കണ്ണൂർ ∙ പെൺകുട്ടികളുടെ അണ്ടർ 17 സാഫ് കപ്പ് ഫുട്ബോളിൽ ടോപ് സ്കോററായ ഷിൽജി ഷാജിക്കും പ്രതിരോധനിരയിലെ താരം അഖില രാജനും പത്താംക്ലാസ് പരീക്ഷയെഴുതാൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടണം. കണ്ണൂർ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനികളായ ഇവർ പരീക്ഷ ഒഴിവാക്കിയാണ് ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ് ബംഗ്ലദേശിൽ നടന്ന ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ചവച്ചത്.
കോഴിക്കോട് കക്കയം സ്വദേശിനിയായ ഷിൽജി ഇന്ത്യയുടെ കരുത്തായി. മാർച്ച് 20നു നേപ്പാളുമായി നടന്ന മത്സരത്തിൽ ഷിൽജി ഹാട്രിക് നേടി. മാർച്ച് 26നു ഭൂട്ടാനുമായുള്ള മത്സരത്തിൽ 5 ഗോളുകളാണ് ഷിൽജി നേടിയത്. 8 ഗോൾ നേടി ടൂർണമെന്റിലെ ടോപ് സ്കോററായി. ശക്തമായ ഇന്ത്യയുടെ പ്രതിരോധ നിരയിൽ വലതു വശം കാത്തത് പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിനിയായ അഖില രാജനാണ്. 4 മത്സരങ്ങൾ നിന്ന് 4 ഗോളുകൾ മാത്രമാണ് ഇന്ത്യ വഴങ്ങിയത്.
ടൂർണമെന്റിലെ വിജയി റഷ്യയാണ്. ബംഗ്ലദേശാണ് രണ്ടാമത്. ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം.ഈ ടൂർണമെന്റിന് ശേഷം അണ്ടർ 17 ഏഷ്യ കപ്പ് കളിക്കാനായി കിർഗിസ്ഥാനിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഇരുവരും. മേയിൽ നടക്കാൻ സാധ്യതയുള്ള പത്താംക്ലാസ് സേ പരീക്ഷ എഴുതണമെന്നാണ് ഇരുവരുടെയും ആഗ്രഹം. സേ പരീക്ഷയിൽ 3 വിഷയം മാത്രമേ എഴുതാൻ അനുവദിക്കാറൂള്ളു.
എന്നാൽ പ്രത്യേക പരിഗണന നൽകി രാജ്യത്തിന്റെ അഭിമാനമായ ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് ഡിഇഒ വഴി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ് സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് നരോത്ത്. വകുപ്പിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.