ഇരിട്ടി∙ പായം പഞ്ചായത്തിൽ പെട്ട നാട്ടേൽ നെല്ലിക്കുന്നേൽ സുനിൽ മാത്യുവിന്റെ ഫാമിലെ പന്നികളിൽ കണ്ടെത്തിയത് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്നു ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു.
പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള നാട്ടേൽ പുത്തേട് ഹൗസിലെ ആന്റണി, അയ്യൻകുന്ന് മുണ്ടായംപറമ്പിലെ ചെറുവള്ളിൽ കുര്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള 2 പന്നി ഫാമുകളിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും.
ഈ പ്രദേശങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതും ഇത്തരം കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നു നിരീക്ഷണ മേഖലയിലേക്കു കൊണ്ടു വരുന്നതും 3 മാസത്തേക്ക് നിരോധിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമിൽ നിന്ന് മറ്റ് പന്നി ഫാമുകളിലേക്കു കഴിഞ്ഞ 2 മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്കു കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർടിഒയുമായും ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തണം. അതേസമയം, രോഗലക്ഷണങ്ങൾ കണ്ടെത്തിയപ്പോൾ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. എസ്.ജെ.ലേഖ അറിയിച്ചു.