കണ്ണൂർ∙ എതിർ ശബ്ദങ്ങളെയും വിയോജിപ്പുകളെയും നിയമ സാധ്യതകൾ ഉപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂട നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഐക്യപ്പെടണമെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം.രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വത്തിന് അയോഗ്യത കൽപിച്ച ലോക്സഭ സെക്രട്ടേറിയറ്റിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

കേസിൽ ശിക്ഷാവിധി വന്ന് 24 മണിക്കൂറിനുള്ളിൽ രാഹുൽ ഗാന്ധിക്ക് അയോഗ്യതകൽപിച്ചത് സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ലക്ഷണമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ രാജ്യത്തിനുതന്നെ അപമാനകരമാണ് യോഗം വിലയിരുത്തി. പിണറായി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് ജില്ലയിൽ കരിദിനം ആചരിക്കാൻ യോഗം തീരുമാനിച്ചു. അന്ന് രാവിലെ 10 ന് കണ്ണൂരിൽ പന്തംകൊളുത്തി പ്രകടനവും തുടർന്ന് കണ്ണൂർ നെഹ്റു സ്തൂപത്തിനു സമീപം സമര ജ്വാലയും തീർക്കും.
വൈകിട്ട് നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ അബ്ദുൽ കരീം ചേലേരി, മേയർ ടി.ഒ.മോഹനൻ, കെ.ടി.സഹദുല്ല, എ.ഡി.മുസ്തഫ, സി.എ.അജീർ, ഇല്ലിക്കൽ അഗസ്തി, വി.എ. നാരായണൻ, കെ.എ.ലത്തീഫ്, വി.പി.വമ്പൻ, കെ.പി.ജയാനന്ദൻ, സജ്ജീവ് മാറോളി, എം.സതീഷ്കുമാർ, ജോൺസൺ പി.തോമസ്, വി.പി.സുഭാഷ്, കെ.വി.കൃഷ്ണൻ, പി. സുനിൽകുമാർ, തോമസ് വക്കത്താനം, ജോസഫ് മുള്ളൻമട, എം.കെ. സജി, എം.നാരായണൻ കുട്ടി, എൽ.ജി.ദയാനന്ദൻ, എസ്.എ.ഷുക്കൂർ ഹാജി, പി.എം.മുഹമ്മദ്കുഞ്ഞി ഹാജി, ടി.ജനാർദനൻ, എൻ.പി. താഹിർ, സുരേഷ് ബാബു എളയാവൂർ എന്നിവർ പ്രസംഗിച്ചു.

ജനാധിപത്യത്തിന്റെ അന്തകനായി മോദി സർക്കാർ മാറി: രാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂർ∙ ജനാധിപത്യത്തിന്റെ അന്തകനായി മോദി സർക്കാർ മാറിയെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ. കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിക്കെതിരായ ഭരണകൂട നടപടി ഇതിന്റെ ഭാഗമാണ്. പാർലമെന്റിനെ നോക്കുകുത്തിയാക്കുകയും അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കിയും വിലക്ക് ഏർപ്പെടുത്തിയും മോദി സർക്കാർ രാജ്യത്ത് കൊണ്ടു വരുന്നത് ഏകാധിപത്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് പി.എം.രാജീവ് അധ്യക്ഷത വഹിച്ചു.
ഇ.പി.ആർ.വേശാല, കെ.കെ.ജയപ്രകാശ്, കെ.വി.ദേവദാസ്, മുസ്തഫ മൈലപ്രം, കെ.വി. ഗിരീഷ്, എം.ഉണ്ണിക്കൃഷ്ണൻ, പി.മുഹ്‌സിന, എൻ.സി.ടി.ഗോപീകൃഷ്ണൻ, റനീഷ് മാത്യു, കെ.പി.ദിലീപ്, തൃപ്തി വിജയകുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനം കോൺഗ്രസ് എസ് സംസ്ഥാന ജന സെക്രട്ടറി യു.ബാബു ഗോപിനാഥും ആദരായനം കോൺഗ്രസ് എസ് സംസ്ഥാന ജന സെക്രട്ടറി എം.അനന്തൻ നമ്പ്യാരും ഉദ്ഘാടനം ചെയ്തു. ബിജു.കെ വടാത്ത്, കെ.ജയചന്ദ്രൻ, ആർ.എസ്.സുനിൽകുമാർ, കെ.എം.വിജയൻ, ടി.വി. വിജയൻ, കെ.എം.രാധാ മോഹനൻ, എ.ജയചന്ദ്രൻ, കെ.ആർ.ജയരാജ്, അൻവർ സാദത്ത്, യു.പി.മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.സമ്മേളനം ഇന്ന് സമാപിക്കും.
പ്രതിഷേധിച്ച് കെഎസ്‌യു
കണ്ണൂർ∙ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു കണ്ണൂർ ജില്ലാ കമ്മിറ്റി കാൽടെക്സിൽ ദേശീയപാത ഉപരോധിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുകയും ചെയ്തു. ജനാധിപത്യ വ്യവസ്ഥ അട്ടിമറിക്കാനും ആർഎസ്എസ് അജൻഡ രാജ്യത്ത് നടപ്പിലാക്കാനും ശ്രമിക്കുന്ന നരേന്ദ്ര മോദിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ബ്ലോക്ക് പ്രസിഡന്റുമാരായ ഹരികൃഷ്ണൻ, ആഷിത്ത് അശോകൻ, എം.സി.അതുൽ, സി.എച്ച്. റിസ്‌വാൻ, അക്ഷയ് മാട്ടൂൽ, അർജുൻ കോറോം, ആൽബിൻ മത്തായി എന്നിവർ നേതൃത്വം നൽകി.

