ADVERTISEMENT

പാനൂർ ∙ ചമ്പാട്ടെ ‘ആനന്ദം’ ഇന്നലെ ആനന്ദലഹരിയിലായിരുന്നു. ഗുരുശിഷ്യ ബന്ധത്തിന്റെ അനിർവചീനയമായ മുഹൂർത്തങ്ങൾക്കു വീട് ഇന്നലെ സാക്ഷിയായി. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എന്ന പ്രിയ ശിഷ്യൻ വീട്ടിൽ നേരിട്ടെത്തിയതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് രത്ന നായർ. എല്ലാ മാധ്യമങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ഇന്നലെ ആനന്ദവീട്ടിലേക്കായിരുന്നു. 1968ൽ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിലാണ് ജഗദീപ് ധൻകറെ രത്ന ടീച്ചർ പഠിപ്പിച്ചത്.

രാജ്യത്തിന്റെ ഉന്നത പദവിലെത്തിയ പ്രിയ ശിഷ്യനെ പതിറ്റാണ്ടുകൾക്കു ശേഷം 83ാം വയസിൽ നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിന് അതിരുകളില്ല. ടീച്ചറുടെ ആരോഗ്യ കാര്യവും കുടുംബവിശേഷങ്ങളും ഉപരാഷ്ട്രപതി ചോദിച്ചറിഞ്ഞു. ഗുരുവിനു കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദർശനമെന്ന് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനു ശേഷം രത്ന ടീച്ചർ പറഞ്ഞു. ‘ഇത്രയും അകലെ നിന്നാണ് എന്നെ കാണാൻ അദ്ദേഹമെത്തിയത്. ജഗ്ദീപ് ധൻകറിലൂടെ അദ്ദേഹത്തിന്റെ ഗ്രാമം പ്രസിദ്ധമായി. ഇവിടെ വന്നതു കൊണ്ട് ചമ്പാട് ഗ്രാമവും പ്രശസ്തമായി. ശിഷ്യന്മാർ ഉന്നത സ്ഥാനങ്ങളിലെത്തുന്നതാണ് അധ്യാപകർക്കു ചാരിതാർഥ്യം നൽകുക. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല. ക്ലാസിൽ അനുസരണയും അച്ചടക്കവുമുള്ള കുട്ടിയായിരുന്നു ജഗ്ദീപ്.

പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും മികവുണ്ടായിരുന്നു. നന്നായി സംസാരിക്കും. കായിക താരവുമായിരുന്നു. ബോർഡിങ് സ്കൂളായതിനാൽ, കുട്ടികൾ 9 മാസവും അധ്യാപകർക്കൊപ്പമാണു കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അധ്യാപകരും വിദ്യാർഥികളും തമ്മിൽ നല്ല അടുപ്പമുണ്ടാകും. രക്ഷിതാക്കൾ വല്ലപ്പോഴുമാണു വരിക. എന്നാൽ, ജഗ്ദീപിന്റെയും സഹോദരന്റെയും പഠനപുരോഗതി വിലയിരുത്താൻ, അവരുടെ പിതാവ് ഓരോ മാസവും സ്കൂളിലെത്തുമായിരുന്നു.’ രത്ന ടീച്ചർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com