ADVERTISEMENT

ചപ്പാരപ്പടവ് ∙ ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് വീണ്ടും പെരുവണ, മംഗര പ്രദേശങ്ങളിൽ ശുദ്ധജല വിതരണം നിലച്ചു. നാലു മാസങ്ങൾക്കു മുൻപു പെരുവണ പ്രദേശത്തു നിലച്ച ജലവിതരണം ആഴ്ചകൾക്കു ശേഷമാണ് പുനഃസ്ഥാപിച്ചത്. അതേ അവസ്ഥയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. ശുദ്ധജലത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണു നാട്ടുകാർ.

മൂന്നര പതിറ്റാണ്ടു മുൻപു നിലവിൽ വന്ന പെരുവണ ലക്ഷംവീട് കോളനിയും ഇതിൽ ഉൾപ്പെടും. 12 കോളനി കുടുംബങ്ങൾ ഉൾപ്പെടെ 50 ഓളം കുടുംബങ്ങളാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്. പുഴകളും തോടുകളും വറ്റി വരണ്ടതിനാൽ കുളിക്കാനും പ്രാഥമികാവശ്യത്തിനും പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. 

ശുദ്ധജലത്തിന്റെ ദൗർലഭ്യം മൂലം ഏതാനും കുടുംബങ്ങൾ ഇവിടെ നിന്നു താമസം മാറി. ചപ്പാരപ്പടവ്-ചാണോക്കുണ്ട് റോഡ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്തതിനെ തുടർന്നു പദ്ധതിയുടെ പൈപ്പുകൾ ടാറിങ്ങിനടിയിലാണ്. ഇവ റോഡരികിലേക്കു മാറ്റിസ്ഥാപിക്കേണ്ടതായിരുന്നെങ്കിലും അങ്ങനെ ചെയ്തില്ല. 

റോഡ് 12 മീറ്ററായി വർധിപ്പിച്ചതും ഇതിനു വേണ്ടിയായിരുന്നു. ഇതിനു പുറമെ ഗുണമേന്മ കുറഞ്ഞ പൈപ്പുകളായതിനാലും റോഡ് നിർമാണത്തിനിടെ വലിയ യന്ത്രങ്ങൾ പൈപ്പിനു മുകളിലൂടെ സഞ്ചരിച്ചതിനാലും റോഡ് നിർമാണം പൂർത്തിയായതോടെ വിവിധയിടങ്ങളിൽ പൊട്ടിത്തുടങ്ങി. പെരുവണ ഭാഗത്തെ റോഡിലെ പൈപ്പ് പൊട്ടിയതാണു നേരത്തെ പെരുവണ പ്രദേശത്തെ ശുദ്ധജലവിതരണം നിലയ്ക്കാൻ കാരണം. ഇവിടെ വെള്ളത്തിന്റെ തള്ളൽ മൂലം ടാറിങ് ഉയർന്നിരുന്നു. 

ഇതു മാറ്റി സ്ഥാപിച്ചെങ്കിലും ഇതിനു സമീപത്തായി വീണ്ടും പൈപ്പ് പൊട്ടിയതാണ് ഇപ്പോൾ ജലവിതരണം നിലയ്ക്കാൻ കാരണം. നേരത്തെ പൈപ്പ് പൊട്ടിയ ഭാഗത്തെ ടാറിങ് വെട്ടിപ്പൊളിച്ചെങ്കിലും നാളിതു വരെ പുനഃസ്ഥാപിച്ചില്ല. പൊതുമരാമത്ത് അധികൃതരും വാട്ടർ അതോറിറ്റിയും തമ്മിലുള്ള തർക്കമാണു കാരണമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com