ADVERTISEMENT

പാനൂർ ∙ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട കുറ്റ്യാടി–മട്ടന്നൂർ നാലുവരിപ്പാതയുടെ അടയാളക്കുറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് വ്യാപാരികളുമായുള്ള തർക്കത്തെ തുടർന്ന് ഇന്നലെ പാനൂർ ടൗണിൽ അടയാളപ്പെടുത്തൽ പൂർത്തിയാക്കാൻ കഴി‍ഞ്ഞില്ല. രാവിലെ നടപടികൾ സുഗമമായി പോയെങ്കിലും കൂത്തുപറമ്പ് റോഡിൽ ബസ് കാത്തിരിപ്പിനു കേന്ദ്രത്തിനടുത്തെത്തിയപ്പോഴാണ് തടസ്സവാദവുമായി വ്യാപാരി രംഗത്തു വന്നത്.

വിട്ടു നൽകേണ്ട സ്ഥലം സംബന്ധിച്ചുള്ള തർക്കമായതോടെ പരിഹരിക്കാൻ‌ മണിക്കൂറുകൾ വേണ്ടി വന്നു. റോഡിന്റെ രണ്ടു ഭാഗത്തെയും വിട്ടു നൽകേണ്ട സ്ഥലത്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണമുണ്ടായി. അളവു തിട്ടപ്പെടുത്തേണ്ട ഉപകരണം എത്തുന്നതുവരെ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തു തന്നെ നിൽക്കേണ്ടി വന്നു.സന്ധ്യയോടെയാണ് ഇതു പരിഹരിച്ചത്. ഇന്ന് വള്ളങ്ങാട് എത്തുന്നതോടെ രേഖപ്പെടുത്തൽ പൂർത്തിയാകും. നേരത്തെ തയാറാക്കിയ പാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്തി കൃത്രിമം കാട്ടിയതായി വ്യാപാരികൾ ആരോപിച്ചു. ഇന്നലെയും വ്യാപാരികൾ ഹർത്താൽ ആചരിച്ചു.

പിആർ മന്ദിരവും പൊളിയ്ക്കും

മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റു നേതാവുമായിരുന്ന പിആർ കുറുപ്പിന്റെ ഷഷ്ടിപൂർത്തി സ്മാരക മന്ദിരമായ പിആർ മന്ദിരം പാതയിൽ പെടുന്നതിനാൽ ഭാഗികമായി പൊളിച്ചു മാറ്റേണ്ടി വരും. പതിറ്റാണ്ടു പഴക്കമുള്ളതാണ് മന്ദിരം. തലശ്ശേരി താലൂക്കിലെ പ്രമുഖ ലൈബ്രറികളിലൊന്നായ പിആർ ലൈബ്രറിയും കെ.പി.മോഹനൻ എംഎൽഎയുടെ നിലവിലെ ക്യാംപ് ഓഫിസും പ്രവർത്തിക്കുന്നത് പിആർ മന്ദിരത്തിലാണ്. കെട്ടിടത്തിന്റെ പകുതി ഭാഗം പാതയ്ക്കു വേണ്ടി ഇന്നലെ ഉദ്യോഗസ്ഥർ അടയാളപ്പെടുത്തി. പാനൂരിലെ ചരിത്ര സ്മാരകമാണ് പിആർ മന്ദിരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com