ഇരിട്ടി∙ വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളെ ഹോട്സ്പോട്ട് ആക്കി നടപടികൾ ശക്തമാക്കാനുള്ള മന്ത്രി എ.കെ.ശശീന്ദ്രന്റെ ഉത്തരവ് അനുസരിച്ച് ആറളത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചു. നോർത്തേൺ സർക്കിളിനു കീഴിൽ കണ്ണൂർ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുൽപ്പള്ളി, നോർത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസർകോട് ഡിവിഷനിലെ പാണ്ടി എന്നിവിടങ്ങളാണ് ഹോട്സ്പോട്ടുകൾ. കണ്ണൂർ സർക്കിൾ തലത്തിൽ നോഡൽ ഓഫിസറായ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപയാണ് ആറളം ഹോട്സ്പോട്ടിലേക്കു പ്രത്യേക സംഘം രൂപീകരിച്ചത്.
കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക് ആണു ടീം ലീഡർ. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാർ, സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം.രാജീവൻ എന്നിവർ അസിസ്റ്റന്റ് ടീം ലീഡർമാരായ പ്രത്യേക സംഘത്തിൽ 21 പേരാണ് ഉള്ളത്. ഡിസംബറിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും കാട്ടാനയുടെ ആക്രണങ്ങൾ രൂക്ഷമാവുകയും ആറളത്ത് ആദിവാസി കൊല്ലപ്പെടുകയും ചെയ്തതടക്കമുള്ള സാഹചര്യങ്ങളെ തുടർന്നു അടിയന്തരമായി നടപ്പിൽ വരുത്താൻ മന്ത്രി നിർദേശിക്കുകയായിരുന്നു.
ഹോട്സ്പോട്ടുകൾ കണ്ടെത്തിയ സ്ഥലങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനു കാര്യക്ഷമമായി ഇടപെടൽ നടത്തുക എന്നതാണ് സംഘത്തിന്റെ ഉത്തരവാദിത്തം. മറ്റു വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി ഈ സംഘത്തിനു പ്രവർത്തിക്കാം. പ്രത്യേക സംഘത്തിലെ മറ്റു അംഗങ്ങൾ: സുധീർ നേരോത്ത് (റേഞ്ചർ, കൊട്ടിയൂർ), പി.പ്രസാദ് (അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ), ശശികുമാർ ചെങ്ങൽവീട്ടിൽ (ഡപ്യൂട്ടി റേഞ്ചർ, ആർആർടി), പ്രദീപൻ കാരായി (ഡപ്യൂട്ടി റേഞ്ചർ, നരിക്കടവ് സെക്‌ഷൻ), മുഹമ്മദ് ഷാഫി (ബീറ്റ് ഫോറസ്റ്റ് ഓഫിസർ, കൊട്ടിയൂർ റേഞ്ച്), അശോകൻ പാൽ (ഫോറസ്റ്റ് വാച്ചർ, കൊട്ടിയൂർ), ബാബു പ്രാൺകുന്നത്ത്, കെ.ആർ.രാജേന്ദ്രൻ, മെൽജോ മാത്യ, അനീഷ്, പി.ബാബു, ഒ.സി.ജിജോ, കെ.വി.സാജിദ്, കെ.പി.സലീം, നിധീഷ് (എല്ലാവരും വാച്ചർമാർ, കൊട്ടിയൂർ റേഞ്ച്), കെ.കെ.അജിത്ത്, ജെ.സന്ദീപ്, വിനീത് (എല്ലാവരും വാച്ചർമാർ, ആറളം വന്യജീവി സങ്കേതം).