ADVERTISEMENT

കണ്ണൂർ∙ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയെ കോർപറേഷൻ തടസ്സപ്പെടുത്തിയെന്ന പ്രതിപക്ഷാംഗങ്ങളുടെ ആരോപണത്തെ തുടർന്നു കൗൺസിൽ യോഗത്തിൽ ബഹളം. പ്രതിഷേധവുമായി കൗൺസിൽ നടുത്തളത്തിലെത്തിയ പ്രതിപക്ഷാംഗങ്ങൾ മേയർ ടി.ഒ.മോഹനന്റെ കർശന നിലപാടിനെ തുടർന്ന് സീറ്റിലേക്ക് മടങ്ങി.   ചേലോറ, എളയാവൂർ മേഖലകളിൽ റോഡിന്റെ പ്രവർത്തനം ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിന്റെ പേരിൽ തടസ്സപ്പെട്ടിരിക്കയാണെന്നു കൗൺസിലർമാർ ചൂണ്ടിക്കാട്ടി. 

ഗതാഗത പ്രശ്നത്തിൽ ജനം ദുരിതത്തിലാണെന്നും പദ്ധതി നടപ്പാക്കുന്നതിൽ കോർപറേഷൻ തടസ്സം നിൽക്കുകയാണെന്നും ഇവർ പറഞ്ഞു. സമയബന്ധിതമായി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കോർപറേഷൻ നടപടി സ്വീകരിക്കുമെന്ന് മേയർ‌ കൗൺസിലിനെ അറിയിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം നിലവിലെ പ്രവൃത്തി അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി നൽകും. ഗെയ്‌ലിന്റെ പൈപ്പിടൽ വൈകാൻ കാരണം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ പ്രശ്‌നമാണ്.

ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതിൽ തീരുമാനമാകുന്നതോടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നും മേയർ പറഞ്ഞു. കോർപറേഷനിലെ വെട്ടിപ്പൊളിച്ച റോഡിന്റെ അവസ്ഥ ദയനീയമാണെന്ന് സിപിഎം കൗൺസിൽ പാർട്ടി ലീഡർ എൻ.സുകന്യ ചൂണ്ടിക്കാട്ടിയപ്പോൾ റോഡിന്റെ പേരിൽ സമരാഭാസമാണ് എൽഡിഎഫ് നടത്തുന്നതെന്നു സ്ഥിരം സമിതി അധ്യക്ഷ പി.ഇന്ദിരയുടെ പരാമർശം വീണ്ടും ബഹളത്തിനു കാരണമായി. 

താൽക്കാലികമായി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരെ പുനർ നിയമിക്കുന്നതിനെ കുറിച്ച് ചർച്ച വന്നപ്പോഴും ബഹളമുണ്ടായി.  പ്രതിപക്ഷ ആരോപണത്തിന് പാർട്ടി സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കോർപറേഷനിൽ ആർക്കും ജോലി നൽകിയിട്ടില്ലെന്നു മേയർ പ്രതികരിച്ചു. പയ്യാമ്പലത്ത് 2 കോടി രൂപയുടെ വികസന പ്രവർത്തനത്തിനു കോർപറേഷൻ പദ്ധതിയുണ്ടെങ്കിലും സിആർസെഡ് അനുമതി ലഭിക്കാത്തതിനാൽ പദ്ധതി തുടങ്ങാനായിട്ടില്ലെന്നും മേയർ‌ പറഞ്ഞു. പയ്യാമ്പലം പൊതുശ്മശാന കെട്ടിടത്തിന്റെ ദുരവസ്ഥ പരിഹരിക്കും. 

കോർപറേഷന് 18 കോടി രൂപയുടെ നിക്ഷേപം 

കണ്ണൂർ കോർപറേഷന് വിവിധ ബാങ്കുകളിലായി 18 കോടി രൂപയുടെ സ്ഥിര നിക്ഷേപം. കേരള ബാങ്ക്, കണ്ണൂർ കോ ഓപ്പ് അർബൻ ബാങ്ക്, പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ 20 സ്ഥിര നിക്ഷേപങ്ങളിലായാണ് 18 കോടി രൂപയുള്ളത്. സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.രാഗേഷ് ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി മേയർ ടി.ഒ.മോഹനൻ ആണ് സ്ഥിര നിക്ഷേപ കണക്കുകൾ കൗൺസിലിനെ അറിയിച്ചത്.ഇതുസംബന്ധിച്ച് തുടർ ചോദ്യമുന്നയിക്കാൻ പി.കെ.രാഗേഷ് ശ്രമിച്ചപ്പോൾ അതിന് ചട്ടമില്ലെന്ന് പറഞ്ഞ് മേയർ അടുത്ത അജൻഡയിലേക്ക് കടന്നു.

