പൂട്ടിപ്പോയ തലശ്ശേരി താലൂക്ക് റബർ ആൻഡ് അഗ്രികൾചറൽ മാർക്കറ്റിങ് സഹകരണ സംഘം കെട്ടിടവും സ്ഥലവും ഇനി പുന്നാട് സഹകരണ ബാങ്കിന് സ്വന്തം

ഇരിട്ടിയിൽ പുന്നാട് സഹകരണ ബാങ്ക് ലേലം വിളിച്ചു വാങ്ങിയ തലശ്ശേരി താലൂക്ക് റബർ ആൻഡ് അഗ്രികൾചറൽ മാർക്കറ്റിങ് സഹകരണ സംഘം കെട്ടിടവും സ്ഥലവും.
SHARE

ഇരിട്ടി ∙ വർഷങ്ങൾക്കു മുൻപ് പൂട്ടിയ തലശ്ശേരി താലൂക്ക് റബർ ആൻഡ് അഗ്രികൾചറൽ മാർക്കറ്റിങ് സഹകരണ സംഘത്തിന്റെ നഗരത്തിലെ 13.5 സെന്റ് സ്ഥലവും 4083 ചതുരശ്ര അടിയുള്ള ഇരുനില കെട്ടിടവും ഇനി പുന്നാട് സഹകരണ ബാങ്കിനു സ്വന്തം. പ്രധാന ആസ്തികൾ വിറ്റഴിക്കാൻ സാധിച്ചതിനാൽ പുന്നാടുള്ള ഇരിട്ടി സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസ് പരിസരത്ത് 400ഓളം നിക്ഷേപകർക്ക് മുതലിന്റെ 75 ശതമാനം തുക വീതം മടക്കി നൽകും. ല്വിക്വിഡേഷനിലുള്ള സഹകരണ സംഘത്തിലെ നിക്ഷേപകർക്ക് കേരളത്തിൽ ആദ്യമായാണു പണം തിരികെ നൽകുന്നത്.

ഇരിട്ടി മേഖലയിൽ റബർ കർഷകർക്ക് ന്യായവില ലഭിക്കാൻ കാരണമായ തലശ്ശേരി താലൂക്ക് റബർ ആൻഡ് അഗ്രികൾചറൽ മാർക്കറ്റിങ് സഹകരണ സംഘം പിന്നീട് നഷ്ടത്തിലായി പൂട്ടിപ്പോകുകയായിരുന്നു. ഒട്ടേറെ നിക്ഷേപകർക്കു പണം നഷ്ടപ്പെട്ട സാഹചര്യത്തിൽ കോടതിയും വ്യവഹാരങ്ങളും സമരങ്ങളും ഉണ്ടായി. ഹൈക്കോടതി നിർദേശപ്രകാരം ലിക്വിഡേറ്ററായ ഇരിട്ടി സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ടി.ജയശ്രീ കഴിഞ്ഞ വർഷം ഡിസംബർ 13നു വിളിച്ച ലേലത്തിൽ പങ്കെടുത്താണ് പുന്നാട് സഹകരണ ബാങ്ക് നഗരത്തിലെ സൊസൈറ്റിയുടെ ആസ്തികൾ വാങ്ങിയത്. 5.66 കോടി രുപക്കാണു ലേലം ഉറപ്പിച്ചത്.

കോടതി ഇട്ട അടിസ്ഥാന വില 5 കോടി മുതലാണു ലേലം തുടങ്ങിയത്. 66000 രൂപ അധികം വിളിച്ച പുന്നാട് സഹകരണ ബാങ്കിനു ലേലം ഉറപ്പിച്ചു. ലേലം സഹകരണ വകുപ്പും കോടതിയും അംഗീകരിച്ചതോടെ കഴിഞ്ഞ 3ന് ലിക്വിഡേറ്റർ ബാങ്കിന് വേണ്ടി സെക്രട്ടറി കെ.സി.രാജീവന്റെ പേരിൽ സ്വത്തുക്കൾ റജിസ്റ്റർ ചെയ്തു. 4005280 രൂപ റജിസ്ട്രേഷൻ ഫീസായി അടച്ചു. എഴുത്തുകൂലിയും മറ്റു ഫീസുകളും ഇനത്തിൽ 10 ലക്ഷം രൂപയും കൂടി ചെലവു വന്നു. തലശ്ശേരി താലൂക്ക് റബർ ആൻഡ് അഗ്രികൾചറൽ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ആനപ്പന്തിയിലെ റബർ ത്രെ‍ഡ് ഫാക്ടറിയും പൂട്ടിക്കിടക്കുകയാണ്.

2 ഏക്കർ സ്ഥലവും ഷെഡും യന്ത്രങ്ങളും ഉൾപ്പെടെയുള്ള ഈ ആസ്തിയും ലേലം വിളിക്കും. ഇതുകൂടി വിറ്റു കഴിയുമ്പോൾ ബാക്കി മുതൽസഖ്യ കൂടി നിക്ഷേപകർക്കു തിരികെ ലഭിച്ചേക്കുമെന്നാണു സൂചന. സൊസൈറ്റിയിൽ റബർ വിറ്റ വകയിൽ പണം കിട്ടാത്ത അംഗങ്ങൾക്കു ബില്ലുകൾ കൈവശം ഉണ്ടെങ്കിൽ പണം തിരികെ ലഭിക്കും. 15 – 20 വർഷങ്ങൾക്കു മുൻപ് സംഘത്തിൽ നിക്ഷേപിച്ചവർക്ക് മുതലിന്റെ 75 ശതമാനം കിട്ടുന്നത് ആശ്വാസം ആണെങ്കിലും പലിശ ഇനത്തിൽ വൻ തുക നഷ്ടം സംഭവിക്കും.

പുന്നാട് സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരമാകും

തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയിൽ ഇരിട്ടി പാലത്തിനു സമീപം ലേലം വിളിച്ചു സ്വന്തമാക്കിയ തലശ്ശേരി താലൂക്ക് റബർ ആൻഡ് അഗ്രികൾചറൽ മാർക്കറ്റിങ് സഹകരണ സംഘം കെട്ടിടം പുന്നാട് സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരമാക്കി മാറ്റുമെന്ന് പ്രസിഡന്റ് പി.കെ.ജനാർദനൻ, സെക്രട്ടറി കെ.സി.രാജീവ‌ൻ എന്നിവർ അറിയിച്ചു. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിട്ടി ടൗൺ ശാഖയും വാങ്ങിയ കെട്ടിടത്തിലേക്കു മാറ്റും. അടിയിലത്തെ നിലയിൽ പുന്നാട് പ്രവർത്തിക്കുന്ന നീതി ഇലക്ട്രിക്കൽ ഷോപ്പിന്റെ പുതിയ വിപണന കേന്ദ്രവും തുറക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA