ADVERTISEMENT

ഇരിട്ടി ∙ ആനപ്പന്തി സഹകരണ ബാങ്ക് ഭരണം നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ജനകീയ സംരക്ഷണ സമിതിയും കനത്ത പോരാട്ടം നടത്തിയ തിരഞ്ഞെടുപ്പിൽ പൊലീസ് ഒരുക്കിയത് കനത്ത സുരക്ഷ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഡിവൈഎസ്പിയുടെയും 4 സിഐമാരുടെയും നേതൃത്വത്തിലുള്ള സ്ട്രൈക്കിങ് ഫോഴ്സ്, 25 എസ്ഐമാരുടെ നേതൃത്വത്തിൽ മൊബൈൽ പട്രോളിങ് ഗ്രൂപ്പുകൾ എന്നിവർ രംഗത്ത് ഉണ്ടായിരുന്നു. അങ്ങാടിക്കടവ്, വാണിയപ്പാറ, ആനപ്പന്തികവല, ചരൾ, കരിക്കോട്ടക്കരി, മുണ്ടയാംപറമ്പ്, ഡോൺ ബോസ്കോ കോളജ് കവല എന്നിങ്ങനെ 7 ഇടങ്ങളിലായി പിക്കറ്റ് ഏർപ്പെടുത്തി അയ്യൻകുന്ന് പഞ്ചായത്തിലേക്കു പ്രവേശിക്കുന്ന എല്ലാ വഴികളിലും വാഹന പരിശോധനയും നടത്തിയിരുന്നു.

ആനപ്പന്തി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്തിലേക്ക് ആറളം പഞ്ചായത്തിൽ നിന്നു പ്രവേശിക്കുന്ന എടൂർ സെമിത്തേരി ജംക‌്‌ഷനിൽ പൊലീസ് വാഹന പരിശോധന നടത്തുന്നു.

എൽഡിഎഫ് വിജയിച്ച തിരഞ്ഞെടുപ്പിൽ ഇരുകൂട്ടരും പരസ്പരം ആരോപണങ്ങളും ഉന്നയിച്ചു രംഗത്തെത്തി. പോളിങ് അവസാനിക്കേണ്ട 4 മണി കഴിയുമ്പോഴും ഒട്ടേറെ പേർ വോട്ട് ചെയ്യാൻ ബാക്കിയായിരുന്നു. സ്കൂൾ കവാടത്തിനു പുറത്ത് നൂറുകണക്കിന് ആളുകൾക്ക് ടോക്കൻ നൽകി. 6 മണിയോടെയാണ് ഇവർ വോട്ട് ചെയ്തു കഴിഞ്ഞത്. വോട്ടെണ്ണൽ കഴിഞ്ഞപ്പോഴേക്ക് രാത്രി വൈകി. ബാങ്കിൽ 9769 അംഗങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പിൽ പുതിയതായി തിരിച്ചറിയൽ കാർഡ് വാങ്ങിയത് 3917 പേരാണ്. 1958 പേർ വോട്ട് ചെയ്തു.

ഒ.എ.ഏബ്രാഹം ഓരത്തേൽ പ്രസിഡന്റ്

ആനപ്പന്തി സഹകരണ ബാങ്കിൽ വിജയിച്ച പുതിയ ഭരണസമിതി യോഗം ചേർന്നു പ്രസിഡന്റായി ഒ.എ.ഏബ്രഹാം ഓരത്തേലിനെയും വൈസ് പ്രസിഡന്റായി സി.എം.ജോർജ് ചിറ്റേട്ടിനെയും തിരഞ്ഞെടുത്തു. മറ്റു ഭരണസമിതി അംഗങ്ങൾ: സിബി വാഴക്കാല, ജോർജ് ഓരത്തേൽ, ബാബു കാരക്കാട്ട്, ബിജോയ് പ്ലാത്തോട്ടത്തിൽ, ചിന്നമ്മ പുരയിടത്തിൽ, സക്കീന മൊയ്തീൻ, വി.ടി.സാറാമ്മ, എൻ.എ.സുകുമാരൻ, സന്ദേശ് സാവിയോ. വിജയം പ്രഖ്യാപിച്ചതിനെത്തുടർന്ന് എൽഡിഎഫ് ആഹ്ലാ പ്രകടനം നടത്തി. നേതാക്കളായ എം.വി.ജയരാജൻ, എം.ഹരീന്ദ്രൻ, കെ.ശ്രീധരൻ, ബിനോയി കുര്യൻ, കെ.വി.സക്കീർ ഹുസൈൻ, എൻ.അശോകൻ, ഇ.എസ്.സത്യൻ, കെ.സജീവൻ, ദിലീപ് മോഹൻ എന്നിവർ നേതൃത്വം നൽകി.

