ADVERTISEMENT

ലോക്​ഡൗൺ സമയത്തു ജില്ലയിൽ വെട്ടിക്കുറച്ച 21 സർവീസുകളും മലയോര മേഖലകളിലേത്; ദുരിതം

∙ശ്രീകണ്ഠപുരം നഗരസഭാപരിധിയിലാണു പന്നിയാൽ സ്വദേശിക്കു ജോലി. ചെറിയ വരുമാനമേയുള്ളൂ. പ്രളയവും കോവിഡും നൽകിയ തിരിച്ചടികളിൽനിന്നു കരകയറാൻ പരമാവധി അധ്വാനിക്കുന്നുണ്ടെങ്കിലും യാത്ര വില്ലനായി. ദിവസവരുമാനത്തെക്കാൾ കൂടുതൽ തുക നൽകണം, വീട്ടിലേക്കു തിരിച്ചെത്താൻ. രാത്രിയാത്രയാതോടെ ദിവസവും ഓട്ടോയ്ക്കു നൽകേണ്ടി വരുന്നതു മുന്നൂറു രൂപയിലധികം. ജോലി ചെയ്യുന്നതു മുഴുവൻ യാത്രക്കൂലിയായി നൽകേണ്ടി വരും. 

∙ഇരിട്ടി, പേരാവൂർ മേഖലകളിൽ സ്കൂളിൽ പോകാൻ ബസില്ലാത്തതുകൊണ്ടു വിദ്യാർഥികൾ നടക്കേണ്ടി വരുന്നത് ആറും ഏഴും കിലോമീറ്റർ. സ്വകാര്യ ബസ് സർവീസുകളോ സ്കൂൾ ബസ് സൗകര്യമൊന്നും ഇല്ലാത്ത മലയോര മേഖലയിൽ കെഎസ്ആർടിസി ബസുകൾ വിദ്യാർഥികൾക്ക് ഏറെ ആശ്വാസമായിരുന്നു. പക്ഷേ, നിലവിൽ, പല സർവീസുകളും മുടങ്ങിക്കിടപ്പാണ്.

ഉൾ‍നാടൻ ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്കാണ് ഏറ്റവും ദുരിതം. യാത്രാസൗകര്യം ഇല്ലാതായതിനെത്തുടർന്നു കുട്ടികൾ സ്കൂളിൽ വരുന്നതു കുറഞ്ഞെന്നും ചില സ്കൂളുകളിൽ ഇത്തവണ ഒന്നാം ക്ലാസ് പ്രവേശനത്തിനു പോലും വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ എത്തുന്നുള്ളൂവെന്നും ആരോപണമുണ്ട്. 

∙ചികിത്സയ്ക്കായി യാത്ര ചെയ്യേണ്ടിവരുന്ന പലരും ബസ് സർവീസില്ലാത്തതിനാൽ ദുരിതത്തിലാണ്. ഡയാലിസിസ് ആവശ്യമുള്ള രോഗികളുണ്ട്. ആഴ്ചയിലോ മാസത്തിലോ സ്ഥിരമായ നഗരത്തിലെ ആശുപത്രിൽ പോകേണ്ടവരുണ്ട്. മരുന്നിനു പോലും പണം തികയാതെ വരുന്ന സമയത്താണു പലരും 450 രൂപ വരെ മുടക്കി ഓട്ടോയിൽ കയറുന്നത്. ബസിനെ ആശ്രയിച്ചിരുന്ന സമയത്തു യാത്രാച്ചെലവിനു പണം കണ്ടെത്താൻ എളുപ്പമായിരുന്നെന്നു രോഗികൾ പറയുന്നു. 

∙മലയോരമേഖലയിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചതോടെ ബുദ്ധിമുട്ടിലാകുന്നതു യാത്രക്കാരാണ്. കോവിഡ് ലോക്​ഡൗൺ സമയത്തു ജില്ലയിൽ വെട്ടിക്കുറച്ച 21 സർവീസുകളും ഇരിട്ടി, പേരാവൂർ മലയോര മേഖലകളിലാണ്. ഇതിൽത്തന്നെ 14 ബസ് സർവീസുകളുമുള്ളത് ഇരിട്ടി മേഖലയിൽ. ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും ഇതിൽ ഉൾപ്പെടും.

കോവിഡിനു ശേഷം ഈ സർവീസുകൾ പുനരാരംഭിക്കുമെന്നായിരുന്നു കരുതിയതെങ്കിലും ഇതുവരെയും നടപടിയില്ല. ഇരിട്ടിയിൽ സർ‍വീസുകൾ എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും നടപടിയുണ്ടായില്ലെന്നു മാത്രമല്ല, അനുവദിച്ച രണ്ടു സർവീസുകളിൽ ഒന്ന് ഇപ്പോൾ പ്രവർത്തനരഹിതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com