വിടപറഞ്ഞത് പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന വലിയരാജ

ചിറക്കൽ കോവിലകം വലിയ രാജ സി.കെ.രവീന്ദ്രവർമയുടെ മൃതദേഹം ചിറക്കലിലെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്നവർ.		ചിത്രം: മനോരമ
ചിറക്കൽ കോവിലകം വലിയ രാജ സി.കെ.രവീന്ദ്രവർമയുടെ മൃതദേഹം ചിറക്കലിലെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്നവർ. ചിത്രം: മനോരമ
SHARE

ചിറക്കൽ ∙ രാജപദവിക്കൊപ്പം പൊതുരംഗത്തും സജീവമായിരുന്നു വിട പറഞ്ഞ ചിറക്കൽ കോവിലകം വലിയരാജ സി.കെ.രവീന്ദ്രവർമ. കവി, ഗാനരചയിതാവ്, നാടകകൃത്ത്, ആധ്യാത്മിക പ്രഭാഷകൻ, ചരിത്ര ഗവേഷകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ചിറക്കൽ ചിറ നവീകരണത്തിനായി സർക്കാരിനു വിട്ടു കൊടുക്കുന്നത് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളിലും മാതൃകാപരമായ നിലപാട് സ്വീകരിച്ചു. ചിറക്കൽ കോവിലകത്തിനു കീഴിലുള്ള 38 ക്ഷേത്രങ്ങളുടെ ദേവസ്വം ട്രസ്റ്റിയാണ്.

മുൻകാല രാജാക്കന്മാരുടെ കാലഘട്ടത്തിലും ചിറക്കൽ കോവിലകം ദേവസ്വം ട്രസ്റ്റി പ്രതിനിധിയായിരുന്നു. 20 വർഷത്തോളം അദ്ദേഹം ഈ ചുമതല വഹിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് അക്കൗണ്ട്സ് ഓഫിസർ പദവിയിൽ നിന്നു വിരമിച്ച ശേഷം ചരിത്ര പഠനത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. പന്തളം പാലസ്  വെൽഫെയർ സൊസൈറ്റി കെ.രാമവർമ സാഹിത്യ പുരസ്കാരം 2011ൽ രാജയുടെ 'ആഞ്ജനേയോപദേശം' കവിതയ്ക്കു ലഭിച്ചു.

ശങ്കരാചാര്യരുടെ 'ഭജഗോവിന്ദ'ത്തിന്റെ കാവ്യരൂപത്തിലുള്ള വിവർത്തനവും ‘അന്നും ഇന്നും' എന്ന കവിതാ സമാഹാരവുമാണു മറ്റു കൃതികൾ. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയിട്ടുണ്ട്. ഫോക്‌ലോർ അക്കാദമിയിൽ രണ്ടു തവണ അംഗമായിരുന്നു. മലബാറിലെ ദേവസ്വങ്ങൾക്കുവേണ്ടിയുള്ള ക്ഷേമനിധിയിലെ അംഗമായും പ്രവർത്തിച്ചു.

ക്ഷേത്രകലാ അക്കാദമി അംഗമാണ്. അറക്കൽ രാജ കുടുംബവുമായി അഭേദ്യമായ ബന്ധം നിലനിർത്തി. അറക്കലിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകളിൽ ഏറെക്കാലമായി രവീന്ദ്ര വർമയായിരുന്നു കോവിലകം പ്രതിനിധിയായി പങ്കെടുത്തിരുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിച്ചു.

ചിറക്കൽ ചിറ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ ഇന്നു കാണുന്ന രീതിയിൽ മാറ്റിയെടുത്തതിൽ രവീന്ദ്രവർമയ്ക്ക് മുഖ്യപങ്കുണ്ട്. കോവിലകം പ്രതിനിധികളുടെ അനുവാദം നേടിയെടുത്ത് ചിറക്കൽ ചിറ നവീകരിക്കാൻ അദ്ദേഹം നടത്തിയ ഇടപെടൽ വിലപ്പെട്ടതാണ്. ശ്രീകൃഷ്ണ മതിലകം ക്ഷേത്രം നവീകരണത്തിനു വേണ്ടിയും സജീവമായി ഇടപെട്ടു. 

അനുശോചന പ്രവാഹം

ചിറക്കൽ ∙ ചിറക്കൽ കോവിലകം വലിയരാജ സി.കെ.രവീന്ദ്രവർമയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ അനുശോചിച്ചു. സാമൂഹിക–സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു എഴുത്തുകാരൻ കൂടിയായിരുന്ന രവീന്ദ്രവർമയെന്നു മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നാടിന്റെ വികസന കാര്യങ്ങളിൽ സജീവമായി ഇടപെടുകയും ക്രിയാത്മക നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്ന പിതൃതുല്യനായിരുന്നു രവീന്ദ്രവർമയെന്നു കെ.വി.സുമേഷ് എംഎൽഎ അനുസ്മരിച്ചു. കണ്ണൂരിന്റെ മതസൗഹാർദ പാരമ്പര്യത്തിന് വിലപ്പെട്ട സംഭാവന നൽകിയ വ്യക്തിയാണു രവീന്ദ്രവർമയെന്നു മേയർ ടി.ഒ.മോഹനനും ഓർമിച്ചു.

എം.വിജിൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി.അനിൽ കുമാർ തുടങ്ങിയവർ അനുശോചിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA