ADVERTISEMENT

ഇരിക്കൂർ ∙ കോട്ടയം കുമരകത്ത് നടക്കുന്ന ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിൽ വെൽക്കം ഡ്രിങ്ക്സ് നൽകുന്നത് കണ്ണൂർ പടിയൂരിൽ നിന്നുള്ള ചിരട്ടക്കപ്പുകളിൽ. പായം കുന്നോത്ത് സ്വദേശി ജോയ് ജോർജിന്റെ ഉടമസ്ഥതയിലുള്ള പടിയൂർ അമൃത ഇക്കോ പ്രൊഡക്ട്‌ ആണ് കപ്പുകൾ തയാറാക്കിയിട്ടുള്ളത്. 250 മില്ലി ലിറ്റർ കൊള്ളുന്ന 200 ചിരട്ട കപ്പുകൾ സമ്മേളനം നടക്കുന്ന കവണാറ്റിൻകരയിലെ കെടിഡിസി വാട്ടർ സ്കേപ് റിസോർട്ടിലെത്തിച്ചു.

പൂർണമായി പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിലാണ് സമ്മേളനം നടക്കുന്നത്. അതിഥികൾക്ക് സ്വാഗതമോതി കരിക്കിൻ വെളളം നൽകാൻ സ്വാഭാവിക ഗ്ലാസ് തേടിയുള്ള സംഘാടകരുടെ അന്വേഷണമാണ് ജോയ് ജോർജിലേക്കെത്തിയത്. ചിരട്ട കപ്പുകളെ കുറിച്ച് അറിഞ്ഞ കെടിഡിസി റിസോർട്ട് മാനേജർ നേരിട്ട് വിളിച്ചാണ് ഓർഡർ നൽകിയത്.

പാരമ്പര്യമായി കരകൗശല ജോലി ചെയ്തിരുന്നവരായിരുന്നു ജോയ് ജോർജിന്റെ കുടുംബം. ബിരുദ പഠനത്തിനു ശേഷം 21-ാം വയസ്സിൽ സഹോദരനൊപ്പം ചന്ദനക്കാംപാറയിലാണ് ആദ്യം ചിരട്ട ഉൽപന്നങ്ങളുടെ യൂണിറ്റ് ആരംഭിച്ചത്. പിന്നീട് കോട്ടയം രാമപുരത്ത് സുഹൃത്തുമായി ചേർന്ന് യൂണിറ്റു തുടങ്ങി.

ഇതെല്ലാം ഒഴിവാക്കി 2010 ലാണ് പടിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം സ്വന്തമായി യൂണിറ്റ് ആരംഭിച്ചത്. ആവശ്യക്കാർ ഏറെ ഉണ്ടെങ്കിലും കേരളത്തിൽ ചിരട്ട ഉൽപന്നങ്ങൾ കുറവാണെന്ന് ജോയ് ജോർജ് പറയുന്നു. ഇതാണ് ഈ മേഖല തിരഞ്ഞെടുക്കാൻ കാരണം.ചിരട്ട കപ്പിനു പുറമേ സ്പൂൺ, ചട്ടുകം, ജഗ്ഗ്, ഭക്ഷണ പാത്രങ്ങൾ ഉൾപ്പെടെ ഇവിടെ നിർമിക്കുന്നുണ്ട്. സ്പൂൺ തന്നെ ചെറുതും വലുതുമായി 15 തരം ഉണ്ട്. 100 മില്ലി മുതൽ 900 മില്ലി വരെയുള്ള വ്യത്യസ്ത തരം പാത്രങ്ങളും ഉണ്ട്.

ചിരട്ടയും തെങ്ങിൻ തടിയും ഉപയോഗിച്ചാണ് നിർമാണം. സ്പൂൺ, ചട്ടുകം ഉൾപ്പെടെയുള്ളവയുടെ പിടിക്കായാണ് തെങ്ങിൻ തടി ഉപയോഗിക്കുന്നത്‌. ചിരട്ടയുടെ കൈപ്പിടി തെങ്ങിൻ തടിയിലും ചിരട്ടയിലും ഒരുക്കാറുണ്ട്. 15 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മെഷീൻ സഹായത്തോടെയാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്.

ആലക്കോട്, കരുവഞ്ചാൽ, പയ്യാവൂർ എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകളിൽ നിന്നാണ് തേങ്ങ സംഭരിക്കുന്നത്. മെഷീൻ ഉപയോഗിച്ച് ചിരട്ട കട്ട് ചെയ്ത് തേങ്ങ നീക്കിയ ശേഷമാണ് നിർമാണം. നീക്കിയ തേങ്ങ കൊപ്രയാക്കി വിൽപന നടത്തും. ഒരു മാസം 10,000 ലേറെ ചിരട്ട ഉൽപന്നങ്ങൾ ഇവിടെ നിന്ന് വിൽപന നടത്തുന്നുണ്ട്. വിതരണക്കാരില്ലാതെ നേരിട്ട് കടകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ആവശ്യക്കാർക്ക് ചിരട്ട ഉൽപന്നങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com