5 പേർ തൂങ്ങി മരിച്ച നിലയിൽ; കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മയും സുഹൃത്തും തൂങ്ങിമരിച്ചെന്ന് നിഗമനം

Mail This Article
ചെറുപുഴ (കണ്ണൂർ) ∙ പാടിയോട്ടുചാൽ വാച്ചാലിൽ അമ്മയും 3 കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലു പേരും ഒപ്പം താമസിക്കുന്ന സുഹൃത്തും വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നടുക്കുടി ശ്രീജ (38), സുഹൃത്തായ മുളപ്രവീട്ടിൽ ഷാജി (40), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരെയാണ് ഇന്നലെ രാവിലെ ആറരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ സ്ഥിരമായി തർക്കവും വഴക്കുമുണ്ടാകാറുണ്ടെന്നും കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തതാകാനാണു സാധ്യതയെന്നും പൊലീസ് പറഞ്ഞു. സൂരജിനെ കെട്ടിത്തൂക്കിയതു ജീവനോടെയാണെന്നും സുജിൻ, സുരഭി എന്നിവരെ കെട്ടിത്തൂക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്നുമാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷാജിയുടെയും ശ്രീജയുടെയും ആത്മഹത്യ തൂങ്ങിമരണമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ വയറ്റിൽ ഗ്രാമ്പൂ അടക്കമുള്ള ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊല്ലാൻ എന്താണു ഉപയോഗിച്ചതെന്ന് അറിയാൻ ആന്തരികാവയവങ്ങളുടെ പരിശോധന പൂർത്തിയാകണം.
3 കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്കഗുളിക നൽകിയതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, ഉറക്കഗുളികകളോ മയക്കു മരുന്നോ വീട്ടിൽ നിന്നു ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 5 പേരുടെയും ദേഹത്ത് കാര്യമായ മുറിവുകളും കണ്ടെത്തിയിട്ടില്ല. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. ശ്രീജയെയും ഷാജിയെയും വീട്ടിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ശ്രീജയുടെ ഭർത്താവ് സുനിൽ ചെറുപുഴ പൊലീസിനു നൽകിയ പരാതിയിൽ, ഇന്നലെ രാവിലെ മധ്യസ്ഥ ചർച്ച നടക്കാനിരിക്കെയാണു സംഭവം.
കുട്ടികളെ കൊന്നതായും ഷാജിയും താനും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ചെറുപുഴ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ 6 മണിയോടെ ശ്രീജയും ഷാജിയും ഫോൺ ചെയ്തു പറഞ്ഞിരുന്നു. അര മണിക്കൂറിനകം പൊലീസെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. ചെങ്കൽ പണയിൽ ജോലി ചെയ്യുന്ന പാടിയോട്ടുചാൽ കൊരമ്പക്കല്ല് വെമ്പിരിഞ്ഞൻ സുനിലാണു മരിച്ച ശ്രീജയുടെ ഭർത്താവ്. ഇവർ തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല. മരിച്ച 3 കുട്ടികളും ഈ ബന്ധത്തിലുള്ളതാണ്. ഷാജി വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഗീതയാണു ഭാര്യ. ഈ വിവാഹ ബന്ധവും വേർപെടുത്തിയിട്ടില്ല.
ഹോം നേഴ്സായും നിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ശ്രീജയും നിർമാണത്തൊഴിലാളിയായ ഷാജിയും തമ്മിൽ പരിചയപ്പെട്ടിട്ട് 8 മാസമേ ആയിട്ടുള്ളൂവെന്നു പൊലീസ് പറഞ്ഞു. ഇരുവരും ഈ മാസം 16ന് ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചതിന്റെ ഫോട്ടോയുണ്ടെങ്കിലും വിവാഹം ഔദ്യോഗികമായി റജിസ്റ്റർ ചെയ്തതായി വിവരമില്ല.