പ്രതിഷേധ പ്രകടനവും പൊതുയോഗവും
കണ്ണൂർ∙ നരേന്ദ്രമോദി സർക്കാരിന്റെ ജനാധിപത്യ കശാപ്പ് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എൻസിപി ജില്ലാ കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് കെ.സുരേശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.മുരളി, പി.സി.അശോകൻ, പി.കുഞ്ഞികണ്ണൻ, കെ.വി.രജീഷ്, പി.ടി.സുരേഷ് ബാബു, ഇ.കോമളം, ഷീബാ ലിയോൺ, പ്രദീപൻ തൈക്കണ്ടി, നാഷണലിസ്റ്റ് മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. പ്രസന്ന, സത്യൻ ചൊക്ലി എന്നിവർ പങ്കെടുത്തു.
പ്രതിഷേധിച്ചു
കണ്ണൂർ∙ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പി.ഷനിജ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോയി ഫ്രാൻസിസ്, എൻ.കെ.രത്നേഷ്, വി.ആർ.സുധീർ, പി.സി.സാബു, ജെന്നിഫർ വർഗീസ്, കെ.അസിബു, കെ.ശ്രീകാന്ത്, പി.പ്രദീപൻ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ∙ അഴിമതിക്കെതിരെ ശബ്ദിച്ച രാഹുൽ ഗാന്ധിയുടെ വായ മൂടിക്കെട്ടാനുള്ള വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢ ശ്രമമാണ് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിലൂടെ വെളിവാകുന്നതെന്നു കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് പി.ആർ.അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം, പി.കെ.സുരേഷ്, രവി ലായംതോപ്പിൽ, മോഹനൻ മേനംകുളം, ഗോപാലൻ കളവയൽ, ടി.വി.കുമാരൻ, രാജൻ ബേഡകം, ടി.എസ്.രാജൻ, ടി.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ∙രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഇന്ത്യൻ ജനാധിപത്യത്തിനേറ്റ തീരാ കളങ്കമാണെന്നു ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ. ജനതാദൾ എസ് ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.മനോജ് അധ്യക്ഷത വഹിച്ചു. സുഭാഷ് അയ്യോത്ത്, ടി.ഭാസ്കരൻ, രാഗേഷ് മന്ദമ്പേത്ത്, ബാബുരാജ് ഉളിക്കൽ, ഇബ്രാഹിം മാവിലക്കണ്ടി, മൈക്കിൾ മ്ലാക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.
ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നാളെ കോൺഗ്രസ് മാർച്ച്
കണ്ണൂർ∙ മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ജനാധിപത്യ കശാപ്പ് നടത്തിയ ഭരണകൂട ഭീകരതയ്ക്കെതിരെ കെപിസിസി ആഹ്വാന പ്രകാരം ജില്ലയിലും പ്രതിഷേധം ശക്തമാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നാളെ 10ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.ആർഎസ്എസ് ഭരണകൂട ഭീകരതയെ പ്രതിരോധിക്കാനും ചെറുത്തു തോൽപ്പിക്കാനും ജനകീയ മുന്നേറ്റം അനിവാര്യമായ സമയമാണിത്.രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കന്മാർക്കെതിരെ നടപടിയുമായി മുന്നോട്ടു പോകുന്ന മോദി സർക്കാരിനെതിരെ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.