കള്ളവോട്ട് നടത്തി നേടിയ വിജയം: യുഡിഎഫ്

വരണാധികാരിയുടെ നേതൃത്വത്തിൽ പോളിങ് ഉദ്യോഗസ്ഥരെയും ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസുകാരെയും വരുതിയിൽ നിർത്തി കള്ളവോട്ടിലൂടെയാണ് സിപിഎം ആനപ്പന്തി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയം നേടിയതെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ഡിസിസി സെക്രട്ടറിയുമായ ജെയ്സൺ കാരക്കാട്ട്. ബാങ്കിൽ അംഗങ്ങളല്ലാത്ത പുറമേനിന്നുള്ള ആളുകൾ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു വ്യാപകമായി കള്ളവോട്ട് ചെയ്തു.

യഥാർഥ വോട്ടർമാരായ 1000ൽ അധികം ആളുകൾ മണിക്കൂറുകൾ പൊരിവെയിലത്തു വരി നിന്ന് പോളിങ് ബൂത്തിൽ എത്തിയപ്പോൾ അകാരണമായി വോട്ട് നിഷേധിച്ചു മടക്കി വിട്ടു. ഇത്തരം കൃത്രിമങ്ങൾ സംബന്ധിച്ചു യുഡിഎഫ് സ്ഥാനാർഥികളും ഏജന്റുമാരും നൽകിയ പരാതികൾ സ്വീകരിക്കുന്നതിനു പകരം വരണാധികാരി ജയശ്രീ സ്കൂളിലെ 2–ാം നിലയിൽ ഒരു മുറിയിൽ ഷട്ടർ താഴ്ത്തി ഒളിച്ചിരിക്കുകയായിരുന്നു. ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷകനായെത്തിയ അഭിഭാഷകനെയും സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി.

വോട്ടർമാർ വരുന്ന വാഹനങ്ങൾ അങ്ങാടിക്കടവിലെ സിപിഎം ഓഫിസിന്റെ മുൻപിലും മറ്റും തടഞ്ഞ്  ഭീഷണി മുഴക്കുകയും ആക്രമിക്കുകയും തിരിച്ചറിയൽ കാർഡുകൾ ബലമായി പിടിച്ചുപറിക്കുകയും ചെയ്തു. യുഡിഎഫ് നേതാക്കളും വോട്ടർമാരും ഈ അതിക്രമങ്ങൾ പൊലീസിനെ അറിയിച്ചെങ്കിലും അവർ സിപിഎം അതിക്രമങ്ങൾക്ക് ഒത്താശ ചെയ്യുകയായിരുന്നു. വോട്ട് ചെയ്യാൻ കഴിയാത്ത ഒട്ടേറെ അംഗങ്ങൾ വേദനയോടെ മടങ്ങി പോയി. ആസൂത്രിതമായ അട്ടിമറിക്കു കൂട്ടുനിന്ന സഹകരണ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജെയ്സൺ കാരക്കാട്ട് ആവശ്യപ്പെട്ടു.

ജനം നൽകിയ വിജയം: എൽഡിഎഫ്

ആനപ്പന്തി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ച വിജയം യുഡിഎഫിനെതിരെ അയ്യൻകുന്നിലുള്ള ജനവികാരത്തിന്റെ പ്രതിഫലനം ആണെന്ന് എൽഡിഎഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ കെ.ശ്രീധരൻ. ആനപ്പന്തി സഹകരണ ബാങ്കിലെ എൽഡിഎഫ് അംഗങ്ങളുടെയെല്ലാം തിരിച്ചറിയൽ കാർഡ് കൃത്യമായി എടുപ്പിക്കുകയും കൃത്യനിഷ്ഠയോടെ വോട്ട് ചെയ്യിപ്പിക്കാൻ എത്തിക്കുകയും ചെയ്തു. അതേസമയം ജനവികാരം എതിരായ യുഡിഎഫ് വ്യാജ തിരിച്ചറിയൽ കാർഡ് അടിച്ചു കള്ളവോട്ട് ചെയ്യിപ്പിക്കാനാണു ശ്രമിച്ചത്. ഇതിനു തെളിവാണ് മുൻ പ്രസിഡന്റ് ജെയ്സൺ തോമസിനെ ഏതാനും ദിവസങ്ങൾക്കു മുൻപ് ആനപ്പന്തിയിൽ വ്യാജ കാർഡുകളുമായി എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും പൊലീസ് അദ്ദേഹത്തിന്റെ പേരിൽ കേസ് എടുക്കുകയും ചെയ്തത്.