ജവാഹർ സ്റ്റേഡിയം കോംപ്ലക്സിന് രക്തസാക്ഷി വേണോ? 

ജവാഹർ സ്റ്റേഡിയം കോംപ്ലക്സിലെ കെട്ടിടങ്ങൾ കാലപ്പഴക്കം കാരണം അപകട ഭീഷണിയിലായിട്ടും നന്നാക്കാത്തതിനെതിരെ കൗൺസിലിൽ ചോദ്യ ശരം. കെട്ടിടം തകർന്ന് ഇനിയൊരു രക്തസാക്ഷിയുണ്ടായിട്ടു വേണോ പരിഹാരം കാണാൻ എന്ന് പ്രതിപക്ഷാംഗങ്ങളായ എൻ.സുകന്യ, ടി.രവീന്ദ്രൻ എന്നിവർ ചോദ്യം ഉന്നയിച്ചു. 

കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ആധുനിക സൗകര്യത്തോടെ, 5 വർഷത്തിനുള്ളിൽ മികച്ച സ്റ്റേഡിയം നിർമിക്കുക എന്ന ആശയമാണ് കോർപറേഷനുള്ളതെന്നു മേയർ അറിയിച്ചു. ഇത് സംബന്ധിച്ച് 2 വട്ടം ചർച്ച നടത്തിയിട്ടുണ്ട്. ഈ കൗൺസിൽ കാലത്ത് തന്നെ ഇതിനുള്ള നടപടിയുണ്ടാകുമെന്നും മേയർ വ്യക്തമാക്കി. 

തെരുവ് വിളക്കുകൾ  സ്മാർട് ലൈറ്റിലേക്ക്  

കോർപറേഷൻ പരിധിയിലെ മുഴുവൻ തെരുവ് വിളക്കുകളും സെൻട്രലൈസ്ഡ് കൺട്രോൾ ആൻഡ് മോണിറ്ററിങ് സിസ്റ്റം ഏർപ്പെടുത്തി സ്മാർട് സ്ട്രീറ്റ് ലൈറ്റ് ആക്കും.ഇതിനായി 3 വർഷം പരിചയമുള്ള കമ്പനികളിൽ നിന്ന് താൽപര്യ പത്രം ക്ഷണിക്കും. നിലവിലുള്ള എല്ലാ തെരുവ് വിളക്കുകളും ഈ സംവിധാനത്തിലേക്ക് മാറ്റും.

തെരുവ് വിളക്കുകൾ സ്ഥാപിച്ച് 10 വർഷത്തെ പരിപാലനത്തിന് ശേഷം കോർപറേഷനു തെരുവ് വിളക്കുകൾ മുഴുവനും കൈമാറണം എന്ന വ്യവസ്ഥയ്ക്ക് വിധേയമായി പദ്ധതി നടപ്പാക്കും. ഹൈ മാസ്റ്റ്– 29, മിനി മാസ്റ്റ് –197 ഉൾപ്പെടെ 25,461 തെരുവ് വിളക്കുകളാണ് കോർപറേഷൻ പരിധിയിലുള്ളത്. 

വാർഷിക പദ്ധതിക്ക് കൗൺസിൽ അംഗീകാരം

കോർപറേഷൻ 2023-24 വർഷത്തെ വാർഷിക പദ്ധതി കൗൺസിൽ യോഗം അംഗീകരിച്ചു ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ തീരുമാനിച്ചു.വികസന ഫണ്ട് ജനറൽ ഇനത്തിൽ - 52 കോടി രൂപ, പട്ടികജാതി ഫണ്ട് ഇനത്തിൽ - 3കോടി 68 ലക്ഷം രൂപ, പട്ടിക വർഗ ഫണ്ട് ഇനത്തിൽ - 35 ലക്ഷം രൂപ, മെയിന്റനൻസ് ഗ്രാൻഡ് (റോഡിതരം)- 4 കോടി രൂപ, മെയിന്റനൻസ് ഗ്രാൻഡ് (റോഡ്)- 10 കോടി 63 ലക്ഷം രൂപ എന്നിവയുടെ പദ്ധതികളാണ് തയാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുക.

കോർപറേഷൻ ബജറ്റ് ഇന്ന് 

കോർപറേഷൻ ബജറ്റ് ഇന്നു രാവിലെ 9.30ന് കൗൺസിൽ ഹാളിൽ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ ഡപ്യൂട്ടി മേയർ‌ കെ.ഷബീന അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com