ ജീവനെടുത്തു കഴിഞ്ഞു. ഇപ്പോഴും നിസ്സംഗത തുടരുകയാണ് അധികൃതർ. 

സൗരോർജ തൂക്കുവേലിക്ക് ആരാണ് തടസ്സം ?

ആനമതിൽ പണിയാനുള്ള ചെലവോ മനുഷ്യാധ്വാനമോ സമയമോ വേണ്ട പദ്ധതി അല്ല സോളർ തൂക്കുവേലിയുടേത്. കർണാടകയിൽ തൂക്കുവേലി പദ്ധതി വിജയകരമായി നടപ്പാക്കിയത് ‘കരയാനാ വിധി’ പരമ്പരയിൽ നാലു വർഷം മുൻപു മലയാള മനോരമ ചൂണ്ടിക്കാട്ടിയിരുന്നു. ചന്ദനക്കാംപാറയിൽ തൂക്കുവേലി നിർമിക്കാനുള്ള ശുപാർശ അന്നത്തെ ഡിഎഫ്ഒ എം. വി. ജി.കണ്ണൻ സർക്കാരിനു സമർപ്പിക്കുകയും ചെയ്തിരുന്നു.

ആറളത്തിനു തൊട്ടടുത്ത് പാലപ്പുഴ മുതൽ കണിച്ചാർ കാളികയം എട്ടര കിലോമീറ്ററിൽ സ്വന്തം നിലയിൽ തൂക്കുവേലി പണിതു നാട്ടുകാർ തന്നെ വലിയൊരു മാതൃക കേരളത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ആകെ ചെലവ് 4.8 ലക്ഷം രൂപ മാത്രമാണ്. തൂക്കുവേലി പണിത് രണ്ടു വർഷത്തിനിടെ ഒരിക്കൽപ്പോലും കാട്ടാനകൾ ഇതുവഴി കടന്നുവന്നിട്ടില്ല.

ഈ തൂക്കുവേലി വിജയം കണ്ടതോടെ ഇതിന്റെ തുടർച്ചയായി പാലപ്പുഴ, പെരുമ്പഴശ്ശി, കൊക്കോട് ഗ്രാമങ്ങളിൽ മൂന്നു ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ 7 കിലോമീറ്റർ കൂടി നാട്ടുകാർ ഇതേ രീതിയിൽ വേലി പണിതു. ഇവിടെയും ആനകൾ വന്നിട്ടില്ല. വനംവകുപ്പ് ശുപാർശ ചെയ്യുന്ന തരത്തിൽ, തൂണിന് ഇരുവശത്തും വൈദ്യുതി ലൈൻ തൂങ്ങുന്ന തരത്തിലുള്ള വേലി നിർമിച്ചാൽ പോലും 10.5 കിലോമീറ്ററിനു ചെലവ് ഒന്നോ രണ്ടോ കോടിയിൽ ഒതുങ്ങും.

അതിവേഗം നിർമിക്കുകയും ചെയ്യാം. കണിച്ചാറിൽ ദിവസങ്ങൾ കൊണ്ടാണു നാട്ടുകാർ വേലി പണിതതെന്നു മറക്കരുത്. ഈ മാതൃകയിൽ വേലി നിർമിക്കാൻ എന്താണ് തടസ്സമെന്ന് സർക്കാർ വ്യക്തമാക്കണം. ഇനി എത്രപേർ കൂടി മരിച്ചാലാണ് ഫയൽ പൊടിതട്ടിയെടുക്കുക എന്നെങ്കിലും ഈ നിരാലംബരായ ജനതയോടു പറയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com