ADVERTISEMENT

ശ്രീകണ്ഠപുരം ∙ കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിക്കു സമീപം കാട്ടിൽ 2 അജ്ഞാത ജീവികൾ. ഒരാഴ്ചയായി ഇടവേളകളിൽ 3 പേർ ഇവയെ കണ്ടിട്ടുണ്ട്. പുലി പോലെയുള്ള 2 ജീവികളായിരുന്നുവെന്ന് കണ്ടവർ പറയുന്നു. വനംവകുപ്പുകാർ സ്ഥലം സന്ദർശിച്ചതെങ്കിലും പുലിയെന്നു സ്ഥിരീകരിച്ചിട്ടില്ല. സജീവ് ജോസഫ് എംഎൽഎ സ്ഥലം സന്ദർശിച്ചു. പയ്യാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.കെ.കുര്യൻ, കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളി വികാരി ഫാ.അലക്സ് നിരപ്പേൽ എന്നിവരും കൂടെ ഉണ്ടായിരുന്നു.

പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ വനം വകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫിസ്, പാടാംകവല സെക്‌ഷൻ ഓഫിസ് എന്നിവിടങ്ങളിൽ വിളിച്ചു കാര്യങ്ങൾ സംസാരിച്ചതിനെ തുടർന്ന് ‍പാടാംകവല ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി നിരീക്ഷണം നടത്തി വരികയാണ്. 

രാത്രിയിൽ പുലി ഭീതി നിലനിൽക്കുന്ന സ്ഥലത്ത് പട്രോളിങ് നടത്തുന്നുണ്ട്. കേരള – കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കാഞ്ഞിരക്കൊല്ലി. അതിർത്തിയിലെ കാടുകളിൽ എല്ലാതരം വന്യജീവികളും വിഹരിക്കുന്നതിനാൽ പേടിയിലാണ് പ്രദേശവാസികൾ.

ഏപ്രിൽ 5ന് ഇരിട്ടിയിൽ മന്ത്രിമാർ പങ്കെടുക്കുന്ന വനസൗഹൃദ സദസ്സ് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ സദസ്സിൽ അതിർത്തിയിലെ കാടു മൂടിക്കിടക്കുന്ന അവസ്ഥ പഞ്ചായത്ത് അവതരിപ്പിക്കും.കർശന നടപടികളിലൂടെ കാടു തെളിയിക്കാൻ സംവിധാനം ഉണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സജീവ് ജോസഫ് എംഎൽഎ

പുലി പോലെയുള്ള 2 ജീവികളെ ഒരാഴ്ചയായി കാട്ടിൽ കണ്ടതായി 3 പേരാണു പരാതിപ്പെട്ടത്. ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു. കണ്ണൂർ ഡിഎഫ്ഒയെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ട്. സ്ഥലത്തു നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ രണ്ടു ദിവസത്തിനുള്ളിൽ നടപടി എടുക്കുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകിയിട്ടുണ്ട്. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറുമായി പ്രശ്നം ചർച്ച ചെയ്തിരുന്നു. അതിർത്തി പ്രദേശമായതിനാൽ ഇവിടെ കാടു മൂടിക്കിടക്കുന്ന ധാരാളം ഭൂമിയുണ്ട്. ഇതുവരെ കാട്ടാനകളുടെ ഭീഷണിയാണ് ഉണ്ടായിരുന്നത്. പരിസരവാസികളുടെ ഭീതി അകറ്റാൻ അടിയന്തര നടപടി വേണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com