ADVERTISEMENT

ഇരിക്കൂർ∙ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നു പിഡബ്ല്യുഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇരിക്കൂർ പിഡബ്ല്യുഡി ഓഫിസിന്റെ ഫ്യൂസാണ് ചാലോട് കെഎസ്ഇബി അധികൃതർ ഊരിക്കൊണ്ടുപോയത്. 2786 രൂപയായിരുന്നു ബിൽ തുക. കഴിഞ്ഞ 15 ആയിരുന്നു അവസാന തീയതി. പൈസ അടയ്ക്കാത്തതിനാൽ ഇന്നലെ രാവിലെ കെഎസ്ഇബി അധികൃതരെത്തിഫ്യൂസ് ഊരുകയായിരുന്നു. വൈദ്യുതി നിലച്ചതോടെ ഓൺലൈനായി ചെയ്യേണ്ട ഓഫിസ് പ്രവർത്തനങ്ങളൊന്നും ഇന്നലെ നടന്നില്ല.

വിവിധ പ്രവൃത്തികളുടെ ബിൽ കൊടുക്കൽ, ചെയ്ത പ്രവൃത്തികളുടെ അളവു രേഖപ്പെടുത്തൽ, പുതിയ എസ്റ്റിമേറ്റ് എടുക്കൽ ഉൾപ്പെടെ എല്ലാം താറുമാറായി.സാധാരണ വൈദ്യുതി ബിൽ വന്നാൽ തളിപ്പറമ്പ് സബ് ഡിവിഷൻ ഓഫിസിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്‌. ഇവിടെ നിന്നാണ് ബിൽ അടയ്ക്കുന്നത്.

കണ്ണൂർ ജില്ലയിലെ പിഡബ്ല്യുഡി സെക്‌ഷൻ ഓഫിസ് ചെലവുകൾക്കാവശ്യമായ തുക പിഡബ്ല്യുഡി തിരുവനന്തപുരം ധനകാര്യ വിഭാഗത്തിൽ നിന്ന് കണ്ണൂർ ഡിവിഷനൽ ഓഫിസിലേക്ക് അയയ്ക്കുകയും ഇവിടന്ന് ജില്ലയിലെ സബ് ഡിവിഷൻ ഓഫിസുകൾക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ഇതുവരെ കണ്ണൂർ ഡിവിഷൻ ഓഫിസിലേക്ക് പൈസ എത്തിയിട്ടില്ലെന്നു പറയുന്നു.

ഇതുകാരണം കണ്ണൂർ ഡിവിഷൻ ഓഫിസിൽ നിന്ന് വൈദ്യുതി ബിൽ അടയ്ക്കാനുള്ള സാവകാശം തേടി കണ്ണൂർ കെഎസ്ഇബിയിൽ അപേക്ഷ  കൊടുത്തിട്ടുണ്ട്. ജീവനക്കാർ സ്വന്തമായി പണമെടുത്ത് അടച്ചാൽ പൈസ തിരികെ ലഭിക്കില്ല. ഇതു കാരണമാണ് ആരും അടയ്ക്കാതിരിക്കുന്നത്. ഇരിക്കൂർ നിയോജക മണ്ഡലവും മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളുടെ ചില ഭാഗവും ഉൾപ്പെടുന്നതാണ് ഇരിക്കൂർ പിഡബ്ല്യുഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com