ADVERTISEMENT

പന്നിയാംമല ∙ കൊട്ടിയൂർ പഞ്ചായത്തിലെ പന്നിയാംമലയിൽ വീണ്ടും കാട്ടാന കൃഷിയിടത്തിലിറങ്ങി നാശം വരുത്തി. പുറക്കാട്ട് ജോർജിന്റെ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് കാട്ടാന എത്തിയത്. കൃഷിയിടങ്ങളുടെ സുരക്ഷക്കായി നിർമിച്ചിരുന്ന വൈദ്യുതി കമ്പിവേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്ക് എത്തിയത്.

തെങ്ങ്, വാഴ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ഭവാനിക്കുന്നിൽ എത്തിയ അതേ ഒറ്റയാൻ തന്നെയാകാം പന്നിയാംമലയിലും കൃഷിയിടത്തിലും എത്തിയതെന്ന് നാട്ടുകാർ പറയുന്നു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിയ ഒറ്റയാൻ ഭവാനിക്കുന്നിൽ വെള്ളിയാഴ്ച രാത്രി മണ്ണൂർ അനിലിന്റെ കൃഷിയിടത്തിൽ ഇറങ്ങി വിളകൾ നശിപ്പിച്ചിരുന്നു.

കൃഷിയിടങ്ങളുടെ അതിരിൽ സ്ഥാപിച്ച വൈദ്യുതി കമ്പിവേലി തകർത്താണ് ഭവാനിക്കുന്നിലെ കൃഷിയിടത്തിലും കാട്ടാന എത്തിയത്. കൃഷിയിടങ്ങൾക്ക് സമീപത്തുള്ള വനഭാഗത്ത് തന്നെ കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയാൽ വെറുതെ കുറേ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി കാട്ടാനയെ തുരത്താൻ ശ്രമിക്കും എന്നതൊഴിച്ചാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മറ്റൊന്നും ചെയ്യാറില്ല എന്ന് നാട്ടുകാർ പറയുന്നു. ആനയെ തുരത്താൻ സൃഷ്ടിക്കുന്ന ശബ്ദങ്ങൾ പരിചിതമായ രീതിയിലാണ് കാട്ടാനകളുടെ പെരുമാറ്റം. 

പടക്കം പൊട്ടിച്ചാൽ കൃഷിയിടത്തിന് പുറത്ത് പോകുകയും സമീപത്തുള്ള വനപ്രദേശത്ത് തന്നെ തുടരുകയും ചെയ്യുകയാണ് കാട്ടാനകൾ ചെയ്യുന്നത്. ഉൾവനത്തിലേക്ക് പോലും ആനകൾ പോകാറില്ല. മുൻപ് കാട്ടാനകൾ പന്നിയാംമലയിലെ കൃഷിയിടത്തിൽ എത്തുകയും കർഷകരെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കർഷകൻ മൂന്ന് വർഷമായി ചികിത്സയിലാണ്. രണ്ട് സംഭവങ്ങളും കൃഷിയിടത്തിൽ വച്ചായിരുന്നു. ഇതേ പ്രദേശങ്ങളിലാണ് ഒറ്റയാൻ എത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com