ഇന്നലെ ഒരു അക്രമവും ഇല്ലാതെ സമാധാനപരമായാണു തിരഞ്ഞെടുപ്പ് നടന്നത്. മുഴുവൻ സമയവും തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ യുഡിഎഫ് ശ്രമിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ ഒരു വനിതാ അംഗത്തിന്റെ കയ്യിൽ നിന്നു വ്യാജ തിരിച്ചറിയൽ കാർഡ് പിടിച്ചു. ഇവർക്കെതിരെ വരണാധികാരിക്കു പരാതി നൽകിയിട്ടുണ്ട്. മറ്റൊരു അംഗം ലൈനിൽ നിൽക്കുന്നവരെ ചീത്ത വിളിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ആനപ്പന്തി ബാങ്കിൽ നിന്നു യുഡിഎഫിനെ ജനം തൂത്തെറിയുകയായിരുന്നു എന്നും ശ്രീധരൻ പറഞ്ഞു.

നടന്നത് കോടതി വിധി ലംഘനവും കള്ളവോട്ടും: മാർട്ടിൻ ജോർജ്

കണ്ണൂർ ∙ ആനപ്പന്തി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കള്ളവോട്ടും നഗ്നമായ കോടതി വിധിയുടെ ലംഘനവും നടന്നുവെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ഹൈക്കോടതി ഉത്തരവു പ്രകാരം നിശ്ചയിക്കപ്പെട്ട നിരീക്ഷകന്റെ മുന്നിൽ വച്ചു പുറത്തു നിന്നിറക്കിയ കള്ളവോട്ടർമാർ ഒരാൾ തന്നെ നാലും അഞ്ചും വോട്ടുകൾ ചെയ്തപ്പോൾ, എതിർക്കുന്ന യുഡിഎഫ് ഏജന്റുമാരെ ബൂത്തിൽ നിന്നു പുറത്താക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. കള്ളവോട്ടും കൃത്രിമത്വവും ബോധ്യപ്പെട്ടു നിരീക്ഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ വരണാധികാരിയും സിപിഎം പ്രവർത്തകരും സംഘം ചേർന്നു നിരീക്ഷകനെ ഭീഷണിപ്പെടുത്തി.

വ്യാജകാർഡുമായി വന്നവരെ റജിസ്റ്റർ പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ ഒരു പരിശോധനയും കൂടാതെ വോട്ട് ചെയ്യാൻ അനുവദിച്ചു. യഥാർഥ വോട്ടർമാർ ബാങ്കിന്റെ കാർഡുമായി വന്നപ്പോൾ അവരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചു. പരാതികൾ പോലും കേൾക്കാൻ തയാറാകാതെ വരണാധികാരി ജയശ്രീ അടച്ചിട്ട മുറിയിൽ ഇരുന്നു. ബാങ്ക് പരിധിക്കു പുറത്തുള്ള ഗൂണ്ടകൾ യഥാർഥ വോട്ടർമാരെ വരിയിൽ നിന്ന് അകറ്റി നിർത്തുമ്പോൾ, ഇരിട്ടി ഡിവൈഎസ്പി അടക്കം ഉള്ളവർ നിയമലംഘനത്തിനു കൂട്ടു നിൽക്കുകയാണുണ്ടായതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മാർട്ടിൻ പറഞ്ഞു.

അഴിമതിഭരണത്തിൽ മനം മടുത്താണ് യുഡിഎഫിനെ ജനം കൈവിട്ടത്: ജയരാജൻ

ഇരിട്ടി ∙ അഴിമതി ഭരണത്തിൽ മനംമടുത്താണ്‌ ആനപ്പന്തി സഹകരണ ബാങ്ക്‌ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ അംഗങ്ങൾ കൈവിട്ടതെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കർഷകരെ സഹായിക്കേണ്ടതിനു പകരം കർഷകവിരുദ്ധ നിലപാടാണ്‌ ബാങ്ക്‌ ഭരിച്ചവർ സ്വീകരിച്ചത്‌. 67 വർഷങ്ങളായി യുഡിഎഫ്‌ കൈവശം വച്ച ബാങ്ക്‌ ഭരണത്തിനെതിരെ യുഡിഎഫ്‌ അണികളും ബാങ്ക് അംഗങ്ങളും ജനാധിപത്യപരമായി പ്രകടിപ്പിച്ച കനത്ത രോഷം നേതൃത്വം തിരിച്ചറിയണം. ബാങ്ക്‌ പുരോഗതിക്ക് അല്ല, ഭരിക്കുന്നവരുടെ പുരോഗതിക്കാണ്‌ ആനപ്പന്തിയിൽ മുൻതൂക്കം കിട്ടിയതെന്ന ജനങ്ങളുടെ ആക്ഷേപം മുഖവിലയ്ക്കെടുത്ത് തിരഞ്ഞെടുപ്പു തോൽവിയിൽ നിന്നു പാഠം പഠിക്കാൻ നേതൃത്വത്തിനു സാധിക്കണമെന്നും എം.വി.ജയരാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com