സഭയിൽ കോൺഗ്രസ് സഭ്യത വിട്ടു: മുഖ്യമന്ത്രി

 എകെജി–ഇഎംഎസ് അനുസ്മരണ റാലിയുടെ ഭാഗമായി പെരളശ്ശേരിയിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.  ചിത്രം: മനോരമ
എകെജി–ഇഎംഎസ് അനുസ്മരണ റാലിയുടെ ഭാഗമായി പെരളശ്ശേരിയിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

പെരളശ്ശേരി∙ നിയമസഭയിൽ കോൺഗ്രസ് സ്വീകരിച്ചതു സഭ്യമായ രീതികളല്ലെന്നും വനിതാ വാച്ച് ആൻഡ് വാർഡിനു നേരെ മര്യാദയില്ലാത്ത പെരുമാറ്റമുണ്ടായതായും പ്രതിപക്ഷം എങ്ങോട്ടാണു നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എകെജിയുടെ 46ാം ചരമദിനത്തോടനുബന്ധിച്ചു സിപിഎം നടത്തിയ എകെജി–ഇഎംഎസ് അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘നിയമസഭയിൽ സഭയുടേതായ രീതികളുണ്ട്. അതു സഭ്യമായ രീതികളാണ്. സഭ്യേതര രീതിയില്ല. നിർഭാഗ്യവശാൽ ആ രീതികളിലാണു കോൺഗ്രസ് എത്തിപ്പെട്ടിട്ടുള്ളത്. നാട്ടിലെ വികസന കാര്യങ്ങളും നേട്ടങ്ങളുമൊന്നും നിയമസഭയിൽ ചർച്ചയാകരുതെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽമര്യാദയില്ലാത്ത പെരുമാറ്റം നേരിടേണ്ടി വന്ന വനിതാ വാച്ച് ആൻഡ് വാർഡുണ്ട്. സംഭവങ്ങൾ നിയമസഭാ സെക്രട്ടേറിയറ്റും സ്പീക്കറും പരിശോധിക്കട്ടെ. 

ഇതാണോ സഭാരീതി?. വാക്കൗട്ടിനു മുൻപു പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിന്റെ അവസാന വാക്കും കഴിഞ്ഞയുടൻ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.  അടിയന്തര പ്രമേയം അനുവദിക്കുന്നില്ലെന്നാണു പറയുന്നത്. അനുമതിയുണ്ടോയെന്നു സഭയെ അറിയിക്കാൻ പോലും സ്പീക്കർക്ക് അവസരം നൽകിയില്ല. സ്പീക്കർ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോൾ സമാന്തരമായി സഭ ചേരാൻ പാടില്ല. ആ കീഴ്‌വഴക്കമാണു പ്രതിപക്ഷം ലംഘിച്ചത്.– പിണറായി വിജയൻ പറഞ്ഞു. 

മതന്യൂനപക്ഷങ്ങളിലെ പ്രധാനികളെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമം

‘മതന്യൂനപക്ഷങ്ങളിലെ ചില പ്രധാനികളെ നല്ലതുപോലെ പ്രീണിപ്പിക്കാൻ ഇപ്പോൾ സംഘപരിവാർ പലവഴിക്കും ശ്രമിക്കുന്നുണ്ടെന്നു പിണറായി വിജയൻ. അതു പ്രീണനമാകാം, ഭീഷണിയാകാം പ്രലോഭനമാകാം. വോട്ട് മാത്രമാണു സംഘപരിവാറിന്റെ നോട്ടം. ചില പ്രധാനികളെയൊക്കെ അവർ വല്ലാതെ സമീപിക്കുന്നു. പക്ഷേ, പൊതുവേ അതങ്ങോട്ട് സ്വീകരിക്കപ്പെടുന്നില്ല. 

വെളുക്കെച്ചിരിച്ച് ചിലേടത്തു കയറിച്ചെന്നു നമുക്കു തമ്മിൽ ബാന്ധവമായാൽ എന്താ എന്നു ചോദിച്ചാൽ, അതു പെട്ടെന്നു സമ്മതിക്കാൻ പറ്റുമോ? ഉദ്ദേശിച്ച പ്രതികരണം ലഭിച്ചില്ലെന്നുറപ്പാണ്. ഏതു തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താൻ പറ്റും. ആ ചിലർ പൊതുവായിട്ടുള്ളതല്ല. പൊതുവികാരവുമല്ല. കേരളത്തിന്റെ പൊതുവികാരം മതനിരപേക്ഷമാണ്.

 അതുകൊണ്ടു ബിജെപിക്കു വെപ്രാളമുണ്ടാകുന്നതു സ്വാഭാവികം. എല്ലാം പിടിച്ചടക്കൽ അത്ര എളുപ്പമല്ല. അവസരവാദികളായ ഏതാനും ചിലരെ സുഖിപ്പിക്കുന്ന വർത്തമാനത്തിനു കിട്ടുമെങ്കിലും അതാണു കേരളത്തിന്റെ പൊതുവികാരമാണെന്നു സംഘപരിവാർ തെറ്റിദ്ധരിക്കേണ്ട. 

ബിജെപി അജൻഡ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്ന നാടല്ല കേരളം. ബിജെപിയുടെ നിയമസഭയിലെ അക്കൗണ്ട് പൂട്ടിച്ചത് എൽഡിഎഫാണ്.’ – അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തെയും ബിജെപി നേതാക്കൾ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചതിനെയും നേരിട്ടു പരാമർശിക്കാതെയാണിത് അദ്ദേഹം പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS