ADVERTISEMENT

കൂത്തുപറമ്പ് ∙ ഗവ.താലൂക്ക് ആശുപത്രിയിൽ ഒപി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്ന സാഹചര്യത്തിൽ ഒപി സേവനത്തിന് എച്ച്എംസി ഒരു ഡോക്ടറെ നിയമിക്കുന്നു.വർധിച്ചു വരുന്ന തിരക്ക് കാരണം യഥാസമയം ചികിത്സ ലഭ്യമാകുന്നില്ലെന്ന പരാതി ഉയർന്നപ്പോൾ വിഷയം ഡിഎംഒയുടെ ശ്രദ്ധയിൽപെടുത്താൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചിരുന്നു.

ഡിഎംഒ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ പെട്ടെന്ന് ഡോക്ടർമാരെ നിയമിച്ചു കിട്ടാനുള്ള പ്രയാസം അറിയിക്കുകയും അത്യാവശ്യമെങ്കിൽ ഒരു ഡോക്ടറെ താൽക്കാലികാടിസ്ഥാനത്തിൽ ആശുപത്രി വികസന സമിതിക്ക് നിശ്ചയിക്കാമെന്ന മറുപടി ലഭിച്ച സാഹചര്യത്തിലാണ് പുതിയ ഡോക്ടറെ നിയമിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുള്ളത്. ടിസിഎംസി റജിസ്ട്രേഷനുള്ള എംബിബിഎസ് ബിരുദധാരികൾക്ക് നാളെ 11.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. 

മികച്ച സേവനവും പൂർണ സമയം ഫാർമസിയും ലബോറട്ടറിയും പ്രവർത്തിക്കുന്ന കൂത്തുപറമ്പ് ആശുപത്രിയിൽ സദാസമയവും രോഗികളുടെ തിരക്കാണ്. ഇവിടെ അസിസ്റ്റന്റ് സർജന്റെ തസ്തിക സൃഷ്ടിച്ച് കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം 5 മാസം മുൻപ് മനോരമ വാർത്തയിലൂടെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. വാർത്തയെ തുടർന്ന് കെ.പി.മോഹനൻ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചിരുന്നു.

അത്യാഹിത വിഭാഗത്തിലും സ്പെഷലിസ്റ്റ് ഡ്യൂട്ടിയിലുമുള്ള ഡോക്ടർമാർ ഒപിയിൽ രോഗികളെ പരിശോധിക്കേണ്ട അവസ്ഥയുണ്ടെന്ന് അദ്ദേഹം ആരോഗ്യ മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. ഒരു അസിസ്റ്റൻറ് ഡോക്ടറും 11 സ്പെഷലിസ്റ്റ് ഡോക്ടർമാരും 4 കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരും ഉൾപ്പെടെ 16 ഡോക്ടർമാരുടെ സേവനം കൂത്തുപറമ്പിൽ ഉണ്ടെന്നാണ് മന്ത്രി മറുപടി നൽകിയത്.

അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാനാണ് നാഷനൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ 2 ഡോക്ടർമാരെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ഒപി ചികിത്സ തേടിയെത്തുന്ന താലൂക്ക് ആശുപത്രിയാണ് കൂത്തുപറമ്പിലുള്ളത്. 1500നും 1700നും മധ്യേ രോഗികളാണ് നിത്യേന ഈ ആശുപത്രിയിലെത്തുന്നത്. 

11നിലകളിലായി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയായി മാറ്റുന്നതിനുള്ള നിർമാണ പ്രവൃത്തി സജീവമായി മുന്നേറുകയാണ്. 9 നിലകളുടെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. 2014 ഏപ്രിലിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി ഉദ്ഘാടനത്തിന് സജ്ജമാകുമ്പോൾ പുതിയ തസ്തികകളും സ്റ്റാഫ് പാറ്റേണും അനുവദിച്ച് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്താൻ കഴിയുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com