ADVERTISEMENT

താഴെചൊവ്വ ∙ നിർദിഷ്ട റെയിൽവേ ഗേറ്റ്–സ്പിന്നിങ് മിൽ ബൈപാസ് റോഡിനു വേണ്ടി അതിർത്തി നിർണയിച്ച് കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടമ്മമാർ തടഞ്ഞു. പൊലീസ് കാവലിൽ അധികൃതർ കുറ്റികൾ സ്ഥാപിച്ചു. ഇന്നലെ രാവിലെ 10 നാണ് തെഴുക്കിൽ‌ പിടിക–മരക്കാർക്കണ്ടി റോഡിലെ സ്പിന്നിങ് മില്ലിനു സമീപം അധികൃതർ എത്തിയത്. കുറ്റി സ്ഥാപിക്കുമ്പോൾ പ്രതിഷേധം ഉണ്ടാകുമെന്ന കണക്ക് കൂട്ടലിൽ കണ്ണൂർ സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു.

ആദ്യം സ്പിന്നിങ് മിൽ വളപ്പിലാണ് കുറ്റിയിടൽ നടത്തിയത്. സ്പിന്നിങ് മില്ലിന്റെ ഉടമസ്ഥതയിലുള്ള 14 സെന്റ് സ്ഥലവും കെട്ടിടത്തിന്റെ കുറച്ച് ഭാഗവും റോഡിന് ഏറ്റെടുക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് സ്പിന്നിങ് മില്ലിനു പിറകിലെ സ്ഥലത്ത് കുറ്റിയിടാനൊരുങ്ങുമ്പോഴാണ് വീട്ടമ്മമാർ പ്രതിഷേധവുമായി എത്തിയത്. കുറ്റി സ്ഥാപിക്കാൻ എത്തിയ ജീവനക്കാരെ വീട്ടുപറമ്പിൽ പ്രവേശിക്കാൻ അനുവദിക്കാതെ വീടുകളുടെ ഗേറ്റ് പൂട്ടിയിട്ടായിരുന്നു പ്രതിഷേധം.

വീട്ടിൽ പുരുഷന്മാർ ഇല്ലെന്നും അതിക്രമിച്ച് കയറരുതെന്നും ഇവർ വാദിച്ചെങ്കിലും പൊലീസ് കാവലിൽ മതിൽ ചാടിക്കടന്നാണ് ജീവനക്കാർ കുറ്റി സ്ഥാപിച്ചത്. കുറ്റി സ്ഥാപിക്കുന്നതും തടഞ്ഞെങ്കിലും വനിതാ പൊലീസ് ഇടപെട്ട് പിടിച്ച് മാറ്റി. സമീപത്ത് കാനാംപുഴയിൽ ബണ്ട് പാലം നിർമിക്കുന്നുണ്ട്. ഇത് പൂർത്തിയായാൽ ഇപ്പോൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന റോഡിന്റെ ആവശ്യം വരില്ല, സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി യാഥാർഥ്യമായാലും താഴെചൊവ്വ റെയിൽവേ ഗേറ്റ് സ്പിന്നിങ് മിൽ റോഡിന്റെ പ്രസക്തി നഷ്ടപ്പെടും.

കണ്ണൂർ ബൈപാസ് പൂർത്തിയായാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനെന്ന് പറഞ്ഞ് നിർമിക്കുന്ന നിർദിഷ്ട പദ്ധതി ഉപയോഗ ശൂന്യമാകും. ഭൂമാഫിയയെ സഹായിക്കാനാണ് യാതൊരു പ്രയോജനവുമില്ലാതെ ഏറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് നിർമിക്കുന്ന ഈ റോഡ് പദ്ധതിയെന്ന് വീട്ടമ്മമാർ കുറ്റിയിടാനെത്തിയയ ഉദ്യോഗസ്ഥരോടും പൊലീസിനോടും പരാതിപ്പെട്ടു.

വെത്തിലപ്പള്ളി കൗൺസിലർ സി.എച്ച്.ആസിമയും പ്രതിഷേധവുമായി സ്ഥലത്തുണ്ടായിരുന്നു. സ്പിന്നിങ് മിൽ വളപ്പിൽ അധികൃതർ കുറ്റിയിടാനെത്തിയപ്പോൾ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 13.6 മീറ്റർ വീതിയും 800 മീറ്റർ നീളവും ഉള്ള നിർദിഷ്ട റെയിൽവേ ഗേറ്റ്–സ്പിന്നിങ് മിൽ റോഡ് പദ്ധതിക്ക് 23 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com