ADVERTISEMENT

കണ്ണൂർ∙ 2,000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ ജില്ലയിലെ ബാങ്കുകളിൽ ആളുകൾ എത്തിത്തുടങ്ങി. ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളതിനാൽ ആശങ്കയില്ലാതെ നോട്ടുകൾ മാറിയെടുക്കാം. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറാൻ സമയമുണ്ട്. ഈ കാലയളവിൽ ബാങ്കുകളിൽ 2000 രൂപ നിക്ഷേപിക്കുകയും ചെയ്യാം.

ബാങ്കുകളിൽ സൗകര്യം

2000 രൂപ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും ബാങ്കുകളിൽ മുൻഗണന നൽകുന്നുണ്ട്. കുടിവെള്ള സൗകര്യവും ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. പൊതുവേ തിരക്കുള്ള ബാങ്കുകളിൽ നോട്ടുകൾ കൈകാര്യം ചെയ്യാനായി പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

ട്രഷറികൾ

സർക്കാർ നിർദേശത്തെ തുടർന്ന് 2000 രൂപയുടെ നോട്ടുകൾ ട്രഷറികളിലും സ്വീകരിക്കാൻ തുടങ്ങി. ചലാൻ ഉൾപ്പെടെയുള്ള ട്രഷറി വിനിമയത്തിൽ 2000 നോട്ടുകൾ സ്വീകരിക്കും. സാധാരണ കൗണ്ടറുകളിൽ തന്നെ നോട്ടുകൾ സ്വീകരിക്കും. ബാങ്കുകളിലേതു പോലെ ട്രഷറിയിൽ നോട്ടുകൾ മാറി നൽകുന്നില്ല. സേവനങ്ങൾക്കും നിക്ഷേപത്തിനുമായാണ് 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നത്.

തിരിച്ചറിയൽ രേഖ ആവശ്യമില്ല

ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ മാറിയെടുക്കാൻ തിരിച്ചറിയൽ രേഖ ആവശ്യമില്ല. പ്രത്യേക ഫോമും പൂരിപ്പിച്ചു നൽകേണ്ടതില്ല. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറ്റിയെടുക്കാം. ഇതിനു പ്രത്യേക ചാർജും നൽകേണ്ട. അതേ സമയം കൂടുതൽ തുക ബാങ്കുകളിൽ നിക്ഷേപിക്കുമ്പോൾ നിയമപ്രകാരമുള്ള നടപടി ബാധകമാകും. പാൻ കാർഡ് ഹാജരാക്കണം. സഹകരണ ബാങ്കുകളിലും 2000 രൂപ നൽകി മാറ്റിയെടുക്കാം.

മഷി പുരട്ടലില്ല, ദുരിതവും

2016ലെ നോട്ട് നിരോധനത്തെ തുടർന്ന് നോട്ടുകൾ മാറി ലഭിക്കാനുണ്ടായിരുന്നതു പോലെ നൂലാമാലകൾ 2000 രൂപയുടെ നോട്ടിന്റെ കാര്യത്തിലില്ല. ഗൂഗിൾ പേ, ഫോൺ പേ, എടിഎം കാർഡ് എന്നിങ്ങനെ ഇടപാട് നടക്കുന്നതിനാൽ 2000 രൂപ നോട്ട് പൊതുവിൽ പരിമിതമാണ്. എടിഎം കൗണ്ടറുകളിലും ബാങ്കുകളിലും 2000 രൂപ നോട്ടുകൾ നൽകുന്നത് നിർത്തിയിരുന്നു. 2000 രൂപയുടെ നോട്ടുകൾ അധികം ആളുകളുടെ കൈകളിലില്ലാത്തതിനാൽ തിരക്കില്ലാതെ നോട്ടുകൾ മാറി ലഭിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com